ഫോട്ടോ: മാധവി എന്ന ഹ്രസ്വചിത്രത്തിൽ നമിത പ്രമോദ്
മലയാളത്തിലെ മുന്‍നിര തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്. അങ്ങനെയൊരാളുടെ മൂശയില്‍ നിന്ന് രൂപംകൊണ്ട ഒരു ഹ്രസ്വചിത്രം. അതും സാമൂഹിക പ്രസക്തമായ വിഷയത്തിന്റെ ബലത്തില്‍. അതാണ് മാധവി.
ആര്‍ക്കിടെക്റ്റായ മാധവിയും അമ്മയുമാണ് 37 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഉയര്‍ന്ന സാമ്പത്തികനിലയിൽ കഴിയുന്ന കുടുംബത്തിലാണ് ജീവിക്കുന്നതെങ്കിലും ഒരു വര്‍ഷം മുമ്പ് നടന്ന ഒരു പ്രശ്‌നം മാധവിയെ അലട്ടുന്നുണ്ട്. തന്നെ വിവാഹം കഴിക്കാന്‍ പോകുന്നയാളും അതിനേക്കുറിച്ച് അറിയണമെന്ന് മാധവി അമ്മയോട് തുറന്നുപറയുന്നിടത്താണ് കഥയുടെ ട്വിസ്റ്റ്. ഈ രണ്ടുകഥാപാത്രങ്ങള്‍ക്കിടയില്‍ ഇതിനേച്ചൊല്ലി ഉടലെടുക്കുന്ന സംഘര്‍ഷമാണ് മാധവിയുടെ ആകെത്തുക.
രണ്ട് അമ്മമാരുടേതുകൂടിയാണ് മാധവി എന്ന ചിത്രം. ഇതില്‍ മാധവിയുടെ സ്വന്തം അമ്മ മകള്‍ക്ക് സംഭവിച്ചതിനേക്കുറിച്ച് ആകുലപ്പെടുകയാണെങ്കില്‍ രണ്ടാമത്തെ അമ്മ പ്രശ്‌നങ്ങളെ ധീരമായി നേരിടാന്‍ പ്രേരിപ്പിക്കുന്നയാളാണ്. മക്കള്‍ 'തെറ്റു' ചെയ്താല്‍ അത് തിരുത്തിക്കൊടുക്കേണ്ടത് അമ്മമാരുടെ കടമയാണെന്ന് ചിത്രം പറഞ്ഞുവെയ്ക്കുന്നു.
മാധവി എന്ന ടൈറ്റില്‍ റോളിലെത്തുന്നത് നമിതാ പ്രമോദാണ്. മാധവിയുടെ അമ്മയായെത്തുന്നത് ശ്രീലക്ഷ്മിയാണ്. കുക്കു പരമേശ്വരനാണ് മറ്റൊരു പ്രധാന കഥാപാത്രം. ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ കുര്യനാണ് മറ്റൊരു താരം.
വിഷയം ലളിതമായി അവതരിപ്പിച്ചു എന്നതാണ് ചിത്രത്തേക്കുറിച്ച് എടുത്തുപറയേണ്ട വസ്തുത. കാര്യമായ മുഖവുരയൊന്നുമില്ലാതെ നേരെ വിഷയത്തിലേക്ക് വരുന്നുണ്ട് 'മാധവി'. ക്യാമറാ ഗിമ്മിക്കുകളോ അനാവശ്യമായ പശ്ചാത്തലസംഗീതമോ ഇല്ല എന്നതും ചിത്രത്തെ മികച്ചതാക്കുന്നു. ചിന്നു കുരുവിളയുടെ ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്റെ എഡിറ്റിങ്ങും ജേക്‌സ് ബിജോയിയുടെ സംഗീതവും 'മാധവി'ക്ക് ഊര്‍ജമേകിയിരിക്കുന്നു. കപ്പ സ്റ്റുഡിയോസ്, ക്യാപിറ്റോള്‍ തിയേറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മയൂര എസ്.കെ, അഗ്നിവേശ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
Content Highlights: Madhavi, New Malayalam Short Film, Ranjith, Namitha Pramod
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..