ആസിഫ് അലി കുഞ്ഞെൽദോയിൽ | Photo-FacebookAsif Ali
ആര്‍ജെയായും വിജെയായും തിളങ്ങിയ മാത്തുക്കുട്ടി സംവിധാന രംഗത്തേക്ക് കടന്നു വരുമ്പോള്‍ പ്രതീക്ഷകളും വാനോളമായിരുന്നു. ആ പ്രതീക്ഷകള്‍ തെറ്റിയിട്ടില്ലെന്നതിന്റെ തെളിവാണ് 'കുഞ്ഞെല്‍ദോ' എന്ന ചിത്രത്തിന് തിയേറ്ററില്‍ ലഭിക്കുന്ന വരവേല്‍പ്പ്. മാത്തുക്കുട്ടി എന്ന നവാഗത സംവിധായകനും വിനീത് ശ്രീനിവാസന്‍ എന്ന ക്രിയേറ്റീവ് ഡയറക്ടറും വെള്ളിത്തിരയില്‍ ഒന്നിച്ചപ്പോള്‍ തിയേറ്ററില്‍ പിറന്നത് ഒരു 100 ശതമാനം എന്റര്‍ടെയിനറാണ്.
പേര് സൂചിപ്പിക്കുന്നത് പോല തന്നെ കുഞ്ഞെല്‍ദോയുടെ (ആസിഫ് അലി) കഥയാണ് ചിത്രം പറയുന്നത്. ചിത്രമാരംഭിക്കുന്നത് കുഞ്ഞെല്‍ദോ എന്ന എല്‍ദോ ജോണിന്റെ സ്‌കൂള്‍ ഫെയര്‍വെല്ലോടെയാണ്. ഇപ്പോഴും നനവാര്‍ന്ന് സ്‌കൂള്‍ ഓര്‍മകള്‍ മനസിലുള്ളവര്‍ക്ക് ഈറനോടെയല്ലാതെ ഈ ദൃശ്യങ്ങള്‍ കണ്ടിരിക്കാന്‍ കഴിയില്ല.
സ്‌കൂള്‍ യൂണിഫോം ഇടണമെന്ന് ഒറ്റ കാരണത്താല്‍ കുഞ്ഞെല്‍ദോ ആര്‍ട്‌സ് കോളേജില്‍ അഡ്മിഷന്‍ എടുക്കുന്നത് യഥാര്‍ത്ഥത്തില്‍ അടിച്ചുപൊളിക്കാനുള്ള മൂഡിലാണ്. അവിടെ കുഞ്ഞെല്‍ദോയുടെ ജീവിതത്തിലേക്ക് നിവേദിത (ഗോപിക ഉദയന്‍) കടന്നു വരികയാണ്. നിവേദിതയുടെ കടന്നുവരവ് കുഞ്ഞെല്‍ദോയില്‍ പ്രണയത്തിന്റെ പൂമൊട്ടുകള്‍ വിരിയിക്കുന്നു.
എന്‍ദോ ആഗ്രഹിച്ച പോലെ തന്നെ ഒരു തനിനാടന്‍ പെണ്‍കുട്ടി തന്നെയാണ് എല്‍ദോയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. സന്തോഷാധിക്യത്തില്‍ എല്‍ദോ കാണിച്ചു കൂട്ടുന്നത് ഏതൊക്കെ തരത്തിലാണ് എന്‍ദോയെയും മറ്റുള്ളവരെയും ബാധിക്കുന്നതെന്നാണ് ചിത്രം പറയുന്നത്. പ്രണയത്തിന്റെ പുതിയ പുല്‍മേടുകള്‍ കുഞ്ഞെല്‍ദോ താണ്ടുമ്പോള്‍ കുഞ്ഞെല്‍ദോയുടെയും നിവേദിതയുടെയും കുടുംബത്തെയും അത് ബാധിക്കുന്നു.
എല്‍ദോയുടെ കുഞ്ഞ് ജീവിതം ഒപ്പിയെടുക്കുന്നതില്‍ ഛായാഗ്രഹകനായ സ്വരൂപ് ഫിലിപ്പ് പൂര്‍ണമായും വിജയിച്ചിട്ടുണ്ട്. കുട്ടിക്കാനത്തിന്റെ മഞ്ഞുപുതച്ച ദൃശ്യങ്ങള്‍ പ്രേക്ഷകരെ എല്‍ദോയുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നുമുണ്ട്. ദൃശ്യങ്ങള്‍ മുറിയാതെ കൂട്ടിച്ചേര്‍ത്തതില്‍ രഞ്ജന്‍ എബ്രഹാം അഭിനന്ദനമര്‍ഹിക്കുന്നു. മറ്റൊരു പ്രധാന സവിശേഷത പ്രേക്ഷകര്‍ക്ക് ചിത്രമൊരുക്കുന്ന ദൃശ്യവിരുന്നാണ്. ഷാന്‍ റഹ്മാന്‍ എന്ന കലാപ്രതിഭയുടെ മാസ്മരിക സംഗീതം തന്നെയാണ് രണ്ടരമണിക്കൂര്‍ പ്രേക്ഷകരെ തിയേറ്ററില്‍ പിടിച്ചിരുത്തുന്നത്.
സ്വതസിദ്ധമായ നര്‍മ രംഗങ്ങളില്‍ ജിന്റോ, ഷെമീര്‍ എന്നീ കഥാപാത്രങ്ങള്‍ വേറിട്ടു നിന്നു. എല്ലാ കഥാപാത്രങ്ങളും അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുത്തു.
19 കാരന്റെ നിഷ്‌കളങ്കതയും കൗമാര പ്രണയവുമെല്ലാം ആസിഫ് അലിയുടെ കൈകളില്‍ ഭദ്രമായിരുന്നു. വിനീത് ശ്രീനിവാസന്റെ അതിഥി വേഷം തീയേറ്ററിൽ ഓളമുണ്ടാക്കുന്നുണ്ട്. നിവേദിത എന്ന കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ഗോപിക ഉദയന് സാധിച്ചപ്പോള്‍ സിദ്ധീഖ്, രേഖ എന്നിവരും പ്രകടനത്തില്‍ മുന്നിട്ടു നിന്നു. സ്‌കൂളുകള്‍ നാല് ചുവരുകളിലൊരുക്കിയ ഓര്‍മകളിലാണ് ഇപ്പോഴുമെങ്കില്‍ ധൈര്യമായി കുടുംബസമേതം കണ്ടാസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ.
Content Highlights: kunjeldho malayalam movie review; asi ali, gopika udhayan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..