ജെയിംസിൽ പുനീത് രാജ്്കുമാർ
ഒരു സിനിമയെ മൂന്ന് തരത്തില്‍ സമീപിക്കാം. ഒന്ന് പൂര്‍ണമായി ഒരു വിനോദോപാധിയെന്ന നിലയില്‍. മറ്റൊന്ന് കലാമൂല്യമുള്ള ചിത്രമായി. പിന്നെ മണ്മറഞ്ഞ കലാകാരന്മാരുടെ ഓര്‍മ്മയ്ക്കായി. അങ്ങനെ കണക്കാക്കുകയാണെങ്കില്‍ വിലമതിക്കാനാവാത്ത സിനിമകളുടെ പട്ടികയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുന്ന ചിത്രമാണ് 'ജയിംസ്'. തീരാനഷ്ടങ്ങളുടേത് കൂടിയായിരുന്നു കഴിഞ്ഞ വര്‍ഷം. അക്കൂട്ടത്തില്‍ ഒരിക്കലും നികത്താനാകാത്ത വിടവ് സൃഷ്ടിച്ചാണ് കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാര് ഇന്ത്യന്‍ സിനിമ ലോകത്തോട് വിടപറഞ്ഞത്.
ഹോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സീക്രട്ട് ഏജന്റ് ജയിംസ് ബോണ്ടിന്റെ പേരുമായുളള സാമ്യം തൊട്ട് ഉള്ളിലൊളിപ്പിച്ച ഒട്ടേറെ കൗതുകങ്ങളോടെയാണ് പുനീത് രാജ്കുമാര് കേന്ദ്രകഥാപാത്രത്തിലെത്തിയ 'ജയിംസ്' കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയത്.
അകാലത്തില്‍ യാത്ര പറഞ്ഞ കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമെന്ന നിലയിലും ''ജയിംസ്' ശ്രദ്ധിക്കപ്പെട്ടു. ചേതന്‍ കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം പൂര്‍ണമായും ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയില്‍ നടക്കുന്ന ലഹരിമരുന്ന് മാഫിയയുടെ കഥയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. ലഹരികടത്ത് സംഘത്തിലേക്ക് അവിചാരിതമായി ജെ എന്നറിയപ്പെടുന്ന ഒരു സ്വകാര്യ സുരക്ഷാ സ്ഥാപനത്തിലെ തലപ്പത്തുള്ള സന്തോഷ് കുമാര്‍ എത്തുമ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങളാണ് കഥാപശ്ചാത്തലം. സന്തോഷ് കുമാറായി പുനീത് രാജ്കുമാര് എത്തുമ്പോള്‍ നായികയായി പ്രിയ ആനന്ദ് എത്തുന്നു. കന്നട താരവും പുനീതിന്റെ ചേട്ടനുമായ ശിവ രാജ്കുമാറും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ശരത് കുമാര്‍, മുകേഷ് ഋഷി, ആദിത്യ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
ലഹരി മാഫിയ തലവനായ വിജയ് ഗയക്വാദയുടെ (ശ്രീകാന്ത് മെക) സംരക്ഷണത്തിന്റെ ചുമതല സന്തോഷ് ഏറ്റെടുക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മറ്റ് മാഫിയ സംഘങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിന് വേണ്ടിയാണിത്. ഇതിനിടയില്‍ വിജയുടെ അനിയത്തി നിഷ ഗയക്വാദുമായി സന്തോഷ് ഇഷ്ടത്തിലാകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ജയിംസ് പറയുന്നത്. നിഷയായി പ്രിയ ആനന്ദ് എത്തുന്നു. വാണിജ്യ ചിത്രങ്ങളുടെ ഭാഗമായി പ്രിയ മാറുമ്പോള്‍ സംഭവിക്കുന്നതെന്തോ അത് ഇവിടെയും ആവര്‍ത്തിക്കുകയാണ്.
എന്നാല്‍ പവര്‍ സ്റ്റാറായ പുനീത് രാജ്കുമാറില്‍ നിന്ന് പ്രേക്ഷകര്‍ എന്താഗ്രഹിച്ചോ അത് അതേ പടി തിയേറ്ററുകളിലെത്തിക്കാന്‍ ചിത്രത്തിന്റെ രചയിതാവ് കൂടിയായ ചേതന്‍ കുമാറിന് കഴിഞ്ഞു. ആക്ഷന്‍ പാക്ക്ഡ് എന്റര്ടെയ്നര് തന്നെയാണ് ചിത്രം. മാസ് പടങ്ങളിഷ്ടപ്പെടുന്നവര്ക്കുള്ള ചേരുവകളെല്ലാമുണ്ട്. എടുത്തു പറയേണ്ടത് സംഘട്ടന രംഗങ്ങളാണ്. രണ്ടര മണിക്കൂര്‍ തിയേറ്ററിനെ ലൈവായി നിര്‍ത്തുന്നതും ഇതാണ്.
ഇടവേള വരെയുള്ള കഥയല്ല ചിത്രം പിന്നീട് ചര്‍ച്ച ചെയ്യുന്നത്. ആദ്യ പകുതി മാസാണെങ്കില്‍ രണ്ടാം പകുതി മാസും ക്ലാസുമൊക്കെയായി തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്നുണ്ട്. നായകന്റെ വരവിന് അകമ്പടിയായി പാട്ടും താളങ്ങളെല്ലാമെല്ലാമുണ്ട്. മലയാളത്തിന്റെ പ്രിയ നടന് ശരത് ദാസാണ് പുനീതിന്റെ ശബ്ദമായെത്തുന്നത്.
ജെയിംസ് എന്ന വിളിപ്പേരില്‍ സന്തോഷ് കുമാര്‍ അറിയപ്പെടാനുള്ള കാരണം ചിത്രത്തിന്റെ സസ്പെന്‍സാണ്. ഇത്തരം സസ്പെന്സുകളില് പുതുമ നിലനില്ത്തിയതായി തോന്നി. യഥാര്‍ത്ഥ ജീവിതത്തിലും സഹജീവികളോട് സ്നേഹം വെച്ചുപുലര്ത്താറുളള അതേ പുനീത് കുമാറിനെ ചിത്രത്തിലും കാണാം.
ഒരു എന്റര്ടെയ്നര് എന്നതിലുപരി ആനുകാലിക സംഭവങ്ങളിലേക്കും ചിത്രം കണ്ണോടിക്കുന്നുണ്ട്. ചിത്രം അവസാനിക്കുമ്പോള്‍ പുനീതിനോട് ആദരസൂചകമായി അദ്ദേഹത്തിന്റെ ജീവചരിത്രവും കാണിക്കുന്നുണ്ട്. പുനീതിന്റെ അവസാന ചിത്രമെന്ന നിലയില്‍ മാത്രമല്ല, മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രമെന്ന നിലയിലും 'ജയിംസ്' ഓര്‍മ്മിക്കപ്പെടും. ചില രംഗങ്ങളിലെങ്കിലും പുനീത് പ്രേക്ഷകര്‍ക്ക് ഒരു തീരാനോവായി മാറുന്നുണ്ട്. ഒരു താരം ചെയ്ത കഥാപാത്രങ്ങളാല്‍ തിരിച്ചറിയപ്പെടുക സാധാരണമാണ്. എന്നാല്‍ കഥാപാത്രങ്ങളിലൂടെ എന്നും ഓര്മിക്കപ്പെടുമ്പോഴാണ് ഒരു താരം നടനായി മാറുന്നത്. പുനീതിനോളം ചൂണ്ടിക്കാണിക്കാന്‍ അതിന് മറ്റ് ഉദാഹരണങ്ങളില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..