മലയാളം ചിത്രം ലൈവിന്റെ പോസ്റ്റർ | Photo:Twitter@taran_adarsh
മംമ്താ മോഹൻദാസ്, സൗബിൻ ഷാഹിർ, ഷെെൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ പ്രകാശിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്കെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലെെവ്. ഏറെ നിരൂപക പ്രശംസ നേടിയ ഒരുത്തീ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ വി.കെ പ്രകാശും തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാധ്യമസ്ഥാപനങ്ങളുടെ കച്ചവടവത്ക്കരണവും സെെബർ സുരക്ഷയുമടക്കം നിരവധി സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം പ്രേക്ഷകരെ തീയേറ്ററുകളിലേക്കെത്തിക്കുമെന്ന് തീർച്ചയാണ്.
വ്യാജവാർത്തയുടെ ഇരയായ അന്നയും സൈബർ അതിക്രമം നേരിട്ട ഡോ. അമലയും ഒരു കച്ചവട മാധ്യമത്തിനെതിരെ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ ചിത്രത്തിലെ കഥാപാത്രങ്ങൾ തമ്മിലുള്ള വൈകാരിക അടുപ്പവും ബന്ധങ്ങളും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനാണ് സംവിധായകൻ ആദ്യ പകുതി ഉപയോഗിച്ചിരിക്കുന്നത്. ആദ്യ പകുതിയുടെ അവസാനത്തോടെ പ്രിയ പി. വാര്യർ അവതരിപ്പിച്ച അന്ന അവിചാരിമായി ഒരു വിവാദത്തിന്റെ ഭാഗമാകുന്നതോടെയാണ് ചിത്രം അതിന്റെ മുഖ്യപ്രമേയത്തിലേക്ക് കടക്കുന്നത്.
ഡോ. അമല എന്ന കഥാപാത്രം മംമ്താ മോഹൻദാസിന്റെ കെെയ്യിൽ ഭദ്രമായിരുന്നു. മറ്റ് പ്രമുഖ താരങ്ങൾക്കിടയിലും ചിത്രത്തെ തന്റേതാക്കി മാറ്റുന്നുണ്ട് പല സന്ദർഭങ്ങളിലും മംമ്തയിലെ അഭിനേത്രി. നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രമായ സാം ജോൺ വക്കത്താനമായി ഷെെൻ ടോം ചാക്കോയും ഡോ. അമലയുടെ ഭർത്താവായി വേഷമിട്ട സൗബിനും പതിവ് പോലെ തങ്ങളുടെ വേഷം മികച്ചതാക്കി. താൻ നേരിട്ട ദുരനുഭവങ്ങളും നിസ്സഹായതയും കൃത്യമായ രീതിയിൽ പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ പ്രിയാ പി. വാര്യറും വിജയിച്ചിട്ടുണ്ട്.
.jpg?$p=a80322e&&q=0.8)
രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ വേഗം കൈവരിക്കുന്ന ചിത്രം പിന്നീടങ്ങോട്ട് പറയുന്നത് വ്യാജവാർത്തയ്‌ക്കെതിരെ പോരാടുന്ന ഒരു കൂട്ടം സ്ത്രീകളുടെ കഥയാണ്. വ്യക്തമായ ലക്ഷ്യമുള്ള ഒരു കുട്ടിയുടെ ജീവിതം വ്യാജവാർത്തകളാൽ എത്തരത്തിൽ ദുസ്സഹമാകുമെന്നും സംവിധായകൻ ദൃശ്യവത്ക്കരിക്കുന്നു. സാമൂഹ്യമാധ്യമത്തിൽ തങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കും അധിക്ഷേപങ്ങൾക്കുമിടയിലും അവർ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുന്നു. മംമ്തയുടെ സുഹൃത്തുക്കളായി വേഷമിട്ട ലക്ഷ്മിപ്രഭയും രശ്മി സോമനും രണ്ടാം പകുതിയിൽ തങ്ങളുടേതായ ഇടം കണ്ടെത്തുന്നു.
രാത്രികാല ദൃശ്യങ്ങളടക്കം മികവുറ്റതാക്കി പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം കൂടെ സമ്മാനിക്കുന്നുണ്ട് ലെെവ്. ചിത്രത്തിന് അനുയോജ്യമായ രീതിയിലുള്ള ഫ്രെയിംസ് ഒരുക്കുന്നതിൽ നിഖിൽ എസ്. പ്രവീണിന്റെ ക്യാമറ വഹിച്ച പങ്ക് വളരെ വലുതാണ്. ചിത്രത്തിനൊരു ത്രില്ലർ സ്വഭാവം പകർന്നു നൽകുന്നതിൽ അൽഫോൺസ് ജോസഫിന്റെ സംഗീതവും മികച്ചു നിന്നു.
സാംകുട്ടിയിൽ നിന്നും സാം ജോൺ വക്കത്താനത്തിലേക്കുള്ള ഷെെനിന്റെ വളർച്ചയാണ് രണ്ടാം പകുതിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മറ്റൊരു ഘടകം. മികച്ച ട്വിസ്റ്റോട് കൂടിയാണ് ചിത്രം അവസാനിക്കുന്നത്. ഉദ്വേഗഭരിതമായ നിമിഷങ്ങൾ കോർത്തിണക്കി സമകാലികമായ ഒരു വിഷയം കൃത്യമായി അവതരിപ്പിച്ചു എന്നത് സംവിധായകന്റെ വിജയമാണ്. വി.കെ പ്രകാശ് എന്ന സംവിധായകനിൽ വിശ്വാസം അർപ്പിച്ച് തീയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകനെ ലെെവ് നിരാശപ്പെടുത്തില്ല എന്ന് തീർച്ചയാണ്.
Content Highlights: live movie review, live movie first day first review, vk prakash and mamta mohandas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..