മിന്നൽ മുരളിയിൽ ടോവിനോ | ഫോട്ടോ: www.facebook.com|ActorTovinoThomas
ആപത്തുവരുമ്പോൾ കാവലായി, രക്ഷകനായി ഒരാൾ അവതരിക്കുന്നത് ചെറുപ്പത്തിൽ നമ്മൾ കഥകളിൽ വായിച്ചിട്ടുണ്ടാകും. അല്പം കൂടി മുതിർന്നാൽ അത് അനിമേഷൻ സിനിമകളിലേക്കും ഹോളിവുഡ് സൂപ്പർ ഹീറോ സിനിമകളിലേക്കും ചുവടുമാറും. ഹോളിവുഡിലെ അതിമാനുഷിക കഴിവുള്ള നായകരെ കാണുമ്പോൾ സ്വാഭാവികമായും നമ്മുടെ മനസിൽ വരുന്ന ഒരു ചോദ്യമുണ്ട്. എന്നായിരിക്കും മലയാള സിനിമയിൽ ഇങ്ങനെയൊരു അവതാരപ്പിറവിയെന്ന്. അതിനുള്ള ഉത്തരമാണ് മിന്നൽ മുരളി.
ഒരു പ്രത്യേക സാഹചര്യത്തിൽ ജയ്‌സൺ എന്ന തയ്യൽക്കാരന് മിന്നലേൽക്കുന്നതും സൂപ്പർ പവർ ലഭിക്കുന്നതുമാണ് ചിത്രത്തിന്റെ അടിസ്ഥാനകഥ. ജയ്‌സന്റെ മിന്നൽ മുരളിയായുള്ള പരിണാമമാണ് പിന്നീട് ചിത്രം പറയുന്നത്. പ്രണയവും നിരാശയും നഷ്ടപ്പെടുത്തലുകളുമെല്ലാം ജയ്‌സന്റെ വളർച്ചയ്ക്ക് ബലമാകുന്നുണ്ട്. കുറുക്കൻമൂല എന്നുപേരുള്ള സാങ്കൽപ്പിക ഗ്രാമമാണ് മിന്നൽമുരളിയുടെ വിളനിലം. മുണ്ടുടുത്ത് അതിമാനുഷികത കാണിക്കുന്ന തനി നാടൻ സൂപ്പർഹീറോയായിട്ടാണ് മുരളിയെ അവതരിപ്പിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമകളിലെന്ന പോലെ അത്യാവശ്യം തല്ലുകൊള്ളാനും മുരളിക്ക് മടിയില്ല.
സൂപ്പർ ഹീറോ ചിത്രമാണെങ്കിൽക്കൂടി മലയാളികൾക്ക് ദഹിക്കുന്ന രീതിയിലുള്ള അതിമാനുഷികതയേ ചിത്രത്തിൽ മുരളി കാണിക്കുന്നുള്ളൂ എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. നാട്ടിൻപുറത്ത് നടക്കുന്ന കഥയായതുകൊണ്ട് തന്നെ കാണുന്ന പ്രേക്ഷകന് പെട്ടന്ന് മനസിൽ നിൽക്കുന്ന പേരുകൾ തന്നെയാണ് കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്നതും. പ്രധാനപ്പെട്ടതും അല്ലാത്തതുമായ കഥാപാത്രങ്ങളിലൂടെ മിന്നൽ മുരളി എന്ന പേര് സിനിമയിലുടനീളം നിറഞ്ഞുനിൽക്കുന്നുണ്ട്. ഷാൻ റഹ്മാനും സുഷിൻ ശ്യാമും ഒരുക്കിയ സംഗീതം മിന്നൽ മുരളി എന്ന സിനിമയ്ക്കും കഥാപാത്രത്തിനും നൽകുന്ന ഊർജം ചില്ലറയല്ല.
കുഞ്ഞിരാമായണത്തിലും ഗോദയിലുമെന്ന പോലെ വേണ്ട സ്ഥലത്ത് കോമഡിയും സെന്റിമെന്റ്‌സുമെല്ലാം കൃത്യമായി ചേർത്തിരിക്കുന്ന ബേസിൽ ജോസഫ് ടച്ച് ചിത്രത്തിനുണ്ട്. മുരളിയും എതിരാളിയായ ഷിബുവും തമ്മിലുള്ള കൊമ്പുകോർക്കലാണ് ചിത്രത്തിനെ പിടിച്ചിരുത്തുന്നതാക്കുന്ന ഘടകം. ഇരുവരും തമ്മിലുള്ള പോരാട്ടത്തിൽ ജയപരാജയങ്ങൾ രണ്ടുപേർക്കും മാറിമാറി വരുന്നു. കൈവിട്ടുപോകാവുന്ന ഒരു പ്രമേയത്തെ ലളിതവും അതേസമയം ത്രില്ലിങ്ങോടെയും ഒരുക്കിയതിൽ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരും നിർമാതാവ് സോഫിയാ പോളും കയ്യടി അർഹിക്കുന്നു.
മിന്നൽ മുരളി എന്ന ജയ്‌സണായി സൂപ്പർ ഹീറോ പരിവേഷത്തിലുണ്ട് ടോവിനോ. ടോവിനോയുടെ സിനിമാ ജീവിതം ഇനി മിന്നൽ മുരളിക്ക് മുമ്പും ശേഷവും എന്ന രീതിയിൽ അടയാളപ്പെടും. പ്രതിനായകനായെത്തിയ ഗുരു സോമസുന്ദരത്തിന്റെ പ്രകടനത്തേക്കുറിച്ച് പറയാതിരിക്കാൻ നിവൃത്തിയില്ല. ഒരു വില്ലന് ഇത്രയധികം നിഷ്‌കളങ്കനും അതേസമയം പ്രതികാരദാഹിയുമാകാൻ സാധിക്കുമോ എന്ന് സംശയം. സാധാരണഗതിയിൽ ഒരു വില്ലനോട് തോന്നുന്ന വെറുപ്പ് ഒരിടത്തുപോലും ഈ കഥാപാത്രത്തോട് തോന്നില്ല എന്നതാണ് വാസ്തവം. മിന്നൽ മുരളിയ്‌ക്കൊപ്പം വളർന്നുവരുന്ന സങ്കീർണതകൾ നിറഞ്ഞ കഥാപാത്രമായിരുന്നു ഇതും. ഷെല്ലി കിഷോറിന്റെ ഉഷയും ഹരിശ്രീ അശോകന്റെ ദാസനും മികച്ചു നിന്നു. ബ്രൂസ് ലീ ബിജിയായെത്തിയ ഫെമിന ജോർജ്, അജു വർഗീസ്, ബൈജു എന്നിവരും മികച്ചുനിന്നു.
ക്ലൈമാക്‌സിലെ സംഘട്ടനരംഗത്തേക്കുറിച്ച് പറയാതെ പോയാൽ മിന്നൽ മുരളിയേക്കുറിച്ചുള്ള ഈ ആസ്വാദനക്കുറിപ്പ് പൂർണമാകാതെ വരും. മലയാള സിനിമയിൽ അടുത്തകാലത്ത് വന്നിട്ടുള്ള ആക്ഷൻ രംഗങ്ങളിൽ മുൻപന്തിയിലുണ്ടാകും വ്ളാഡ് റിമ്പർഗ് ഒരുക്കിയ സംഘട്ടനരംഗം. എന്തായാലും തീയേറ്റർ കാഴ്ചയുടെ നഷ്ടം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രങ്ങളിൽ മിന്നൽ മുരളിയുമുണ്ടാകും.
Content Highlights: minnal murali movie review, tovino thomas, basil joseph


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..