ഒരു ഹലാൽ ലൗ സ്റ്റോറി | Photo: https:||www.facebook.com|IndrajithSukumaran
കാൽപ്പന്തിനോളം മലബാറുകാർക്ക് പ്രിയപ്പെട്ടതാണ് സിനിമയും. അതുകൊണ്ട് തന്നെയാകാം രണ്ടാമൂഴത്തിൽ സക്കരിയ സിനിമയെ തന്നെ സിനിമയ്ക്കായി കൂട്ടുപിടിച്ചത്. ജീവിതം, വിശ്വാസം, സ്നേഹം, സിനിമ ഈ നാലു വഴികളിലൂടെ ഒരേസമയം കഥ പറഞ്ഞുപോകുകയാണ് ഹലാൽ ലൗ സ്റ്റോറിയിൽ സംവിധായകൻ. കുഞ്ഞുതമാശകളും കുഞ്ഞുസങ്കടങ്ങളും എല്ലാം ഒരുപോലെ സമന്വയിപ്പിച്ച് ഒരു ഫീൽഗുഡ് സിനിമാനുഭവം ഹലാൽ ലൗ സ്റ്റോറി സമ്മാനിക്കുന്നു.
സുഡാനി ഫ്രം നൈജീരിയയ്ക്ക് സമാനമായ മലബാർ മുസ്ലീം പശ്ചാത്തലമുള്ള ഗ്രാമത്തിലാണ് ഹലാൽ ലൗ സ്റ്റോറിയുടേയും കഥ നടക്കുന്നത്. എന്നാൽ ആദ്യ സിനിമയിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിൽ സിനിമയെ അവതരിപ്പിക്കുകയാണ് ഇവിടെ. മുസ്ലീം സമുദായത്തിന്റെ വിശ്വാസപ്രമാണങ്ങൾ മുറുകെപ്പിടിച്ച് പ്രവർത്തിക്കുന്ന കലാ-സാംസ്കാരിക സംഘടനയെ പരിചയപ്പെടുത്തികൊണ്ടാണ് സിനിമ തുടങ്ങുന്നത്. തെരുവുനാടകങ്ങളിലൂടെയും ടാബ്ലോകളിലൂടെയുമൊക്കെ ഇവർ നടത്തുന്ന സമരപരിപാടികളെയും സാംസ്കാരിക ചെറുത്തുനിൽപ്പുകളെയുമെല്ലാം ആദ്യ ഭാഗത്ത് കാണിച്ചുതരുന്നു. കലാപ്രവർത്തനം കുറച്ച് കൂടി മികച്ച രീതിയിൽ ജനങ്ങളിലേക്ക് എത്തണം എന്ന ചിന്തയോടെ ഇവർ ഒരു ടെലിസിനിമയെടുക്കാൻ തീരുമാനിക്കുന്നു. സംഘടനയുടെ സമ്മതത്തോടെ എല്ലാവർക്കും കാണാൻ സാധിക്കുന്ന ഹലാൽ ടെലി സിനിമ. സിനിമാ നിർമാണത്തിന്റെ ചുമതല സിനിമ പ്രവർത്തകനും യുവ എഴുത്തുകാരനും കൂടിയായ തൗഫിക് (ഷറഫുദ്ദീനെ) ചുമതലപ്പെടുത്തുന്നു. തൗഫിക് ടെലിസിനിമയുടെ സംവിധായകനായി സിറാജ് (ജോജു ജോർജ്) കണ്ടെത്തുകയും സിനിമ ഷൂട്ടിങ് ആരംഭിക്കുകയും ചെയ്യുന്നു.
സംഘടനാപ്രവർത്തകനും നാടകനടനുമായ ഷെരീഫ് (ഇന്ദ്രജിത്ത്), ഭാര്യ സുഹ്റ (ഗ്രേസ് ആന്റണി) എന്നിവരാണ് ടെലിസിനിമയിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. ജനകീയ കൂട്ടായ്മയിൽ നിർമിക്കുന്ന സിനിമയായതിനാൽ അഭിനേതാക്കളും ഗ്രാമീണർ തന്നെ. തുടർന്ന് ഷൂട്ടിങിന്റെ ഭാഗമായുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒപ്പം ഷെരീഫ്, സിറാജ് എന്നിവരുടെ കുടുംബജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ കൂടി കഥാവഴിയിലേക്ക് കടന്നുവരുന്നു. സിങ്ക് സൗണ്ട് റെക്കോർഡിസിന്റെ റോളിൽ സൗബിൻ ഷാഹിറും, ആക്ടിങ് ട്യൂട്ടറുടെ റോളിൽ പാർവതി തിരുവോത്തും ചിത്രത്തിൽ അതിഥി താരങ്ങളായെത്തുന്നുണ്ട്. ഇരുവരുടെയും സാന്നിധ്യം ചിത്രത്തിന്റെ ആകെത്തുകയിൽ ഗുണകരമാകുന്നുണ്ട്. ഫീൽ ഗുഡ് സിനിമയായി അവസാനിക്കുമ്പോഴും ചിലയിടങ്ങളിൽ കൃത്യമായി രാഷ്ട്രീയം പറയാൻ ചിത്രം ശ്രമിച്ചിട്ടുണ്ട്.
ചിത്രത്തിൽ എടുത്തുപറയേണ്ട പ്രകടനം ഗ്രേസ് ആന്റണിയുടേത് തന്നെയാണ്. കുമ്പളങ്ങി നൈറ്റ്സിലെ സിമിയിൽ നിന്ന് ഹലാൽ ലൗ സ്റ്റോറിയിലെ സുഹ്റയിലേക്ക് എത്തുമ്പോൾ ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കാം എന്ന് ഈ നടി പ്രേക്ഷകർക്ക് ഉറപ്പുനൽകുന്നുണ്ട്. തൗഫീക് എന്ന കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിക്കാൻ ഷറഫൂദ്ദീനും സാധിച്ചു. ഷെരീഫ് എന്ന കഥാപാത്രം ഇന്ദ്രജിത്ത് കൈയടക്കത്തോടെ കൈകാര്യം ചെയ്തു. സിനിമ സംവിധായകനായും കുടുംബപ്രശ്നങ്ങളിൽ മാനസികസംഘർഷം അനുഭവിക്കുന്ന മനുഷ്യനായും ഒരേകഥാപാത്രത്തിന്റെ രണ്ടുമുഖങ്ങളെ ജോജു ജോർജ് അനായാസം പകർന്നാടി. റഹീം സാഹിബിന്റെതും മികവുറ്റ പ്രകടനമാണ്.
ഷഹബാസ് അമൻ, ബിജിബാൽ ടീമിന്റേതാണ് സംഗീതം. മുഹ്സിൻപരാരി, സക്കരിയ എന്നിവർ ചേർത്ത് തിരക്കഥ രചിച്ച ചിത്രത്തിന് അജയ് മേനോനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആഷിഖ് അബു, ഹർഷാദ് അലി, ജെസ്ന ആഷിം എന്നിവർ ചേർന്നാണ് നിർമാണം.
Content Highlights: Halal Love Story Review zakariya mohammed Indrajith Parvathy Soubin
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..