Photo | Facebook, Ahammed Khabeer
പുതുപ്രണയം മധുരമാണ്, എന്നാൽ അതിന്റെ മാധുര്യം പിന്നേയും ഏറുന്നത് അത് യഥാർഥമാവുമ്പോഴാണ്, അഹമ്മദ് കബീർ സംവിധാനം ചെയ്ത മധുരം പറഞ്ഞ് വയ്ക്കുന്നതും ഈ സന്ദേശം തന്നെ. ജൂൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അഹമ്മദ് കബീർ.
തന്റെ രണ്ടാമത്തെ ചിത്രത്തിലും പുതുമയും വ്യത്യസ്തതയും കൊണ്ടുവരുന്നതിൽ പൂർണമായും വിജയിച്ചിരിക്കുകയാണ് ഈ സംവിധായകൻ. വളരെ ലളിതമായ ഒരു വിഷയം ഹൃദയസ്പർശിയായി അവതരിപ്പിച്ചതിൽ തിരക്കഥാകൃത്തുക്കളായ ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ പ്രത്യേകം കയ്യടി അർഹിക്കുന്നു. നടൻ ജോജു ജോർജ്ജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ഒരു സർക്കാർ മെഡിക്കൽ കോളേജിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഉറ്റവർക്ക് വേണ്ടി കൂട്ടുകിടക്കാൻ (ബൈ സ്റ്റാൻഡേഴ്സ്) ആശുപത്രിയിലെത്തുന്ന ഏതാനും വ്യക്തികളിൽ ഉടലെടുക്കുന്ന സൗഹൃദവും ആത്മബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. ജോജു അവതരിപ്പിക്കുന്ന സാബു, ഇന്ദ്രൻസിന്റെ രവി, അർജുൻ അശോകന്റെ കെവിൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജഗദീഷ്, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളുടെ പേരിൽ കെവിന്റെ വിവാഹജീവിതം തകർച്ചയുടെ വക്കിലാണ്. അമ്മയുടെ ചികിത്സയുടെ ഭാഗമായാണ് കെവിൻ ആശുപത്രിയിലെത്തുന്നത്. സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന കെവിന് അമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാണ് ആഗ്രഹം. എന്നാൽ പിതാവിന്റെ നിർബന്ധത്തെ തുടർന്ന് അയാൾ സർക്കാർ ആശുപത്രിയിലെത്തുന്നു. അമ്മയുടെ അവസ്ഥയെക്കുറിച്ചുള്ള ആധിയും, ജോലിഭാരവും ഭാര്യയുമായുള്ള അകൽച്ചയും ഇയാളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. ഈ സാഹചര്യത്തിൽ അയാൾ ആശ്വാസം കണ്ടെത്തുന്നത് ആശുപത്രിയിലെ മറ്റു ബെെസ്റ്റാന്റർമാരായ സാബുവിലും രവിയിലുമാണ്. ഭാര്യയുടെ അസുഖവുമായി ബന്ധപ്പെട്ടാണ് സാബു ആശുപത്രിയിൽ എത്തുന്നത്. രവിയുടേതും സമാനമായ സാഹചര്യം തന്നെ. ഭാര്യ ചിത്രയുമായി സാബുവിനുള്ള പ്രണയത്തിന്റെ ആഴം അടുത്തറിയുമ്പോൾ അത് കെവിന്റെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റമാണ് ചിത്രത്തിന്റെ ആകെ തുക.
അതിവെെകാരികവും കണ്ണു നിറയുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രമാണ് മധുരം. സാബുവായുള്ള ജോജു ജോർജ്ജിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളും അവരുടെ ഭാഗങ്ങൾ മികച്ചതാക്കി. ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതവും ജിതിൻ സ്റ്റാനിസ്ലസിൻെറ ഫ്രെയിമുകളും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.
Content Highlights : Madhuram Movie review Joju Indrans Sruthi Arjun Ashokan Nikhila Ahammed Khabeer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..