.jpg?$p=fad68fb&f=16x10&w=856&q=0.8)
Hey Sinamika
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പ്രശസ്ത ഡാന്‍സ് കൊറിയോഗ്രാഫര്‍ ബൃന്ദ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് '?ഹേയ് സിനാമിക'. അദിതി റാവുവും കാജള്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. മണിരത്നം സംവിധാനം ചെയ്ത 'ഓകെ കണ്മണി' എന്ന ചിത്രത്തിലെ ഗാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന് ഹേയ് സിനാമിക എന്ന പേര് നല്‍കിയിരിക്കുന്നത്. ഒരു മുഴുനീള റൊമാന്റിക് കോമഡി ഡ്രാമയാണ് 'ഹേയ് സിനാമിക'. മൗനയുടെയും യാഴന്റെയും പ്രണയത്തിലൂടെയും കുടുംബജീവിതത്തിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. ദുല്‍ഖര്‍, അദിതി, കാജല്‍ അ?ഗര്‍വാള്‍ എന്നിവരുടെ മികച്ച പ്രകടനം പുറത്തെടുപ്പിക്കാനും സംവിധായികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മൗന (അദിതി) ഒരു പാലിയോ ടെമ്പെസ്റ്റോളജിസ്റ്റാണ് (വെതര്‍ സയന്റിസ്റ്റ്). യാദൃശ്ചികമായി ഒരു കോഫി ഷോപ്പില്‍ കണ്ടുമുട്ടുന്ന യാഴനുമായി (ദുല്‍ഖര്‍) മൗന പ്രണയത്തിലാകുന്നു. തുടര്‍ന്ന് അവര്‍ വിവാഹിതരാകുന്നു. ഒരു 'ഹൗസ് ഹസ്ബന്റായ' യാഴന്റെ കരുതലും വാ തോരാതെയുള്ള സംസാരവും മൗനയെ അലോസരപ്പെടുത്തുന്നതോടെ അവള് അവനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. അതിനായി മൗന സൈക്കോളജിസ്റ്റായ മലര്‍വിഴിയെ (കാജല്‍) സമീപിക്കുന്നു. മലര്‍വിഴി യാഴന്റെയും മൗനയുടെയും ജീവിതത്തിലേക്ക് എത്തുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'ഹേ സിനാമിക' നിര്‍മ്മിച്ചിരിക്കുന്നത് ജിയോ സ്റ്റുഡിയോസാണ്. മദന്‍ കര്‍ക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മദന്‍ കര്‍ക്കിയുടെ തന്നെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. പ്രീത ജയരാമനാണ് ക്യാമറ കൈകാര്യം ചെയ്തത്. രാഥാ ശ്രീധറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ തന്നെയാണ് സംവിധായിക ബൃന്ദ ഹേയ് സിനാമികയിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..