ദൃശ്യകാന്തിയുടെ 'കാന്താര'; മുന്നോട്ടുവെക്കുന്നത് വേറിട്ട രാഷ്ട്രീയം | Kantara Movie Review


അനന്യലക്ഷ്മി ബി. എസ്.

കാന്താര

മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികത. അതാണ് 'കാന്താര'. ഫാന്റസിയിൽ,ഒരു നാടോടിക്കഥയിൽ, തുടങ്ങി കൃത്യവും വ്യക്തവുമായ അടിസ്ഥാനവർഗ രാഷ്ട്രീയമാണ് ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കാന്താര' മുന്നോട്ടുവെക്കുന്നത്. മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന 'കാന്താര'യുടെ യാത്ര തുടങ്ങുന്നത് ഒരു മുത്തശ്ശിക്കഥയിലൂടെയാണ്.

സന്തോഷവും സമാധാനവും തേടിയിറങ്ങുന്ന ഒരു രാജാവിന്റെ കഥയാണത്. രാജാവിന്റെ അന്വേഷണം എത്തുന്നത് കാട്ടിലാണ്. അവിടെ അദ്ദേഹം തന്റെ സന്തോഷത്തിന്റെ ഉറവിടം കണ്ടെത്തുന്നു. കാടിന്റെ മക്കളുടെ കൽദൈവത്തിന്റെ രൂപത്തിൽ. തനിക്കൊപ്പം വരണമെന്ന രാജാവിന്റെ ആവശ്യം ദൈവം അംഗീകരിക്കുന്നത് ഒരു ഉടമ്പടിക്കു പുറത്താണ്. രാജാവിനൊപ്പം കാടിറങ്ങുന്നതിനു പകരമായി തന്റെ പ്രജകൾക്ക് ഭൂമി നൽകി സംരക്ഷിക്കണം. ഉടമ്പടി സമ്മതിച്ചതോടെരാജാവിനൊപ്പം ദൈവം കാടിറങ്ങി. ഒപ്പം കാടറിഞ്ഞ കാടിന്റെ മക്കളും. അവിടെനിന്ന് 'കാന്താര'യുടെ കഥ വികസിക്കുകയാണ്. മണ്ണു മുറുകെപ്പിടിക്കാൻ ഒരു ജനത നടത്തുന്ന പോരാട്ടവും അടിസ്ഥാനവർഗത്തിനു മേൽ അധികാരവർഗത്തിന്റെ കടന്നുകയറ്റവും അടിച്ചമർത്തലുമൊക്കെ 'കാന്താര'യിൽ കാണാനാകും.ഉത്തരകേരളത്തിന്റെ തെയ്യവും കർണാടകയുടെ ദൈവക്കോലവും ഇഴ ചേർന്ന തുളുനാടൻ സംസ്‌ക്കാരമുദ്രയാണ് 'കാന്താര'യുടെ കാതൽ. തീരദേശ കർണാടകയുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ മിത്തിന്റെ ചായം പൂശി 'കാന്താര' അവതരിപ്പിക്കുന്നു. കേരളത്തിന്റെ തനതുരൂപമായ തെയ്യത്തിന്റെ മനോഹാരിത 'കാന്താര' പകർത്തിയതു പോലെ മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് പറയേണ്ടി വരും. നിഗൂഢമായ വനമെന്നാണ് കാന്താര എന്ന വാക്കിന്റെ അർത്ഥം. കാട് ജീവവായുവായ ഒരു ജനതയുടെ, കാടുമായി ചേർന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ദൈവിക സങ്കൽപ്പങ്ങളും ചേർത്തുനിർത്തുന്ന ഒരു കാലഘട്ടത്തിന്റെ കഥയാണ് 'കാന്താര'.

കഥയിൽ പുതുമയേറെ അവകാശപ്പെടാനാകില്ലെങ്കിലും കഥ പറഞ്ഞ രീതിയും മേക്കിങ്ങുമാണ് 'കാന്താര'യെ വേറിട്ടുനിർത്തുന്നത്. ഋഷഭ് ഷെട്ടിയിലെ ഫിലിം മേക്കറുടെ ദൃശ്യകാന്തി 'കാന്താര'യിലൂടെ ഉയരങ്ങളിലേക്ക് എത്തുന്നു. അതിമനോഹരമാണ് 'കാന്താര'യിലെ ഓരോ ഫ്രെയിമും. ക്ലൈമാക്സ് അടുക്കുന്നതോടെ പ്രേക്ഷകർ കാഴ്ച്ചയുടെ വിസ്മയലോകത്തേക്ക് എറിയപ്പെടുന്നു.അരവിന്ദ് എസ്. കശ്യപിന്റെ സിനിമോട്ടോഗ്രഫി പ്രത്യേക കൈയ്യടി അർഹിക്കുന്നുണ്ട്.. ആ മാന്ത്രികതയുടെ പരമോന്നതിയിലേക്ക് എത്തിക്കുന്നതിൽ അജനീഷ് ലോക്നാഥിന്റെ പശ്ചാത്തല സംഗീതത്തിനും വലിയ പങ്കുണ്ട്. ഇവയെല്ലാം ചേർന്ന് മികച്ച ദൃശ്യാനുഭവമൊരുക്കുന്ന 'കാന്താര' തിയേറ്ററിൽ തന്നെ ആസ്വദിക്കേണ്ട സിനിമയാണ്.

മാസും മസാലയുമായി മാത്രം ഒതുങ്ങേണ്ടിയിരുന്ന കന്നട സിനിമയുടെ ഗതി മാറ്റിയതിൽ പ്രധാന പങ്കു വഹിച്ചവരാണ് 'ഷെട്ടി ത്രയം'. സാന്റൽവുഡിലെ പൊളിച്ചെഴുത്തിന്റെ മുൻനിരയിൽ തന്റ പേരു രേഖപ്പെടുത്താൻ ഋഷഭ് ഷെട്ടിക്കു കഴിഞ്ഞു. 'കാന്താ'രയുടെ മായികവലയത്തിലേക്ക് പ്രേക്ഷകനെ വലിച്ചിട്ടത് ഋഷഭ് ഷെട്ടി എന്ന കഥാകൃത്തിന്റെ, സംവിധായകന്റെ, അഭിനേതാവിന്റെ വിജയമാണ്. ശിവയെന്ന ധിക്കാരിയായ, ഉത്തരവാദിത്വമില്ലാത്ത യുവാവിൽനിന്ന് ദൈവക്കോലമായുള്ള ആ പകർന്നാട്ടം ഒറ്റവാക്കിൽ പറഞ്ഞൊതുക്കാനാവില്ല. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ എന്നിവരും മികച്ചുനിന്നു.പതിവു കന്നട സിനിമകളിൽനിന്ന് വേറിട്ടു നിൽക്കുന്നുണ്ടെങ്കിലും ബോഡി ഷെയിമിംഗ് തമാശകളുംചില പ്രണയരംഗങ്ങളും കല്ലുകടിയാണ്. വേറിട്ട രാഷ്ടീയം സംസാരിക്കുന്ന കലാമൂല്യമുള്ള സിനിമകൾ ഇനിയും വരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിൽ കന്നട സിനിമയും കടന്നുവരുന്നു എന്നത് ഏറെ പ്രതീക്ഷ പകരുന്നതാണ്.

Content Highlights: kantara, movie, rishab shetty, kannada movie, box office hit, movie review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented