ട്രെയിലറിൽനിന്ന്
'ഇന്നലെ ഒരു ഇന്‍ട്രസ്റ്റിംഗ് കേസ് വന്നു... രണ്ടാം ക്ലാസില്‍ പഠിക്കുന്ന കൊച്ചു പയ്യന്. ലെഷര്‍ പിരിഡില്‍ ടീച്ചര്‍ പിള്ളേരോടൊക്കെ ഓരോ കഥ പറയാന്‍ പറഞ്ഞു. ഈ കക്ഷി എഴുന്നേറ്റ് നിന്ന് ഉഗ്രന്‍ ഒരു കൊലപാതകക്കഥ. ടീച്ചറും പിള്ളേരും ഒക്കെ വിരണ്ടു...'
'' കഥ എന്തായിരുന്നു..?'
ട്രെയിലറില്‍ ഉയര്‍ന്നുകേട്ട ഈ സംഭാഷണശകലങ്ങളെ പിന്തുടര്ന്ന് കാഴ്ചക്കാരില്‍ ആകാംക്ഷയും ഉദ്വേഗവും നിറയ്ക്കുന്നു തീയേറ്ററുകളിലെത്തിയ നിഴല്‍. നിരവധി ചിത്രങ്ങള്‍ക്ക് എഡിറ്റിംഗ് നിര്‍വഹിച്ച അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി നിഴലിനുണ്ട്. ഇടക്കാലത്ത് ത്രില്ലര്‍ സിനിമകളോട് മലയാളികള്‍ക്കുള്ള താല്പര്യത്തെ മനസിലാക്കി കണ്ടുപരിചയിച്ച ത്രില്ലറുകളില്‍നിന്ന് വേറിട്ട ഒരു കാഴ്ചാനുഭവം നല്കാന് സംവിധായകന് ശ്രമിച്ചിരിക്കുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവം പുലര്‍ത്തുന്ന ചിത്രം തുടക്കം മുതലേ കാഴ്ചക്കാരില്‍ ദുരൂഹത നിറയ്ക്കുകയും ആവര്‍ത്തന വിരസമാകാത്ത വിധത്തില്‍ പ്രമേയത്തെ അവതരിപ്പിച്ച് ഫലിപ്പിക്കുകയും ചെയ്തിരിക്കുന്നു. എഡിറ്ററുടെ റോള്‍ മാത്രമല്ല സംവിധായകന്റെ റോളും തനിക്ക് നന്നായി യോജിക്കുമെന്ന് തെളിയിച്ചിരിക്കുന്നു അപ്പു ഭട്ടതിരി. സിനിമയുടെ തുടക്കം മുതലേ കടന്നു വരുന്ന ആകാംക്ഷയുടെയും ദുരൂഹതയുടെയും തീവ്രത അവസാനം വരെയും നിലനിര്‍ത്തുന്നതില്‍ സംവിധായകന് വിജയിച്ചിരിക്കുന്നു. ത്രില്ലര്‍ സിനിമകളുടെ എല്ലാ ചേരുവകളെയും ഉപയോഗപ്പെടുത്തി ഒട്ടും മുഷിപ്പിക്കാതെ കഥ പറഞ്ഞു എന്നതുതന്നെയാണ് നിഴലിന്റെ വിജയം.

കുഞ്ചാക്കോ ബോബന്റെ ജോണ്‍ ബേബി എന്ന കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റായ ജോണ്‍ ബേബിയുടെ മുന്നിലേക്ക് ഒരു ഘട്ടത്തില്‍ നിതിന്‍ എന്ന ഒരു കുട്ടി എത്തുകയും അവന് പറയുന്ന കൊലപാതക പരമ്പരകളുടെ ചുവടുപിടിച്ച് ചിത്രം കൂടുതല്‍ ഉദ്വേഗഭരിതമാകുകയും ചെയ്യുന്നു. യാഥാര്‍ഥ്യമോ സങ്കല്പമോ എന്ന ചോദ്യത്തെ കാഴ്ചക്കാരുടെ മനസില്‍ നിര്‍ത്തിക്കൊണ്ട് ഉത്തരം തേടുന്ന രീതിയിലാണ് ചിത്രത്തിന്റെ പോക്ക്. ഓരോ മനുഷ്യന്റെ ഉപബോധമനസ്സിലും സംഭവിക്കുന്ന പല കാര്യങ്ങളും ചിലപ്പോള്‍ യഥാര്ഥത്തിലുള്ളതാകാം എന്ന സംഗതിയെക്കൂടി ചിത്രം പ്രതിനിധീകരിക്കുന്നു. കാഴ്ചക്കാരനില്‍ വിശ്വാസ്യത ജനിപ്പിക്കുന്ന രീതിയില്‍ പ്രമേയത്തെ അവതരിപ്പിക്കുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. കഥ ആവശ്യപ്പെടുന്ന പരിസരങ്ങളും കഥാപാത്രങ്ങളും വളരെ കൃത്യമായിത്തന്നെ ചിത്രത്തില്‍ കടന്നുവരുന്നു. ഓരോ കഥാപാത്രത്തിനും കൃത്യമായി റോള്‍ നല്കാന് സംവിധായകന് ബോധപൂര്‍വംതന്നെ ശ്രമിച്ചിരിക്കുന്നു.
വെറുതെ വന്നുപോകാനായി ആരേയും ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ മെനക്കെട്ടിട്ടില്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ്. കുഞ്ചാക്കോ ബോബന്റെ ജോണ്‍ ബേബിക്കൊപ്പം കട്ടയ്ക്കുതന്നെ നില്ക്കുന്നു നയന്‍താരയുടെ ശര്‍മിള എന്ന കഥാപാത്രം. ഒരു ഘട്ടത്തില്‍ വളരെ നിര്‍ണായകമായ സ്ഥാനത്തേക്ക് വരുന്നുണ്ട് നയന്‍താരയുടെ കഥാപാത്രം. ഒപ്പതന്നെ സൈജു കുറുപ്പ്, റോണി ഡേവിസ്, ദിവ്യ പ്രഭ, ലാല്‍ എന്നിവരുടെയും റോളുകള്‍ ചിത്രത്തിന്റെ സ്വാഭാവിക ഒഴുക്കിനെ നിര്ണായകമാക്കിത്തീര്ക്കുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സഞ്ജീവ് എസ് ആണ്. ത്രില്ലറുകളുടെ എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്ന തരത്തില്‍ കഥയൊരുക്കാന്‍ സഞ്ജീവ് നടത്തിയ ശ്രമം കൈയടി അര്‍ഹിക്കുന്നതു തന്നെ ! സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയ സൂരജ് എസ് കുറുപ്പ് തന്റെ ജോലി നന്നായി ചെയ്തുവെന്നുതന്നെ പറയാം. ഓരോ നിമിഷങ്ങളിലും ഭീതിയുടേയും ആകാംക്ഷയുടേയും ഇഫക്ട് കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ സൂരജിന്റെ പശ്ചാത്തലസംഗീതത്തിന് കഴിഞ്ഞിരിക്കുന്നു. അപ്പു ഭട്ടതിരിയും അരുണ്‍ ലാലും ചേര്‍ന്നാണ് എഡിറ്റിംഗ്. ഇരുവരും തങ്ങളുടെ ബെസ്റ്റ് തന്നെ സ്ക്രീനില്‍ അവതരിപ്പിച്ചു. നിഴല്‍ ഉറപ്പായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ്. തുടര്‍ച്ചയായി കണ്ടുവന്ന ത്രില്ലര്‍ സിനിമകളില്‍നിന്ന് വേറിട്ടുള്ള ഒരു കാഴ്ചാനുഭവം അത് സമ്മാനിക്കുന്നു.
Content highlights : malayalam movie nizhal review kunchacko boban nayanthara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..