-
ക്ലാസിക്ക്, ഡ്രാമ, കോമഡി, റോമാന്‍സ് എന്നീ ജോണറുകളില്‍ മലയാള സിനിമ ഒത്തിരി പുരോഗമിച്ചിട്ടുണ്ട്. മൂത്തോന്, കുമ്പളങ്ങി നൈറ്റ്സ്, വികൃതി, അങ്ങനെ ഒരുപിടി എത്രയോ നല്ല സിനിമകളിലൂടെ കഴിഞ്ഞ ദശകം സാക്ഷ്യം വഹിച്ചതും ആ വളര്‍ച്ചയാണ്. പക്ഷേ മലയാള സിനിമാമേഖലയില്‍ സൈക്കോ-ത്രില്ലര്‍ സിനിമകളുടെ ക്ഷാമമുണ്ടെന്നുള്ള ചീത്തപേര് മാത്രം മാറിയില്ല. എന്നാല്‍ അതില്‍ ഒരു മാറ്റമുണ്ടാക്കിയ സിനിമയാണ് പുതുവര്‍ഷത്തില്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന് നായകനായ അഞ്ചാം പാതിര. ബോളിവുഡിലും ഹോളിവുഡിലും മാത്രം കണ്ട് ശീലിച്ച, പേടിപ്പിക്കുന്ന, സീറ്റില്‍ പിടിച്ചിരുത്തുന്ന, തിരിഞ്ഞുനോക്കിയാല്‍ ഭയമുളവാക്കുന്ന ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ എന്ന രീതിയില്‍ 'അഞ്ചാം പാതിര' വിജയിച്ചു.
വലിയ പ്രതീക്ഷകളുടെ ഭാരവുമായിട്ടാണ് ഫോറൻസിക് വരുന്നത്. സീരിയൽ ക്രൈമുകളും സൈക്കോ കൊലപാതകികളും വിശ്വസനീയമായ രീതിയിൽ കോര്‍ത്തിണക്കി ആ പ്രതീക്ഷയെ തെല്ലും കുറയ്ക്കാതെ നല്ലൊരു സസ്പെൻസ് ത്രില്ലറാണ് ഫോറൻസിക്. ടോവിനോ തോമസ് നായക വേഷത്തിലെത്തിയ അനസ് ഖാനും 'സെവന്‍ത്ത് ഡേ' എന്ന പൃഥ്വിരാജ് ചിത്രത്തിന് തിരക്കഥയൊരുക്കിയ അഖില്‍ പോളും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് 'ഫോറന്‍സിക്'. പേരുപോലെ തന്നെ ശാസ്ത്രീയമായ രീതികളിലൂടെയുള്ള കുറ്റാന്വേഷണമാണ് സിനിമയുടെ പ്രമേയം. എന്നാല്‍ അതില്‍ ഒതുങ്ങിപ്പോകുന്ന ഒരു സിനിമയല്ല. പെണ്‍കുട്ടികളുടെ തിരോധാനവും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഈ ഇതിവൃത്തം ആവര്‍ത്തനമല്ലെ എന്ന സംശയം മനസ്സിലുണരുന്ന അടുത്ത ക്ഷണം സിനിമയുടെ ഗതി മാറും. ഈ അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെയാണ് സിനിമയുടെ സഞ്ചാരം. ഇതുതന്നെയാണ് ചിത്രത്തിന്റെ കരുത്തും.
കുട്ടികളില്‍ കൂടി വരുന്ന അക്രമവാസനയും മാനസികവൈകല്യങ്ങളും സിനിമയില്‍ ഏറെ പ്രാധാന്യത്തോടെ കാണിക്കുന്നുണ്ട്. അക്രമങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന ഈ സാഹചര്യത്തില്‍ ഫോറന്‍സിക് എന്ന സിനിമ തുറന്നുകാട്ടുന്നത് കുട്ടികളില്‍ അറിയാതെ പോകുന്ന ആ മാനസിക സംഘര്‍ഷങ്ങളെ കൂടിയാണ്. സാധാരണ സൈക്കോ ത്രില്ലര്‍ സിനിമകളില്‍ കാണുന്നതുപോലെയുള്ള കൊലപാതകങ്ങള്‍ നടക്കുന്നു, പോലീസ് അന്വേഷിക്കുന്നു, അവസാനം കൊലയാളി പിടിയിലാകുന്നു എന്ന രീതിയെ അപ്പാടെ മാറ്റുകയാണ് ഫോറന്‍സിക്. ഒരു സമയം കഴിയുമ്പോള്‍ കൊലയാളിയെ പ്രേക്ഷകനുമുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തി, കുറ്റാന്വേഷണത്തിന്റെ ഗതിയെ വിലയിരുത്തുന്ന പണി കാഴ്ചക്കാരന് വിട്ടു നല്‍കുകയാണ് സംവിധായകര്‍. ഇത് അവസാനം കണ്ടത് മിഷ്കിന്റെ 'സൈക്കോ' എന്ന സിനിമയിലാണ്.
