ജിബൂട്ടി
വിളക്കുമല എന്ന മലയോര ഗ്രാമത്തിൽ നിന്ന് കടല്‍ കടക്കാനുള്ള ആഗ്രഹവുമായി ജീവിക്കുന്ന രണ്ടു യുവാക്കളിൽ നിന്ന് തുടങ്ങി, ആഫ്രിക്കയിലെ ജിബൂട്ടിയുടെ നിറക്കാഴ്ചകളും പ്രണയവും അതിജീവനവും പശ്ചാത്തലമാക്കി ത്രില്ലർ മോഡിൽ എസ് ജെ സിനു എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ജിബൂട്ടി. പേരു പോലെത്തന്നെ ചിത്രത്തിന്റെ ആദ്യ കുറച്ചു ഭാഗമൊഴിച്ചാൽ ബാക്കിയൊക്കെയും ജിബൂട്ടിയാണ് പശ്ചാത്തലം.
ചിത്രീകരണ സമയത്ത് കോവിഡ് പ്രതിസന്ധിയെത്തുടർന്ന് താരങ്ങൾ ജിബൂട്ടിയിൽ കുടുങ്ങിയതും പിന്നീട് പ്രത്യേകമായി ചാർട്ട് ചെയ്ത വിമാനത്തിൽ നാട്ടിലെത്തിയതും വലിയ വാർത്തകളായിരുന്നു.
ജീപ്പ് ഓടിച്ച് ഉപജീവന മാർഗം നടത്തുകയാണ് ലൂയിയും (അമിത് ചാലക്കൽ) എബിയും (ഗ്രിഗറി). ഏതൊരു മലയാളിയേയും പോലെ കടല്‍ കടന്ന് കൈനിറയെ പണം സമ്പാദിക്കുക എന്ന ആഗ്രഹവുമായി ജീവിക്കുന്നവർ. ജിബൂട്ടിയിൽ നിന്ന് നാട് കാണാൻ വേണ്ടി, അതിലുപരിയായി തന്റെ കൂടെ ജിബൂട്ടിയിൽ ജോലി ചെയ്തിരുന്ന കൂട്ടുകാരിയെ കാണാൻ വേണ്ടി വിളക്കുമലയിൽ എത്തുന്ന ഹന (ഷഗുൺ ജസ്വാൾ). ഹനയുടെ വരവിന്റെ പിന്നിലുള്ള സസ്പെൻസ് വേറെയുമുണ്ട്.
ഹനയെ നാട് കാണിക്കുന്ന ജോലി ലൂയിയും എബിയും ഏറ്റെടുക്കുകയും ഒടുവിൽ ഹന രണ്ടു പേരെയും അവരുടെ ആഗ്രഹപ്രകാരം ജിബൂട്ടിയിലേക്ക് കൊണ്ടു പോകുകയും ചെയ്യുന്നു. എന്നാൽ ജിബൂട്ടിയിലെത്തുന്ന ലൂയിയേയും എബിയേയും കാത്തിരിക്കുന്നത് അത്ര സുഖകരമായി കാര്യങ്ങളായിരുന്നില്ല. രണ്ടാം പകുതിയിൽ അതിജീവനത്തിന്റെ പാതയിൽ കൂടിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
വാരിക്കുഴിയിലെ കൊലപാതകത്തിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച അമിത് ചാമക്കാലയുടെ ലൂയി എന്ന കഥാപാത്രം മികച്ച് തന്നെ നിൽക്കുന്നു. എടുത്ത് പറയേണ്ടത് തോമാച്ചനായുള്ള ദിലീഷ് പോത്തന്റെ അഭിനയമാണ്. പതിവ് പോലെത്തന്നെ കിട്ടിയ റോൾ അതി ഗംഭീരമായിത്തന്നെ ദിലീഷ് പോത്തൻ സ്ക്രീനിലെത്തിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ മനം കവരാൻ നായിക ഷഗുൺ ജസ്വാളിനും സാധിച്ചിട്ടുണ്ട്.
ബിജു സോപാനം, സുനിൽ സുഖദ, തമിഴ് നടൻ കിഷോർ എന്നിവർ തങ്ങളുടെ റോളുകൾ ഭംഗിയായിത്തന്നെ ചെയ്തിട്ടുണ്ട്. ജിബൂട്ടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുക എന്ന ദൗത്യം കൂടിയാണ് ഛായാഗ്രാഗകൻ സംജിത് മുഹമ്മദ് ചെയ്തിരിക്കുന്നത്. ആഫ്രിക്കയിലെ പല സംസ്കാരങ്ങളേയും ചിത്രത്തിൽ കാണിച്ചു തരുന്നുണ്ട്. സ്റ്റൈലിഷ് വില്ലനായെത്തിയ റസാകും (രോഹിത് മഗ്ഗു) ചിത്രത്തിൽ എടുത്ത് പറയേണ്ട കഥാപാത്രം തന്നെയാണ്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് ഒരുക്കിയിരിക്കുന്ന സംഗീതവും മികച്ച് നിൽക്കുന്നു. ബ്ലൂഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി പി സാം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മനുഷ്യക്കടത്തും ചെറിയ രീതിയിൽ ചർച്ച ചെയ്ത് പോകുന്ന ചിത്രം അമിത പ്രതീക്ഷകളില്ലാതെ പോവുകയാണെങ്കിൽ പുതുവർഷത്തിൽ കുടുംബവുമൊത്ത് ഒന്നിച്ചിരുന്ന് ആസ്വദിക്കാവുന്ന ത്രില്ലർ ചിത്രമാണ് ജിബൂട്ടി.
Content Highlights: Malayalam movie Djibouti Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..