ഗാനരംഗത്തിൽ നിന്നും
മനസിൽ സ്നേഹമില്ലാത്ത മനുഷ്യരില്ല. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ട്. അത്തരത്തിൽ ഉള്ളിൽ ഒരുപാട് നന്മയും സ്നേഹവുമുള്ള ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് 'അനുരാഗം'. ഷഹദ് നിലമ്പൂർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
'ക്വീൻ' എന്ന ക്യാമ്പസ് ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസും '96' എന്ന സൂപ്പർഹിറ്റ് പ്രണയചിത്രത്തിലൂടെ പ്രേക്ഷക മനസിലിടം നേടിയ ഗൗരി ജി. കിഷനുമാണ് 'അനുരാഗ'ത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ഇവരെക്കൂടാതെ ഗൗതം വാസുദേവ് മേനോൻ, ലെന, ജോണി ആന്റണി, ദേവയാനി, ഷീല, മൂസി, ദുർഗകൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

മൂന്ന് വ്യത്യസ്ത പ്രണയങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. വിദ്യാർഥികളായ അശ്വിന്റെയും ജനനിയുടേയും പ്രണയത്തിലൂടെ ആരംഭിക്കുന്ന ചിത്രം പതിയെ മറ്റു കഥാപാത്രങ്ങളുടെ സ്നേഹബന്ധത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നു. ഗൗതം വാസുദേവ് മേനോൻ അവതരിപ്പിക്കുന്ന പ്രശസ്ത ഗായകൻ ശങ്കറിന്റെയും ഭാര്യയുടേയും പ്രണയവും പരിഭവവുമെല്ലാമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ലെനയാണ് ഭാര്യയുടെ വേഷത്തിലെത്തിയിരിക്കുന്നത്.
മൂന്നാമത്തെ പ്രണയജോഡിയാണ് പ്രേക്ഷകരെ ഏറ്റവും രസിപ്പിക്കുന്നത്. ജോണി ആന്റണിയും ദേവയാനിയും അവതരിപ്പിക്കുന്ന ഈ കഥാപാത്രങ്ങൾ ചിത്രത്തിലുടനീളം ചിരിപ്പിക്കുകയും ചെറുതായി ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.
മലയാള സിനിമയിൽ ഈയടുത്തായി നിരവധി വേഷങ്ങൾ ഗൗതം വാസുദേവ് മേനോനെ തേടിയെത്തുന്നുണ്ട്. അക്കൂട്ടത്തിൽ ഓർത്തിരിക്കാൻ സാധിക്കുന്നൊരു കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രാധാന്യമുള്ളൊരു വേഷം മലയാളത്തിൽ ചെയ്യുന്ന ദേവയാനി തന്റെ കഥാപാത്രത്തെ മികച്ചതാക്കി.

തമാശയ്ക്കും ബന്ധങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയിരിക്കുന്ന കുടുംബചിത്രമാണ് 'അനുരാഗം'. പ്രണയിക്കാനും പ്രണയിക്കപ്പെടാനും പ്രായമോ സമയമോ ഒന്നും ഒരു തടസമല്ലെന്ന് ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഷീല ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ചു. ബന്ധങ്ങൾക്കിടയിലെ പ്രശ്നങ്ങളും അവയെല്ലാം കൃത്യമായി പരിഹരിക്കേണ്ടതിനെക്കുറിച്ചും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. സൗഹൃദങ്ങളുടെ പ്രാധാന്യവും ചിത്രം ചർച്ച ചെയ്യുന്നു. മനുഷ്യന്റെയുള്ളിലെ പ്രണയവും വാശിയും ഒക്കെ അനുരാഗത്തിലെ കഥാപാത്രങ്ങളാണെന്ന് പറയാനാകും.
പാട്ടുകളാണ് ചിത്രത്തിന്റെ പ്രധാന ഹെെലെെറ്റ്. മനോഹരമായൊരു തമിഴ് ഗാനവും ചിത്രത്തിലുണ്ട്. ഈ പാട്ടുകൾക്കെല്ലാം കഥയിൽ കൃത്യമായ പ്രാധാന്യവുമുണ്ട്. നിരവധി ഹ്രസ്വചിത്രങ്ങൾക്കും ആൽബങ്ങൾക്കും സംഗീതമൊരുക്കിയിട്ടുള്ള ജോയൽ ജോൺസാണ് അനുരാഗത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്ത്, മോഹൻ രാജ്, ടിറ്റോ പി. തങ്കച്ചൻ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

അശ്വിൻ ജോസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രാഹകൻ. ലിജോപോളാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. ലക്ഷ്മി നാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ., പ്രേമചന്ദ്രൻ എ.ജി. എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Content Highlights: gautham vasudev menon lena gauri kishan aswin jose movie anuragam review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..