ത്രില്ലടിപ്പിച്ച് പോലീസുകാരുടെ 'നായാട്ട്' : Review


ഹേമന്ത്കുമാര്‍

മികച്ച കാഴ്ചാനുഭവം സമ്മാനിച്ച് കൈയ്യടി അര്‍ഹിക്കുന്നു ചിത്രം

ട്രെയിലറിൽനിന്ന്‌

ചാര്‍ലിക്കുശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു നായാട്ട്. ആ പ്രതീക്ഷ വെറുതെയായില്ല, മികച്ച കാഴ്ചാനുഭവം സമ്മാനിച്ച് കൈയ്യടി അര്‍ഹിക്കുന്നു ചിത്രം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മുന്‍കാലചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി സര്‍വൈവല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ഇതിവൃത്തമാണ് ചിത്രത്തിന്. ആദ്യാവസാനം വരെയും പ്രേക്ഷകനെ കഥയില്‍ കുടുക്കിയിടുന്ന ആഖ്യാനരീതിയാണ് സംവിധായകന്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കാഴ്ചക്കാരില്‍ മടുപ്പുള്ളവാക്കാത്തവിധത്തിലുള്ള കഥയും കഥാപരിസരങ്ങളും കഥാപാത്രങ്ങളും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബെസ്റ്റ് ആക്ടര്‍, ചാര്‍ലി പോലുള്ള സിനിമകള്‍ ചെയ്ത് ശ്രദ്ധനേടിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ഇത്തവണ കൈവെച്ചത് പോലീസുകാരുടെ ജീവിതത്തിലാണ്‌. ഇതുവരെ പ്രേക്ഷകര്‍ കണ്ടുപരിചയിച്ച പോലീസ് സിനിമകളില്‍നിന്നെല്ലാം നായാട്ടിനെ മാറി പ്രതിഷ്ഠിക്കാന്‍ സംവിധായകന്‍ ബോധപൂര്‍വം തന്നെ ശ്രമിച്ചിരിക്കുന്നു, ആ ശ്രമം നെറ്റിചുളിക്കലുകള്‍ക്ക് ഇടനല്‍കാത്തവിധം ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു.

സാധാരണക്കാര്‍ക്ക് വളരെ പെട്ടെന്ന് സ്വീകാര്യമായ ഉദ്യോഗസ്ഥവിഭാഗമാണ് പോലീസ്. അതുകൊണ്ടുതന്നെ പോലീസുകാരുടെ ഔദ്യോഗികജീവിതവും വ്യക്തിജീവിതവുമെല്ലാം സാധാരണക്കാര്‍ക്ക് മുന്നില്‍ പച്ചയായി തുറന്നുവെക്കുന്നു നായാട്ട്. ഒരേസമയം ഉള്ളുലക്കുന്ന വിധത്തിലും ചിന്തിപ്പിക്കുന്ന വിധത്തിലും പ്രേക്ഷകരോട് സംവദിക്കുന്നു ചിത്രം. സി.പി.ഒ. പ്രവീണ്‍ മൈക്കിള്‍, എ.എസ്.ഐ. മണിയന്‍, സുനിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഈ മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില പ്രശ്‌നങ്ങളും അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനിടയില്‍ നേരിടേണ്ടിവരുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ഉദ്വേഗത്തിന്റെ ആദ്യപകുതിയും അതിന്റെ കൂട്ടപ്പൊരിച്ചില്‍പോലെ തുടരുന്ന രണ്ടാം പകുതിയും കാഴ്ചക്കാരനെ പിടിച്ചിരുത്താന്‍വണ്ണം കെല്‍പുള്ളതാണ്.

nayattu

നിത്യജീവിതത്തില്‍ നാം കാണുന്ന പോലീസുകാരുടെയെല്ലാം ജീവിതം എത്രത്തോളം സാഹസികത നിറഞ്ഞതാണെന്നും മനഃപൂര്‍വമല്ലാതെ നടക്കുന്ന പ്രശ്‌നങ്ങളില്‍പോലും അവര്‍ പ്രതിചേര്‍ക്കപ്പെടുന്നതെങ്ങനെയെന്നും കാണിച്ചുതരുന്നു ചിത്രം. മൂന്ന് പോലീസുകാരുടെ മാത്രമല്ല മുഴുവന്‍ പോലീസുകാരുടെയും ജീവിതാവസ്ഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. അരക്ഷിതമായ സാമൂഹികരാഷ്ട്രീയസംഭവങ്ങള്‍ക്കിടയില്‍പെട്ട് ജീവിതത്തിലുടനീളം അവര്‍ പലതരത്തില്‍ വേട്ടയാടപ്പെടുകയാണെന്നും പറഞ്ഞുവെക്കുന്നു, ഓര്‍മപ്പെടുത്തുന്നു നായാട്ട്. പ്രവീണ്‍ മൈക്കിള്‍ ആയി കുഞ്ചാക്കോ ബോബനും മണിയന്‍ ആയി ജോജു ജോര്‍ജും സുനിത എന്ന പോലീസുദ്യോഗസ്ഥയുടെ വേഷത്തിലെത്തിയ നിമിഷ സജയനും വിശേഷണങ്ങള്‍ക്കപ്പുറത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. കുഞ്ചാക്കോ ബോബന്റെ കരിയറില്‍ എക്കാലവും ഓര്‍ത്തുവെക്കുന്ന കഥാപാത്രമായിരിക്കും പ്രവീണ്‍ മൈക്കിള്‍ എന്ന കാര്യത്തില്‍ സംശയമില്ല. ജാഫര്‍ ഇടുക്കി, അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട് എന്നിവരും ചിത്രത്തിലെ തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി.

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീര്‍ ആണ് നായാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കാലികപ്രസക്തിയുള്ളതും കെട്ടുറപ്പേറിയറതുമായ കഥ അവതരിപ്പിച്ചതില്‍ ഒരിക്കല്‍ക്കൂടി അഭിനന്ദനമര്‍ഹിക്കുന്നു ഷാഹി കബീര്‍. ഒപ്പംതന്നെ എടുത്തുപറയേണ്ടതാണ് മഹേഷ് നാരായണന്റെ എഡിറ്റിംഗ് മികവും. ഏറെ ഗൗരവം നിറഞ്ഞതും പഴുതുകള്‍ പ്രകടമായേക്കാവുന്നതുമായ കഥാസന്ദര്‍ഭങ്ങളെ വളരെ വിദഗ്ധമായ കൂട്ടിയിണക്കുന്നതില്‍ മഹേഷ് നാരായണന്‍ വിജയിച്ചിരിക്കുന്നു. കൊടൈക്കനാല്‍, മൂന്നാര്‍, വട്ടവട തുടങ്ങിയ സ്ഥലങ്ങളുടെ സൗന്ദര്യം ചിത്രത്തിന്റെ കഥയ്ക്കനുയോജ്യമാകുംവിധം പകര്‍ത്തിവെക്കുന്നതില്‍ ഷൈജു ഖാലിദിന്റെ ക്യാമറവിരുത് അപാരം തന്നെയെന്ന് ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ അറിഞ്ഞു. ത്രില്ലടിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഗാനങ്ങള്‍ ഒരുക്കിയതില്‍ വിഷ്ണു വിജയന്‍ എന്ന സംഗീതസംവിധായകന്റെ പേരും എടുത്തുപറയേണ്ടതാണ്. നല്ല ഒരു ത്രില്ലര്‍ സിനിമ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് ഉറപ്പായും ടിക്കറ്റെടുക്കാം നായാട്ടിന്.

Content highlights : malayalam movie nayattu review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented