ചരിത്രവും ഫാന്റസിയും കൂടിക്കലർന്ന അദ്ഭുതലോകം, പിടിച്ചിരുത്തുന്ന കാഴ്ചാനുഭവം | Karthikeya 2 Review


അ‍ഞ്ജയ് ദാസ്. എൻ.ടി

ആദ്യചിത്രത്തിലെ നായകനേയും ചില കഥാപാത്രങ്ങളേയും ഒപ്പം പുതിയ കഥാപാത്രങ്ങളും കഥാപശ്ചാത്തലവുമായിട്ടാണ് സംവിധായകൻ ചന്തു മൊണ്ടേറ്റി ഇക്കുറി എത്തിയിരിക്കുന്നത്.

കാർത്തികേയ 2-ൽ നിഖിൽ സിദ്ധാർത്ഥ | ഫോട്ടോ: www.facebook.com/ActorNikhilOfficial/photos

മാസ് മസാല സിനിമകളുടെ വിളനിലമായ തെലുങ്കിൽ 2014-ൽ ഒരു വിസ്മയം പിറന്നു. വൻ അവകാശവാദങ്ങളില്ലാതെ തിയേറ്ററുകളിലെത്തിയ കാർത്തികേയ ആയിരുന്നു ആ അപ്രതീക്ഷിതഹിറ്റ്. സിനിമ അവസാനിച്ചത് തുടർഭാ​ഗമുണ്ടാകുമെന്ന സൂചനയോടെ. ആ സൂചനയെ പ്രാവർത്തികമാക്കിയെത്തിയ ചിത്രമാണ് കാർത്തികേയ 2. 20 കോടി ബജറ്റിൽ ഒരുങ്ങി തെലുങ്കിലും ഹിന്ദിയിലേക്ക് മൊഴിമാറ്റി ബോളിവുഡ് ബെൽറ്റുകളിലും എത്തിയ ചിത്രം 200 കോടിയിലേറെയാണ് നേട്ടമുണ്ടാക്കിയത്. ബോളിവുഡിലെ സൂപ്പർതാരചിത്രങ്ങളെ തറപറ്റിച്ച് നേടിയ വിജയത്തിന്റെ വെന്നിക്കൊടിയുമായാണ് കാർത്തികേയ 2 കേരളത്തിലുമെത്തിയത്.

കാർത്തികേയ എന്ന ആദ്യചിത്രത്തിന്റെ രണ്ടാം ഭാ​ഗമായിട്ടാണ് വന്നതെങ്കിലും ഇതിന്റെ തുടർച്ചയല്ല കാർത്തികേയ 2. ആദ്യചിത്രത്തിലെ നായകനേയും ചില കഥാപാത്രങ്ങളേയും ഒപ്പം പുതിയ കഥാപാത്രങ്ങളും കഥാപശ്ചാത്തലവുമായിട്ടാണ് സംവിധായകൻ ചന്തു മൊണ്ടേറ്റി ഇക്കുറി എത്തിയിരിക്കുന്നത്. കാർത്തിക് എന്ന കാർത്തികേയയുടെ പുതിയ വീരസാഹസങ്ങളാണ് രണ്ടാംഭാ​ഗത്തിലുള്ളത്. ആദ്യഭാ​ഗത്തിൽ മുരുകനും മുരുകനുമായി ബന്ധപ്പെട്ട കഥകളുമായിരുന്നുവെങ്കിൽ കാർത്തികേയയുടെ രണ്ടാം വരവിൽ പശ്ചാത്തലമാവുന്നത് ശ്രീകൃഷ്ണനും ദ്വാരകയും മഥുരയുമെല്ലാമാണ്. അതുമായി ബന്ധപ്പെട്ട ചരിത്രവും വിശ്വാസങ്ങളുമാണ്.

ഡോക്ടറായ കാർത്തികേയയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ കുടുംബത്തോടൊപ്പം ദ്വാരകയിൽ പോകേണ്ടിവരുന്നു. അവിടെ ആ യുവഡോക്ടറെ കാത്തിരിക്കുന്ന അവിശ്വസനീയമായ അനുഭവങ്ങളും അതിനുപിന്നാലെയുള്ള അദ്ദേഹത്തിന്റെ സഞ്ചാരവുമാണ് ചിത്രത്തിന്റെ ആകെത്തുക. ആദ്യഭാ​ഗത്തെ അപേക്ഷിച്ച് കൂടുതൽ വിശാലമായ കഥാപരിസരവും പശ്ചാത്തലവുമാണ് കാർത്തികേയ - 2 നുള്ളത്. മനസിൽ തോന്നുന്ന ഏതൊരു ചോദ്യത്തിനും ഉത്തരംകിട്ടാതെ പിന്മാറാത്തയാളാണ് കാർത്തികേയ എന്ന് ആദ്യഭാ​ഗത്തിൽ സംവിധായകൻ കാണിച്ചുതന്നിട്ടുണ്ട്. അതേ സ്വഭാവത്തിൽ ഇപ്പോഴും നായകന് മാറ്റം വന്നിട്ടില്ല. പകരം അയാളുടെ ലക്ഷ്യം മാത്രമേ മാറുന്നുള്ളൂ എന്ന് വിജയകരമായി സ്ഥാപിച്ചെടുക്കാൻ ചന്തു മൊണ്ടേറ്റിക്ക് ആയിട്ടുണ്ട്.

ഫാന്റസിയും ചരിത്രവും ഇഴചേർന്നുകിടക്കുന്ന ഒരു കാട് തന്നെയാണ് ബി​ഗ്സ്ക്രീനിൽ കാർത്തികേയ 2 ടീം നട്ടുവളർത്തിയിരിക്കുന്നത്. ശ്രീകൃഷ്ണനും അദ്ദേഹത്തിന്റെ ജീവിതവും അവതാരലക്ഷ്യവും പൂർത്തീകരണവുമെല്ലാം പുതിയൊരു കാഴ്ചപ്പാടിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. മികച്ച ഒരു അധ്യാപകൻ, യോദ്ധാവ്, സം​ഗീതജ്ഞൻ, ആർക്കിടെക്റ്റ് തുടങ്ങിയ രീതിയിലും ശ്രീകൃഷ്ണനെ നമുക്ക് നോക്കിക്കാണാമെന്നും ഒരു കഥാപാത്രത്തിലൂടെ സംവിധായകൻ ചൂണ്ടിക്കാണിക്കുന്നത് ഇതിനുദാഹരണമാണ്. ആദ്യഭാ​ഗത്തിൽ മിസ്റ്ററിക്കൊപ്പം അല്പം ഹൊററും ചേർത്ത് ഭയപ്പെടുത്തുകയായിരുന്നുവെങ്കിൽ ഇത്തവണ അത് മിസ്റ്ററിയും ചരിത്രവും സാഹസികതയും ഇഴചേർത്ത് അദ്ഭുതപ്പെടുത്തുകയാണ് ചന്തു മൊണ്ടേറ്റിയും സംഘവും.

പ്രകടനങ്ങളിലേക്ക് വരികയാണെങ്കിൽ ടൈറ്റിൽ കഥാപാത്രമായെത്തിയ നിഖിലിന്റെ പ്രകടനം തന്നെ മുന്നിട്ട് നിൽക്കുന്നു. നായികയായ മു​ഗ്ധയായി അനുപമ പരമേശ്വരനും മികച്ച പിന്തുണ നൽകി. വെങ്കടേഷ് മുമ്മുഡി അവതരിപ്പിച്ച അഭീരയും കയ്യടിയർഹിക്കുന്നു. അനുപം ഖേറിന്റെ കാമിയോയും കഥാ​ഗതിയിലെ നി​​ഗൂഢതകൾ വർധിപ്പിക്കുന്നതിന് സഹായകമായിട്ടുണ്ട്. ആദിത്യ, ശ്രീനിവാസ റെഡ്ഡി, തുൾസി എന്നിവരും വേഷങ്ങൾ ഭം​ഗിയാക്കി. കാർത്തിക് ഘട്ടംനേനിയുടെ ഛായാ​ഗ്രഹണവും കാലഭൈരവയുടെ സം​ഗീതവും കാർത്തികേയയുടെ രണ്ടാം വരവിന് ഊർജമേകുന്നുണ്ട്.

കാർത്തികേയ എന്ന ആദ്യഭാ​ഗത്തിലുള്ളതുപോലെ വിശ്വാസവും സയൻസും ചരിത്രവും എങ്ങനെയെല്ലാം സംയോജിക്കപ്പെട്ടിരിക്കുന്നു എന്ന് കാണിച്ചുതരികയാണ് സംവിധായകൻ. കാഴ്ചക്കാരെ പിടിച്ചിരുത്തുന്നതിൽ കാർത്തികേയ 2 വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ധൈര്യമായി ടിക്കറ്റെടുക്കാം ഈ സാഹസിക കാഴ്ചകൾക്ക്.

Content Highlights: karthikeya 2 malayalam review, nikhil siddhartha and anupama parameswaran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented