.jpg?$p=aa62323&f=16x10&w=856&q=0.8)
ഹെഡ്മാസ്റ്ററിലെ രംഗങ്ങൾ
24 ഏപ്രില്‍..നന്തനാരുടെ ചരമദിനം. പ്രകാശം പരത്തിയ അനേകം കഥകള്‍ നമുക്ക് നല്കിയ നന്തനാര്‍ ഒരു ഇരുണ്ട മുറിയില്‍ ജീവന് ഒടുക്കുമ്പോള് അദ്ദേഹത്തിന് പ്രായം 48. നന്മയുടെ,സ്നേഹത്തിന്റെ കഥകള്‍ അനേകം പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പല കഥകളിലും നിറഞ്ഞു നിന്നത് വിശപ്പായിരുന്നു. നഗ്നമായ, ക്രൂരമായ, ദയാ രഹിതമായ വിശപ്പ്...
ചാനല്‍ ഫൈവിന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മ്മിച്ച ഹെഡ്മാസ്റ്റര് വിശപ്പിന്റെ മറ്റൊരു മുഖമാണ് വരച്ചു കാണിക്കുന്നത്. നന്തനാര്‍ ഒരു യാത്ര പോലും പറയാതെ പിരിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഹെഡ്മാസ്റ്റര് ന്റെ ആദ്യ പ്രദര്‍ശനം നടന്നത് എന്നത് കാലത്തിന്റെ കാവ്യ നീതിയാവാം. നാം മനുഷ്യര്‍ക്ക് ഇനിയും വായിച്ചെടുക്കാനാവത്ത എത്രയോ വിസ്മയങ്ങളാവും കാലത്തിന്റെ ഗര്‍ഭ ഗൃഹങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടാവുക..? നന്തനാറിനെ പോലെ തന്നെ കഥകള്‍ കൊണ്ട് നമ്മെ വിസ്മയിപ്പിച്ച കാരൂരിന്റെ പൊതിച്ചോര്‍ എന്ന ചെറുകഥയുടെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റര്. വിശപ്പിനോടും വിധിയോടും ഒരു പോലെ തോറ്റുപോയ ഒരു സ്കൂള്‍ അധ്യാപകന്റെ കഥയാണ്, അതിലേറെ ജീവിതമാണ് ഹെഡ്മാസ്റ്റര്. വിശപ്പ് മനുഷ്യരില്‍ നിന്നും നാണവും, അഭിമാനബോധവും എടുത്ത് കളയും.അഹങ്കാരവും അഹംബോധവും എടുത്ത് മാറ്റും. വിശപ്പ് മനുഷ്യനെ നഗ്നനാക്കും...
ഒരു മറയും ഇല്ലാതെ, വിശപ്പിന് മുന്നില്‍ പകച്ചു പരാജയപ്പെട്ടുപോയ ഒരു സ്കൂള്‍ അദ്ധ്യാപകന്. അധികം വര്‍ണ്ണ കൂട്ടുകള്‍ ഇല്ലാതെ, സത്യസന്ധമായി രാജിവ് നാഥ് ഒരു കഥ പറഞ്ഞിരിക്കുന്നു. ഹെഡ്മാസ്റ്റര് വന്ന് തൊടുന്നത് കാഴ്ചക്കാരുടെ നെഞ്ചിലാണ്. മൃദുവായി. എന്നാലും ആ മൃദു സ്പര്‍ശം നമ്മുടെ നെഞ്ചില്‍ നൊമ്പരത്തിന്റെ ഒരു ചെറു ചിറ തീര്‍ക്കും, അത് പിന്നെ ഒരു വിതുമ്പലായി.
