Kabzaa
വിപ്ലവാത്മകമായ ഒരുപിടി ചിത്രങ്ങളിലൂടെ കന്നഡ സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനും സംവിധായകനുമാണ് ഉപേന്ദ്ര. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉപേന്ദ്ര നായകനായി വരുന്ന ചിത്രം എന്ന ഒറ്റക്കാര്യം മതിയായിരുന്നു കന്നഡ സിനിമാ പ്രേക്ഷകർക്ക് കബ്സ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിന്. തുടക്കത്തിൽ ഉപേന്ദ്ര ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ചിത്രം പിന്നെ ശ്രദ്ധയാകർഷിച്ചത് കന്നഡയിലെ തന്നെ അടുത്തകാലത്തുണ്ടായ മൾട്ടിസ്റ്റാർ ചിത്രം എന്ന നിലയിൽക്കൂടിയായിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അച്ഛന്റെ മരണത്തോടെ തെരുവിലിറക്കപ്പെടുന്ന രണ്ടു മക്കളുടേയും അവരുടെ അമ്മയുടേയും കഥയാണ് കബ്സ. അമ്മ, മൂത്തമകൻ സംഗേശ്വരൻ എന്നിവരിലൂടെ അർക്കേശ്വരന്റെ ജീവിതം കണിച്ചുതരികയാണ് ഈ ആർ. ചന്ദ്രു ചിത്രം. വ്യോമസേനാംഗമായിരുന്ന അർക്കേശ്വരൻ എങ്ങനെയാണ് അമരാപുരി എന്ന നാടിനെ അടക്കി ഭരിക്കുന്ന അധോലോക നായകനായി മാറുന്നതെന്നാണ് ചിത്രത്തിന്റെ ആകെത്തുക. വർത്തമാനകാലത്തിൽ തുടങ്ങി ഭൂതകാലത്തിലൂടെയുള്ള സഞ്ചാരമാണ് ചിത്രം.
വെടിയുണ്ടകളുടേയും ചോരയുടേയും മണമുള്ള കഥ ബക്ഷി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളിലൂടെ, ഒരു വിവരണമായാണ് മുന്നേറുന്നത്. കന്നഡ സിനിമയിൽ അധോലോക സിനിമകൾക്ക് പുതിയ മാനം നൽകിയ കെ.ജി.എഫ്. എന്ന ചിത്രത്തിന്റെ പിൻഗാമി എന്നു 'കബ്സ'യെ വിശേഷിപ്പിക്കാം. പതിഞ്ഞ താളത്തിൽ തുടങ്ങി കത്തിപ്പടരും വിധമാണ് 'കബ്സ' ഒരുക്കിയിരിക്കുന്നത്. കുടുംബവും പ്രണയവുമൊക്കെയായി ജീവിച്ചിരുന്ന അർക്കേശ്വരന്റെ അധോലോക നായകനായുള്ള വമാറ്റം പടിപടിയായാണ് ആവിഷ്കരിച്ചിരിക്കുന്നത്. അധോലോകത്തിന് കറുപ്പ് എന്നൊരു വിശേഷണം ക്യാമറകൊണ്ട് നല്കുന്നുമുണ്ട് 'കബ്സ'. ഇവിടേയും ഒരു കെ.ജി.എഫ്. സ്വാധീനം കാണാം. കാരണം കറുപ്പ് നിറം പൂശിയാണ് സ്ക്രീനിലേക്ക് 'കബ്സ' എത്തിയിരിക്കുന്നത്.
ഒരു ഡോണിന്റെ കഥ എന്നതിലുപരി രണ്ട് സ്ത്രീകളുടെ കഥകൂടിയാണ് 'കബ്സ'. അർക്കേശ്വരന്റെ ഉയർച്ച താഴ്ചകൾ കാണുന്ന അമ്മയും ഭാര്യ മധുമതിയുമാണവർ. ഭർത്താവിനേയും മൂത്തമകനേയും നഷ്ടപ്പെടുന്ന അമ്മയ്ക്ക് മുന്നിലാണ് അർക്കേശ്വരന്റെ മാറ്റം. മധുമതിയാകട്ടെ രാജ്യം ഭരിക്കുന്ന ബഹാദൂർ കുടുംബത്തിൽ നിന്നുള്ള അംഗവും. ഇങ്ങനെയൊരു കുടുംബത്തിൽനിന്ന് എല്ലാവരേയും ധിക്കരിച്ചാണ് അർക്കേശ്വരൻ എന്ന ഏതു നിമിഷവും തോക്കിൻമുനയിൽ അവസാനിക്കാവുന്ന ഒരാൾക്കൊപ്പം അവൾ ജീവിതമാരംഭിക്കുന്നത്. കൂടാതെ സ്വന്തം കുടുംബത്തിന്റെ ദുരഭിമാനത്തിന്റെ ഇര കൂടിയാണ് മധുമതി.
നാലു വർഷത്തിന് ശേഷമുള്ള സ്ക്രീനിലേക്കുള്ള തിരിച്ചുവരവ് ഉപേന്ദ്ര ഗംഭീരമാക്കിയിട്ടുണ്ട്. അർക്കേശ്വരനായി തിളങ്ങുന്നുണ്ട് താരം. ശ്രീയ ശരൺ മധുമതിയെ മനോഹരമാക്കി. സുധയുടെ അമ്മ വേഷവും മികവുറ്റതായിരുന്നു. ബക്ഷി എന്ന കാമിയോ വേഷത്തിൽ കിച്ചാ സുദീപും കയ്യടി വാങ്ങുന്നുണ്ട്. തിയേറ്ററുകളെ ഇളക്കിമറിക്കാൻ പോന്നതാണ് ശിവരാജ്കുമാറിന്റെ അതിഥിവേഷവും. അർക്കേശ്വരൻ എന്ന കഥാപാത്രത്തിന്റെ വീര്യവും സ്ക്രീൻ പ്രസൻസും കൂട്ടുന്നതിൽ കെ.ജി.എഫ്. സംഗീതസംവിധായകൻ രവി ബസ്രുറിന്റെ സംഗീതം വഹിച്ചിരിക്കുന്ന പങ്ക് ചില്ലറയല്ല.
മലയാളത്തെ തങ്ങൾക്ക് വിശ്വസിക്കാവുന്ന ഒരു വിപണിയായി കന്നഡ ചലച്ചിത്രകാരന്മാർ തിരിച്ചറിഞ്ഞെന്നാണ് 'കബ്സ'യും സൂചിപ്പിക്കുന്നത്. കെ.ജി.എഫ്. ചിത്രങ്ങളും 'കാന്താര'യും കേരളത്തിലുണ്ടാക്കിയ ഓളമാണ് അതിന് ഹേതു. അതുകൊണ്ട് തന്നെ തട്ടിക്കൂട്ട് മൊഴിമാറ്റത്തിനൊരുങ്ങാതെ സംഭാഷണങ്ങളും ഗാനങ്ങളുമെല്ലാം ഒരു മലയാളചിത്രത്തിനെന്നപോലെ ഒരുക്കാൻ അണിയറ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട് എന്നത് ഏറെ അഭിന്ദനം അർഹിക്കുന്നു.
Content Highlights: Kabzaa Review Kannada Film R. Chandru Upendra Sudeep Shiva Rajkumar Shriya saran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..