Photo-facebook.com/photo
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഫാസിലിന്റെ 'മലയന്‍കുഞ്ഞ്' പ്രദര്ശനത്തെത്തിയിരിക്കുകയാണ്. എ.ആര് റഹ്മാന്റെ സംഗീത സംവിധാനം, ഫാസിലിന്റെ നിര്‍മാണം എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളോടെയാണ് ചിത്രം പുറത്തിറങ്ങിയത്. ഇടുക്കിയെന്ന മലയോര പ്രദേശത്തെ കേന്ദ്രീകരിച്ചാണ് 'മലയന്‍കുഞ്ഞ്' വികസിക്കുന്നത്. ലാപ്ടോപ്പ് റിപ്പയര്‍ മുതല്‍ ഇലക്ട്രിക്ക് വര്‍ക്ക് വരെ ചെയ്യുന്ന അനിക്കുട്ടന് എന്ന യുവാവിന്റെ കഥ കൂടിയാണ് ചിത്രം. കുടുംബത്തിലെ ചില മുന്‍കാല പ്രശ്നങ്ങള്‍ അനിക്കുട്ടനെ വലയ്ക്കുന്നുണ്ട്. സ്വഭാവത്തിലും പെരുമാറ്റത്തിലും അപ്പാടെ മാറ്റങ്ങളാണ്. ഇടുക്കിയുടെ മലയോര പ്രദേശങ്ങളില്‍ തുടര്‍ക്കഥയാകുന്ന മണ്ണിടിച്ചില്‍ കഥ കൂടിയാണ് 'മലയന്‍കുഞ്ഞ്'.
പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന എന്നാല്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്നവര്‍. മഴക്കാലം വരുമ്പോള്‍ എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യുന്നവര്‍. വീടുപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരുന്ന ഇവരുടേത് കൂടിയാണ് 'മലയന്‍കുഞ്ഞ്'. ചുരുക്കം ചില കഥാപാത്രങ്ങളെ സ്ക്രീനിലെത്തുന്നുള്ളൂ. പക്ഷേ അതൊന്നും കഥയുടെ ആസ്വാദനത്തെ തെല്ലും ബാധിക്കുന്നില്ല. പാരിസ്ഥിതികമായും സാമൂഹികമായും ഏറെ പ്രശ്നമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ സങ്കീര്‍ണതകളില്ലാതെ മനസിലാക്കി തരാനും ചിത്രത്തിന് സാധിച്ചു.
എ.ആര് റഹ്മാന്റെ സംഗീത സംവിധാനം തന്നെയാണ് എടുത്തു പറയേണ്ട സവിശേഷത. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ പോലെയുള്ള ദുരന്തങ്ങളുടെ ഭീതി പശ്ചാത്തല സംഗീതം കൊണ്ടും മികച്ച രീതിയില്‍ ചിത്രം ഒരുക്കിയിട്ടുണ്ട്. വന്യമൃഗങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയോടു പൊരുതുന്ന മലയോര നിവാസികളുടെയും, കര്‍ഷകരുടെയും യഥാര്‍ത്ഥ ജീവിത കഥ കൂടിയാണ് 'മലയന്‍കുഞ്ഞ്'.
അനിക്കുട്ടനെന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഫഹദ് ഫാസിലാണ്. മഹേഷിന്റെ പ്രതികാരത്തിന് ശേഷമുള്ള ഇടുക്കി-ഫഹദ് ഫാസില്‍ കോമ്പിനേഷന്‍ കൂടിയാണ് 'മലയന്‍കുഞ്ഞ്'. ജാഫര്‍ ഇടുക്കിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ഇന്ദ്രന്‍സ്, ദീപക് പറമ്പോല്‍, രജീഷ വിജയന്, ജോണി ആന്റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ജോജിക്ക് ശേഷമുള്ള ഫഹദിന്റെ മികച്ച പ്രകടനം കൂടിയാണ് 'മലയന്‍കുഞ്ഞ്'. ചെറിയ രംഗങ്ങളിലൂടെ പ്രകൃതി ദുരന്തങ്ങളുടെ ഭീതി മഹേഷ് നാരായണന്റെ കഥയ്ക്ക് സാധിച്ചു. മണ്ണിടിച്ചില്‍ പോലെയുള്ള ദുരന്തങ്ങളുടെ ഭീതിയും അതേപടി ദൃശ്യാവിഷ്ക്കാരം നടത്താനും ചിത്രത്തിന് സാധിച്ചു. മണ്ണിടിച്ചില്‍ പോലെയുള്ള ദുരന്തങ്ങളുടെ ഭീതി വെള്ളിത്തിരയിലെത്തിക്കാൻ ഛായാഗ്രഹകനെന്ന നിലയിലും മഹേഷ് നാരായണന് സാധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..