
പുഴുവിൽ മമ്മൂട്ടി | ഫോട്ടോ: www.facebook.com/Mammootty
കാണാന്‍ ചെറുതും ചിലപ്പോള്‍ ഭംഗിയുള്ളതുമൊക്കെയാണെങ്കിലും അറപ്പോടെയാണ് പുഴു എന്ന ജീവിയെ നമ്മള് കാണാറുള്ളത്. കാണുന്നവരില്‍ അസ്വസ്ഥതയുണ്ടാക്കുന്നവയെ വിശേഷിപ്പിക്കുന്ന പദമായും പുഴു പിന്നീട് മാറി. അങ്ങനെ ഒരുതരം അസ്വസ്ഥത സമ്മാനിക്കുന്ന ചിത്രമാണ് നവാഗതയായ രത്തീന മമ്മൂട്ടിയെ നായകനാക്കിയൊരുക്കിയ പുഴു എന്ന ചിത്രം.
ഒറ്റനോട്ടത്തില്‍ പതിയെ സഞ്ചരിക്കുന്ന ഒരു ത്രില്ലറാണ് ചിത്രം. നായകന്റെ മനോനിലയും സ്വഭാവസവിശേഷതയുമാണ് സാധാരണ കണ്ടുവരുന്ന ത്രില്ലറുകളില്‍ നിന്ന് പുഴുവിനെ വ്യത്യസ്തമാക്കുന്നത്. ഒരു ഫ്ളാറ്റില്‍ മകനൊപ്പം ജീവിക്കുന്ന ഉന്നതകുലജാതനായ പോലീസ് ഉദ്യോഗസ്ഥനായ നായകന്. അവര്‍ക്കിടയിലേക്ക് വരുന്ന താഴ്ന്ന ജാതിയില്പ്പെട്ടതും നാടകനടനുമായ ഒരുവനെ വിവാഹം ചെയ്ത നായകന്റെ സഹോദരി. ഇവര്‍ക്കിടയില്‍ നടക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തെ നയിക്കുന്നത്.
കുലമഹിമയില്‍ രമിക്കുന്ന നായകനാണ് ചിത്രത്തില്‍. സ്കൂള്‍ വിദ്യാര്‍ത്ഥിയായ സ്വന്തം മകന് എങ്ങനെ നടക്കണം, എങ്ങനെ ഇരിക്കണം, എന്ത് കഴിക്കണം, എങ്ങനെ പല്ലുതേക്കണം എന്നുവരെ തീരുമാനിക്കുന്നത് ഇയാളാണ്. അസഹനീയമായ സവർണ മനോഭാവവും ജാതിചിന്തയാണ് ഇയാള്‍ വെച്ചുപുലര്‍ത്തുന്നത്. മകന് സഹപാഠിയുമായി ഭക്ഷണം പങ്കിടുന്നതോ കളിക്കുന്നതോ പോലും ജാതിയുടെ അളവുകോല്‍വെച്ചാണ് നായകന് അളക്കുന്നത്. നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതില്‍ തെറ്റില്ല, പക്ഷേ അവര്‍ തരുന്നത് നമുക്കാവശ്യമില്ലല്ലോ എന്ന ആ അച്ഛന്റെ ചോദ്യം പോലും ഈ ചിന്തയില്‍ നിന്നാണ് വരുന്നത്.
നിശ്ശബ്ദതയാണ് അയാളുടെ ലോകത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. മകനോട് അധികം സംസാരിക്കുന്നില്ലെങ്കിലും ശബ്ദമില്ലാത്ത, ആജ്ഞാശക്തിയില്‍ ഒരു ലോകം കെട്ടിപ്പടുക്കാനാണ് അയാളുടെ ശ്രമം. ഒരുനോക്കില്‍, സാന്ത്വനമെന്ന് നമുക്ക് തോന്നിക്കുന്ന ചുരുങ്ങിയ വാക്കുകളിലൂടെ മകനെ ഭീഷണിപ്പെടുത്താന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്. പക്ഷേ അയാള്‍ക്ക് ചുറ്റുമുള്ള ലോകം ശബ്ദങ്ങളുടേതാണെന്ന വൈരുധ്യവും കാണാതിരിക്കാനാവില്ല. ജോലിക്കാരന് കേള്‍വിക്കുറവുള്ളതുകൊണ്ട് ഉച്ചത്തില്‍ സംസാരിക്കുന്നയാളാണ്. ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാവുന്നതും പ്രഷര്‍ കുക്കറിന്റേതുമായ എല്ലാത്തരം ശബ്ദവും അയാളില്‍ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് ഉച്ചത്തില്‍ സംസാരിക്കേണ്ടുന്ന നാടക നടനാണെന്നതും ഏറെ ശ്രദ്ധേയമാണ്.
