ജാക്ക് ആന്റ് ജിൽ photo:https://www.facebook.com/theManjuWarrier
സന്തോഷ് ശിവന്‍ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച മലയാള ചിത്രമാണ് ജാക്ക് ആന്റ് ജില്‍. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ത്വരിത വളര്‍ച്ച മനുഷ്യ ജീവിതത്തെ എത്രത്തോളം സ്വാധീച്ചുവെന്നതിന് നേര്‍ ഉദാഹരണമാണ് ഈ ചിത്രം. സമകാലിക സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ വളരെ രസകരമായി തന്നെ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്തമായൊരു മുഖം ഈ ചിത്രത്തിലൂടെ കാണാനാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ആശയം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സാധാരണക്കാരിലേക്ക് എത്തിക്കാനും സിനിമയില്‍ സന്തോഷ് ശിവന്‍ ശ്രമിച്ചിട്ടുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനായ കേശ് എന്ന കേശവിലൂടെയാണ് കഥയുടെ വഴി തുടങ്ങുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കാളിദാസ് ജയറാമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ കണ്ടുപിടിത്തതിന് ആ വര്‍ഷത്തെ അവാര്‍ഡ് കരസ്ഥമാക്കുന്നത് കേശ് ആണ്. തന്റെ അച്ഛന്റെ മുടങ്ങിപ്പോയ 'ജാക്ക് ആന്റ് ജില്‍' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നാട്ടിലേക്ക് മടങ്ങിയെത്തുകയാണ് അയാള്‍. സുഹൃത്തുകളുടെ സഹായത്തോടെ പലവിധ പരീക്ഷണങ്ങള്‍ ചെയ്തുവെങ്കിലും അയാള്‍ ഓരോ തവണയും പരാജിതനാവുകയാണ്. പിന്നീട് പരീക്ഷണത്തിനായി പാര്‍വ്വതിയെന്ന പെണ്‍കുട്ടിയെ കണ്ടുപിടിക്കുന്നതിലും, പരീക്ഷണം നടത്തുന്നതിലുമൂടെയുണ്ടാവുന്ന സംഭവവികാസങ്ങളുടെ ആകെത്തുകയാണ് ഈ ചിത്രം.
ചിത്രത്തില്‍ പാര്‍വ്വതിയെന്ന കഥാപാത്രത്തിന്റെ ജീവസ്സ് സിനിമയിലുടനീളം ചോര്‍ന്നു പോകാതെ തന്നെ മഞ്ജു വാര്യര്‍ അവതരിപ്പിച്ചിട്ടുണ്ട്. മഞ്ജുവെന്ന കലാകാരിയെ തന്റെ സിനിമയ്ക്കുതകുന്ന രീതിയില്‍ വേറിട്ട തലങ്ങളില്‍ സന്തോഷ് ശിവന്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നു. ചടുലമായ നൃത്തവും, മുള്‍മുനയില്‍ നിര്‍ത്തുന്ന സംഘട്ടന രംഗങ്ങളും, രസിപ്പിക്കുന്ന ഹാസ്യവിരുന്നും, മികച്ച ശ്രവ്യാനുഭവും നല്‍കുന്ന ഗാനവുമെല്ലാം ഒരേ സമയം മഞ്ജു സിനിമയ്ക്കായി നല്‍കി. ചിത്രത്തില്‍ മഞ്ജു ആലപിച്ച 'കിം കിം കിം .....' എന്ന ഗാനം സിനിമ റിലീസാവുന്നതിന് മുമ്പ് തന്നെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഏറ്റു പാടിയതും വളരെ കാലം സോഷ്യല്‍ മീഡിയയിലെ റീലുകള്‍ ഭരിച്ചിരുന്നതുമാണ്.
സന്തോഷ് ശിവന്റെ ചിത്രങ്ങളില്‍ ഏറ്റവും എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റെ ഛായാഗ്രഹണ ശൈലി തന്നെയാണ്. ചിത്രത്തിന്റെ എല്ലാ ഫ്രെയിമുകളും പ്രേക്ഷകരില്‍ ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. പലപ്പോഴും അനന്തഭദ്രത്തിലെ അന്തരീക്ഷവും ഉറുമിയിലെ സംഘട്ടന ശൈലികളും അങ്ങിങ്ങായി ചില രംഗങ്ങളില്‍ തൊട്ടുതലോടി പോകുന്നതായി തോന്നലുണ്ടാവും.
ഓരോ അഭിനേതാക്കളും തങ്ങളുടെ മികച്ച പ്രകടനങ്ങള്‍ തന്നയാണ് കാഴ്ച വെച്ചത്. കേണല്‍ മേനോനായി രസിപ്പിക്കുകയായിരുന്നു മൺമറഞ്ഞ നെടുമുടി വേണുവെന്ന അതുല്യപ്രതിഭ. കാളിദാസ് ജയറാം തന്റെ പ്രധാന നായകവേഷം മനോഹരമാക്കിയപ്പോള്‍, കുട്ടപ്പന്‍ എന്ന മൈക്രോ ഹ്യൂമനോയിഡ് കഥാപാത്രമായി സൗബിന്‍ സിനിമയിലുടനീളം നിറഞ്ഞു നിന്നു. ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, എസ്തര്‍ അനില്‍, ഷെയ്‌ലി ക്രിഷന്‍, സുനില്‍ വര്‍ഗ്ഗീസ്, രാജേഷ് ബാബു, ഐഡാ സോഫി സ്‌ട്രോം എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.
സയന്‍സ് ഫിക്ഷന്‍ കോമഡി എന്ന തലത്തില്‍ നിന്ന് ഒരു ആക്ഷന്‍ റിവഞ്ച് സ്‌റ്റോറിയായി മാറുന്ന സിനിമയുടെ പോക്കില്‍ വളരെ അധികം ട്വിസ്റ്റുകളും ഒളിഞ്ഞിരിപ്പുണ്ട്. ഫാന്റസി മൂവി ആയതുകൊണ്ട് തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിരുന്ന് തന്നെയാവും ജാക്ക് ആന്റ് ജില്‍.
Content Highlights: jack and jill review


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..