പോലീസ് അന്വേഷണത്തില്‍ ഫോറന്‍സിക് അല്ലെങ്കില്‍ ശാസ്ത്രീയമായ രീതിയുള്ള ഒരു കുറ്റാന്വേഷണം എന്ന് പറയുന്നത് കുറച്ച് മാറ്റി നിര്‍ത്തപ്പെട്ട സംഗതിയാണ് പ്രത്യേകിച്ച് സിനിമകളില്‍. ഒരുപക്ഷേ മലയാള സിനിമയിലെ ത്രില്ലര്‍ സിനിമകളുടെ ഒരു പൊതു സ്വഭാവം നോക്കുകയാണെങ്കില്‍ ഇങ്ങനെയുള്ള ശാസ്ത്രീയ വശങ്ങള്‍ക്ക് അന്വേഷണങ്ങളിലുള്ള പ്രാധാന്യം അധികം ചര്‍ച്ചചെയ്യപ്പെടാറില്ല എന്ന് തന്നെ പറയാം. ഇവിടെ ഫോറന്‍സിക് എന്ന മേഖലയിലെ നൂതനസംഗതികള്‍ പോലും ശ്രദ്ധയോടെ സിനിമയില്‍ കൊണ്ടുവരാന്‍ ഫോറന്‍സിക്കിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാധിച്ചു. ഡി.എന്‍.എ. ടെസ്റ്റ്, നുണ പരിശോധന തുടങ്ങിയ പലതരം സാങ്കേതികമായ സാധ്യതകളെ ഉപയോഗിച്ച് അന്വേഷണത്തില്‍ പോലീസിനെ പോലെ തന്നെ ശാസ്ത്രീയ വിദഗ്ദരും എത്രത്തോളം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കാണിക്കുന്നുണ്ട്. എന്നിരുന്നാലും ചില ക്ലീഷേ സീനുകളും സംഭാഷണങ്ങളും രീതികളുെ പോലും ഒഴിവാക്കാമായിരുന്നു എന്ന് തോന്നിപ്പോകും. പക്ഷേ അത് സിനിമയുടെ ഗതിയെ ഒട്ടും ബാധിക്കുന്നില്ല. പെട്ടെന്ന് നീങ്ങുന്ന കഥയാണ് ഫോറന്‍സിക്കിന്റെ എടുത്തു പറയേണ്ട പ്രത്യേകത.
ടോവിനോ തോമസ്, മംമ്ത മോഹന്‍ദാസ്, സൈജു കുറുപ്പ്, റേബ മോണിക്ക, ഡോ. റോണി ഡേവിഡ് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതാണ്. മംമ്ത മോഹന്‍ദാസിന്റെ പോലീസ് കഥാപാത്രം ഋതികാ സേവിയര്‍ ഐ.പി.എസ്സും ടോവിനോയുടെ ഡോ. സോമുവല് ജോണ്‍ കാട്ടൂകാരനും തിയ്യറ്ററില്‍ കയ്യടിനേടി. 2005-ല്‍ പുറത്തിറങ്ങിയ അരങ്ങേറ്റചിത്രമായ മയൂഖത്തിനുശേഷം മംമ്ത മോഹന്‍ദാസ്-സൈജു കുറുപ്പ് ജോഡി ഒന്നിക്കുന്ന സിനിമ കൂടിയാണ് ഫോറന്‍സിക്. ഇവരെ കൂടാതെ രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്, അനില്‍ മുരളി, ധനേഷ് ആനന്ദ്, അന്‍വര്‍ ഷെരീഫ് തുടങ്ങിയവരുടെ പ്രകടനങ്ങളും അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി. ഇതില്‍ പ്രത്യേകം എടുത്തു പറയേണ്ടത് കുട്ടികളുടെ പ്രകടനമാണ്. ഒരാളില്‍ കേന്ദ്രീകരിക്കാതെ സിനിമയിലെ ഓരോ കഥാപാത്രത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം സിനിമയില്‍ നല്‍കിയിട്ടുണ്ട്.
അഞ്ചാം പാതിരയുടെ ത്രില്‍ മാറാതെ നില്ക്കുന്ന മലയാളി പ്രേക്ഷകന് ഫോറന്‍സിക് തീര്‍ച്ചയായും നല്ലൊരു കാഴ്ചയൊരുക്കും. ആസ്വാദനത്തിനുള്ള എല്ലാ ചേരുവകളും ഒരുക്കുന്നതില്‍ അഖില്‍ പോളും അനസ് ഖാനും വിജയിച്ചിട്ടുണ്ട്. ജേക്സ് ബിജോയുടെ സംഗീതവും നിരാശപ്പെടുത്തിയില്ല. സുന്ദരമായ സീനുകളും ഭയപ്പെടുത്തുന്ന ഫ്രെയ്മുകളും അതിന്റെ ഭംഗി നഷ്ടപ്പെടാതെ ഒപ്പിയെടുക്കാന്‍ അഖില്‍ ജോര്‍ജ്ജിന്റെ ക്യാമറകണ്ണുകള്ക്കായി.
Content Highlights: Forensic movie review - tovino thomas mamtha mohandas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..