സൂപ്പര്താരപദവിയെന്ന വസ്ത്രം അഴിച്ചുവെച്ച് പകര്‍ന്നാടുന്ന മമ്മൂട്ടിയാണ് പുഴുവിന്റെ നെടുംതൂണ്. ഇമേജ് പോലും നോക്കാതെ ഇങ്ങനെയൊരു വേഷം ചെയ്ത അദ്ദേഹത്തിന് നിറഞ്ഞ കയ്യടി നല്‍കണം. കുലമഹിമ പ്രിവിലേജ് ആയി കൊണ്ടുനടക്കുന്ന, സ്വന്തം രക്തബന്ധങ്ങള്‍ പോലും അതിന് താഴെയാണെന്ന് കരുതി നടക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ ഗംഭീരമാക്കിയിട്ടുണ്ട് മമ്മൂട്ടി. ഇയാള്‍ക്ക് പക്ഷേ പേരില്ല. അടുപ്പമുള്ളവര്‍ കുട്ടന് എന്ന് വിളിക്കും. പക്ഷേ ഒരുപേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യമാണ് ഇദ്ദേഹത്തിന്റെ ചെയ്തികള്‍ കണ്ടാല്‍ ഉയരുക. പക്ഷേ കാര്‍ക്കശ്യം പുലര്‍ത്തുന്നുണ്ടെങ്കിലും പലപ്പോഴും മകന്റെ മുന്നില്‍ പരാജയപ്പെടുന്നുണ്ട് ഈ അച്ഛന്. സ്നേഹമുള്ള മകനും സഹോദരനുമെല്ലാമാണെങ്കിലും ഇതിനൊക്കെ മേല്‍ ഉയര്ന്നുനില്ക്കുന്നത്് താന്‍ സവര്‍ണനാണ് എന്ന ചിന്ത തന്നെയാണ്.
സിനിമയിലെ ഞെട്ടിക്കുന്ന മറ്റൊരു കഥാപാത്രം അപ്പുണ്ണി ശശി ചെയ്ത കുട്ടപ്പന് എന്ന നാടകനടനാണ്. കറുത്ത നിറമുള്ള കുട്ടപ്പന് ഭാര്യാസഹോദരനില്‍ ഏറ്റുന്ന വെറുപ്പ് ചില്ലറയല്ല. അകറ്റിനിര്‍ത്തിയ ഭാര്യാഗൃഹത്തിന്റെ അകത്തളത്തിലേക്ക് ചങ്കൂറ്റത്തോടെ കടന്നുചെല്ലുന്നുണ്ട് കുട്ടപ്പന്. അവിടടെയാര്‍ക്കും തങ്ങളെ വേണ്ട എന്ന തിരിച്ചറിവ് ലഭിക്കുന്ന കുട്ടപ്പന് ഭാര്യയുടെ കൈ പിടിച്ച് അഭിമാനത്തോടെ തല ഉയര്‍ത്തിയാണ് ഇറങ്ങിപ്പോരുന്നത്. അപ്പുണ്ണി ശശി തന്റെ സിനിമാ ജീവിതത്തില്‍ ഇത്രയും ദൈര്‍ഘ്യമുള്ള വേഷം ചെയ്തിട്ടുണ്ടാവില്ല. ഈ നടനെ മലയാള സിനിമ അടയാളപ്പെടുത്താന്‍ പോകുന്നതും കുട്ടപ്പനിലൂടെയായിരിക്കും.
കുട്ടപ്പന്റെ ഭാര്യയായെത്തിയ പാര്‍വതിയും മാസ്റ്റര്‍ വാസുദേവും രമേഷ്കോട്ടയവും ഇന്ദ്രന്‍സും കുഞ്ചനുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തേനി ഈശ്വറിന്റെ ക്യാമറയും ജേക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും സിനിമയിലെ അസുഖകരമായ കാഴ്ചകള്‍ക്ക് ബലമേകുന്നു. മമ്മൂട്ടി എന്ന നടന്റെ പുതിയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള ആര്‍ത്തി എന്താണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട് പുഴു. ആ നടനമികവിനായി, ഉള്ളിലേക്ക് അരിച്ചിറങ്ങുന്ന അനുഭവത്തിനായി കാണാം പുഴു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..