കുറ്റവും ശിക്ഷയും സിനിമയിൽ ആസിഫ് അലി | ഫോട്ടോ: www.facebook.com/ActorAsifAli/photos
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടത്. പല സിനിമകളുടേയും ട്രെയിലറിലും ഫസ്റ്റ്ലുക്ക് പോസ്റ്ററിലുമെല്ലാം കണ്ണുകളുടക്കുന്ന വാചകമാണിത്. നമ്മൾക്ക് അറിയാവുന്ന ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്കാരം വെള്ളിത്തിരയിലെത്തുമ്പോൾ അതെങ്ങനെയായിരിക്കും അവതരിപ്പിക്കപ്പെടാൻ പോകുന്നത് എന്ന ആകാംക്ഷ ഏവരിലുമുണ്ടാകും. അങ്ങനെ ഒരു ആകാംക്ഷയും കൗതുകവും പ്രഖ്യാപിച്ച നാൾമുതലേ ഉണർത്തിയ ചിത്രമാണ് രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും.
വർഷങ്ങൾക്ക് മുമ്പ് കാസർഗോഡ് ജില്ലയെ നടുക്കിയ ജ്വല്ലറി മോഷണവും പ്രതികളെ തേടി കേരളാ പോലീസ് സംഘം ഉത്തരേന്ത്യയിലേക്ക് തിരിച്ചതുമാണ് കുറ്റവും ശിക്ഷയും എന്ന സിനിമയ്ക്കാധാരം. യഥാർത്ഥസംഭവം നടന്നത് കാസർഗോഡാണെങ്കിലും സിനിമയിൽ ജില്ലയൊന്ന് ചെറുതായി മാറ്റിപ്പിടിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലെ ദനാഗഞ്ചിലേക്കാണ് കേരളാ പോലീസിന്റെ യാത്ര.
കുറ്റവും ശിക്ഷയും എന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ തമിഴിലെ തീരൻ അധികാരം ഒൻട്ര് എന്ന ചിത്രവുമായി താരതമ്യം ചെയ്യാനാരംഭിച്ചിരുന്നു. ഒരു സംസ്ഥാനത്ത് നിന്നും കുറ്റവാളികളെ തേടി മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്ന പോലീസ് സംഘത്തിന്റെ വെല്ലുവിളികൾ തന്നെയാണ് രണ്ടും പറയുന്നതെങ്കിലും കുറ്റവും ശിക്ഷയും വ്യത്യസ്തമാകുന്നത് അതിന്റെ റിയലിസ്റ്റിക് അവതരണശൈലികൊണ്ടാണ്. തീരനിലേതുപോലെ നായകന്റെ മാസ് കാണിക്കലോ സാഹസികതയോ ഒന്നും സി.ഐ സാജൻ ഫിലിപ്പിന്റെ നിഘണ്ഡുവിലില്ല.
ജീവനും കയ്യിൽപ്പിടിച്ചാണ് സാജനും സംഘവും ദനാഗഞ്ച് എന്ന കുറ്റവാളികളുടെ ഗ്രാമത്തിലെത്തുന്നത്. കാലാവസ്ഥ, താമസം, ഭക്ഷണം, ലോക്കൽ പോലീസിന്റെ അലസമനോഭാവം, ഒരു പരിധിവരെ ഭാഷ തുടങ്ങി പല വെല്ലുവിളികളും സാജനും സംഘത്തിനും നേരിടേണ്ടിവരുന്നു. പക്ഷേ ഇതെല്ലാം മറികടന്ന് ലക്ഷ്യത്തിലെത്തിയാലും സമാധാനം എന്നൊന്ന് ഇവരേ പോലുള്ള പോലീസുദ്യോഗസ്ഥർക്ക് ലഭിക്കുമോ എന്ന ചോദ്യമാണ് ചിത്രം ഉയർത്തുന്നത്.
പ്രധാന കഥാപാത്രങ്ങളായ സാജൻ ഫിലിപ്പ്, ബഷീർ, രാജേഷ്, രാജീവ്, എബിൻ എന്നിവർ നമുക്ക് അന്യരല്ല. നമ്മുടെ തൊട്ടടുത്ത സ്റ്റേഷനിലെ, നമുക്ക് പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥർ തന്നെയാണവർ. കയ്യടി കിട്ടാൻ അതിസാഹസികത കാണിക്കുന്നവരല്ല അവർ. വീറും വാശിയും നിരാശയും ധർമസങ്കടങ്ങളുമുള്ള പച്ച മനുഷ്യർ എന്ന രീതിയിലാണവരെ രാജീവ് രവിയും കൂട്ടരും അവതരിപ്പിച്ചിരിക്കുന്നത്. ദനാഗഞ്ചിലെ കേസന്വേഷണത്തിനിടെ എവിടെയെങ്കിലും വല്ല ചോറോ ഉപ്പുമാവോ കിട്ടുമോയെന്ന് തിരക്കുംവിധം പെട്ടുപോവുന്നുണ്ട് ഇവർ.
പ്രധാനകഥാപാത്രങ്ങളായെത്തിയ ആസിഫ് അലി, അലൻസിയർ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ എന്നിവർ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. പൊടുന്നനെ എടുക്കേണ്ടിവന്ന ഒരു തീരുമാനത്തിന്റെ പേരിൽ മാനസികമായി നിരന്തരം സ്വയംവേട്ടയാടലിന് വിധേയനായ സാജൻ ഫിലിപ്പിനെ ആസിഫ് അലി നന്നായി ചെയ്തിട്ടുണ്ട്. മറ്റുള്ളവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്.
യഥാർത്ഥസംഭവം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനായ സിബി തോമസ്, ശ്രീജിത്ത് ദിവാകരനുമായി ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. യഥാർത്ഥസംഭവത്തിന്റെ തീവ്രതയും അന്വേഷണോദ്യോഗസ്ഥർ അനുഭവിച്ച കഷ്ടപ്പാടുകളും കൃത്യമായി സ്ക്രീനിലെത്തിക്കാൻ ഇരുവർക്കും ആയിട്ടുണ്ട്. പല സമയങ്ങളിലും പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയില്ലാതെ ത്രില്ലടിപ്പിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.
ഒരു കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാൻ പോകുന്ന അന്വേഷകന് ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടതാണെന്ന് പ്രതീകാത്മകമായി കാണിക്കാനാവും യാതൊരു ശങ്കകളുമില്ലാതെ ടൈറ്റിൽ മുതലേ കഥയിലേക്ക് കടന്നത്. ഒരു കേസ് കഴിഞ്ഞാൽ അടുത്തത്, അതു കഴിഞ്ഞാൽ വേറൊന്ന്. കേരളത്തിലെ ഒരു ശരാശരി പോലീസുകാരന്റെ ജീവിതം ഇങ്ങനെയൊക്കെയാണ് എന്നാണ് കുറ്റവും ശിക്ഷയും പറയുന്ന അന്തിമമായ വസ്തുത.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..