മലയാളം മറന്നു തുടങ്ങിയ നല്ല സിനിമയുടെ തുടക്കമാണ് ഹെഡ്മാസ്റ്റര്. രാജീവ് നാഥ്ന് ഒപ്പം ഹെഡ്മാസ്റ്ററിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.ബി വേണുവാണ്. ഒതുക്കത്തോടെ, കൈയടക്കത്തോടെ അവര്‍ ഹെഡ്മാസ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഹെഡ്മാസ്റ്ററിലെ, ഹെഡ്മാസ്റ്ററായി തമ്പി ആന്റണി അഭിനയിക്കുന്നു. സ്ക്രീനില്‍ ഒരിക്കലും പ്രേക്ഷകര്‍ തമ്പി ആന്റണി യെ കാണുന്നില്ല. പറഞ്ഞു പഴകിയ വിശേഷണ പദങ്ങള്‍ നമുക്ക് കടം കൊള്ളേണ്ടതില്ല. ഹെഡ്മാസ്റ്റര് തമ്പി ആന്റണിയുടെ ചിത്രമാണ്. നോട്ടത്തിലും നടപ്പിലും വിധി വേട്ടയാടിയ ഒരുവന്റെ നിസ്സഹായത അദ്ദേഹം മനോഹരമാക്കിയിരിക്കുന്നു.ഒരു പക്ഷേ കാലം അദ്ദേഹത്തിന് വേണ്ടി കാത്തുവെച്ച സിനിമയാവും ഹെഡ്മാസ്റ്റര്.
ബാബു ആന്റണി, ജഗദീഷ്, മധുപാല്‍, സഞ്ജു ശിവരാം, ശങ്കര്‍ രാമകൃഷ്ണന്, ബാലാജി,ആകാശ് രാജ്,ദേവ് നാഥ്, വേണു ജി വടകര,മഞ്ജു പിള്ള, സേതു ലക്ഷ്മി, ദേവി എന്നിവരും ഹെഡ്മാസ്റ്ററില്‍ അഭിനയിക്കുന്നു. ചെറിയ വേഷങ്ങളില്‍ വരുന്നവര്‍പോലും ഏറെ ശ്രദ്ധയോടെ അവരവരുടെ വേഷങ്ങള്‍ മികവുറ്റത്താക്കിയിരിക്കുന്നു. ക്യാമറ -പ്രവീണ്‍ പണിക്കര്‍, എഡിറ്റിംഗ് -ബീന പോള്‍. കലാ സംവിധാനം -ആര്.കെ. സാങ്കേതിക തികവിന്റെ പൂര്‍ണ്ണത നിറഞ്ഞ ഹെഡ്മാസ്റ്ററിലെ ഗാനങ്ങള്‍ ഒരു മികച്ച സംവിധായകന്റെ വരവ് അറിയിക്കുന്നു. കാവാലം നാരായണ പണിക്കരുടെ മകന് കാവാലം ശ്രീകുമാര്‍ ആദ്യമായി സംഗീതം ഒരുക്കുന്ന സിനിമയാണ് ഹെഡ്മാസ്റ്റര്. ജയചന്ദ്രനും നിത്യ മാമ്മനും ചേര്‍ന്നു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ഗാന രചന പ്രഭാവര്‍മ്മ..
നിര്‍മ്മാതാവ് ശ്രീലാല്‍ ദേവ് രാജിന്റെ നിശ്ചയ ധാര്ട്യത്തിന്റെ നേര്‍കാഴ്ച കൂടിയാണ് ഹെഡ്മാസ്റ്റര്.. വിശക്കുന്നവന്റെ മുന്നില്‍ ദൈവത്തിനു പോലും അപ്പത്തിന്റെ രൂപത്തിലെ പ്രത്യക്ഷപ്പെടാന്‍ കഴിയൂ എന്ന് ഒരിക്കല്‍ കൂടി ഈ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു..
തീര്‍ച്ചയായും മലയാള സിനിമയെ അടയാളപ്പെടുത്തുന്ന സിനിമയാവും ഹെഡ്മാസ്റ്റര്. സിനിമയുടെ പ്രീവ്യൂ കണ്ടിറങ്ങിയ മുഖങ്ങളിലെ കണ്ണുനീര് നനവ് സാക്ഷി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..