ഫോട്ടോ: Screengrab - Meow Trailer
അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ലാൽ ജോസും തിരക്കഥാകൃത്ത് ഡോ. ഇക്ബാൽ കുറ്റിപ്പുറവും ഒന്നിക്കുന്ന ചിത്രമാണ് 'മ്യാവൂ'. അറബിക്കഥയും ഡയമണ്ട് നെക്ലേസും പോലെ തന്നെ പ്രവാസ ജീവിതമാണ് ഇവിടെയും പ്രമേയമാകുന്നത്. സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദസ്തക്കീറിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഗൾഫിൽ ജീവിക്കുന്ന ഒരു സാധാരണ മലയാളി കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പൂർണമായും യുഎഇയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് മ്യാവൂ. മലയാളത്തിൽ ഏറെ നാളുകൾക്കുശേഷം എത്തുന്ന ഒരു ‘ഫാമിലി ഡ്രാമ’ ചിത്രം കൂടിയാണിത്.
സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരിശ്രീ യൂസഫും സലിം കുമാറും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആലുവ സ്വദേശിയായ ദസ്തക്കീറിന്റെ റാസ് അൽ ഖൈമയിലെ ജീവിതകഥയാണ് ചിത്രത്തിൽ ലാൽ ജോസ് മ്യാവൂ എന്ന ചിത്രത്തിലൂടെ പറയുന്നത്. ദസ്തിക്കറിന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
ചിത്രത്തിന്റെ പേരുപോലെ ചിത്രത്തിലുടനീളം ഒരു പ്രധാന കഥാപാത്രമായി തന്നെ ഡയാന എന്ന പൂച്ചയും ദസ്തക്കീറിന്റെ ജീവിതവുമായി ചേർന്നുനിൽക്കുന്നു. ദസ്തക്കീറിന് ഉണ്ടാകുന്ന മാറ്റവും അത് അയാളുടെ കുടുംബജീവിതത്തിൽ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നുള്ളതാണ് വലിയ ട്വിസ്റ്റുകളോ ടേണുകളോ ഇല്ലാതെ നർമത്തിൽ പൊതിഞ്ഞ് ചിത്രത്തിൽ പറഞ്ഞുപോകുന്നത്.
കേന്ദ്ര കഥാപാത്രമായ ദസ്തക്കീറിനെ സൗബിൻ മനോഹരമായി അവതരിപ്പിച്ചു. ദസ്തക്കീർ കടന്നുപോകുന്ന മാനസികാവസ്ഥയും ബുദ്ധിമുട്ടുകളും പ്രേക്ഷകരിലേക്കെത്തിക്കാൻ സൗബിന് കഴിഞ്ഞിട്ടുണ്ട്. സുലെെഖയായി മംമ്ത മോഹൻദാസും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ദസ്തക്കീറിന്റെ ഡ്രെെവർ ചന്ദ്രേട്ടനായുള്ള ഹരിശ്രീ യൂസഫിന്റെ പ്രകടനം ശ്രദ്ധേയമാണ്. ഉസ്താദായി സലിം കുമാറും തന്റെ വേഷം മികച്ചതാക്കി. ചിത്രത്തിൽ ദസ്തക്കീറിന്റെ മക്കളായി അഭിനയിച്ച തമന്ന പ്രമോദും ഭഗത് എബ്രിഡും മാനസ മനോജും അവരവരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തു.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അജ്മല്‍ സാബുവാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സാണ് സംഗീതം നൽകിയിരിക്കുന്നത്. രഞ്ജൻ എബ്രഹാമാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
Content Highlights: meow malayalam movie review soubin shahir mamta mohandas laljose
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..