Etharkkum Thunindhavan
രണ്ടരവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു സൂര്യ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആക്ഷന്‍ പാക്ക്ഡ് എന്റര്ടെയ്നര്, പാണ്ഡിരാജിന്റെ സംവിധാനത്തില്‍ നടിപ്പിന് നായകന് സൂര്യ പ്രധാനവേഷത്തിലെത്തുന്ന 'എതര്‍ക്കും തുനിന്തവന്' എന്ന ചിത്രത്തെ വേണമെങ്കില്‍ അങ്ങനെ വിശേഷിപ്പിക്കാം. വാണിജ്യ സിനിമകളുടെ എല്ലാ ചേരുവകളും ഉണ്ടെങ്കിലും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം സമാന്തരമായി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ജയ് ഭീമിലൂടെ സാമൂഹിക പ്രതിബദ്ധത കൈകാര്യം ചെയ്യുന്ന നായകന്റെ അതേ പാത തന്നെയാണ് എതര്‍ക്കും തുനിന്തവനിലും സൂര്യ പിന്തുടരുന്നത്.
കണ്ണബീരാന്‍ എന്ന വക്കീല്‍ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ഗ്രാമവാസികളുടെ എന്ത് ആവശ്യത്തിനും മുന്‍പന്തിയില്‍ നില്ക്കുന്ന കുടുംബമാണ് കണ്ണബീരാന്റേത്. അച്ഛനായി സത്യരാജും അമ്മയായി ശരണ്യ പൊന്‍വണ്ണനും എത്തുന്നു. ഗ്രാമത്തിലെ പെണ്‍വാണിഭ സംഘത്തിന്റെ സാന്നിധ്യം കണ്ണബീരാന്‍ തിരിച്ചറിയുന്നിടത്താണ് കഥ നിര്‍ണായകമാകുന്നത്. പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യ ആസൂത്രകന്‍ ഇമ്പയാണ് (വിനയ് റായി). രണ്ടും കല്‍പ്പിച്ച് കണ്ണബീരാന്‍ ഇമ്പയ്ക്ക് എതിരേ പൊരുതുന്നു.
ഏതൊരു മാസ് പടത്തിലെയും പോലെ ഒരുനിമിഷത്തിന്റെ തോന്നലില്‍ വെറുതെയങ്ങ് പ്രതികാരത്തിനല്ല ഇവിടെ നായകനിറങ്ങുന്നത്. അതിനുള്ള കാരണവും കണ്ണബീരാന്റെ പഴയകാലവും ചിത്രം വ്യക്തമായി പറയുന്നുണ്ട്.
പണത്തിലും അധികാരത്തിലും മുന്‍പന്തിയിലുള്ള ഇമ്പയെ ജയിക്കാന്‍ കണ്ണബീരാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. എന്നാല്‍ ഫലമുണ്ടാകുന്നില്ല. തുടര്‍ന്ന് നീതിന്യായ വ്യവസ്ഥ പണക്കാരന് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിവില്‍ അയാള്‍ സാധാരണക്കാരനായി പ്രതികാരത്തിനിറങ്ങുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയുടെ കാതല്‍. തുടക്കത്തില്‍ കണ്ടുപഴകിയ തമിഴ് ചിത്രങ്ങളുടെ പ്ലോട്ട് അവതരിപ്പിക്കുകയും തുടര്‍ന്ന് അതൊരു സാമൂഹിക പ്രസക്തിയുടെ ട്രാക്കിലേക്ക് അനായാസേന മാറ്റിയെടുക്കാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
സാമൂഹിക പ്രസക്തിയും മാസ് ചിത്രങ്ങളുടെ ചേരുവയും സമാന്തരമായി ചേരുമ്പോഴും ചിരിക്കുള്ള വകയും ചിത്രം നല്‍കുന്നുണ്ട്. ചിത്രത്തിലെ പ്രധാന ഹാസ്യവേഷത്തില്‍ സൂരിയാണെത്തുന്നത്. എന്നാല്‍ ഹാസ്യരംഗങ്ങളില്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും സൂരിയെക്കാള് മറ്റ് കഥാപാത്രങ്ങള്‍ കൂടുതല്‍ സ്കോര്‍ ചെയ്തോ എന്ന് തോന്നിപ്പോയി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്യുമ്പോഴും അതിമനോഹര ഗാനരംഗങ്ങളുടെ അകമ്പടി ആരാധകര്‍ക്ക് വേണ്ടിയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.
തുടര്‍ച്ചയായുള്ള ഒ.ടി.ടി ഹിറ്റുകളുടെ അമിത പ്രതീക്ഷ തന്നെയായിരുന്നു എതര്‍ക്കും തുനിന്തവന് നേരിട്ട വെല്ലുവിളി. പ്രേക്ഷകര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം അതേപടി തന്നെ സൂര്യ നിലനിര്‍ത്തുന്നുണ്ട്. പ്രിയങ്ക മോഹന്‍ ആദ്യമായി സൂര്യയുടെ നായികയായി എത്തുന്നുവെന്ന് പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ അതിമനോഹരമാണ്. തന്റെ റൊമാന്റിക് ഹീറോ ഇമേജ് ഏറെക്കാലത്തിന് ശേഷം സൂര്യ വീണ്ടെടുക്കുന്ന ചിത്രം കൂടിയാണ് എതര്‍ക്കും തുനിന്തവന്.
ഏത് നടന്മാരുടെ അമ്മവേഷവും അതിഗംഭീരമായി അവതരിപ്പിക്കുന്ന ശരണ്യ പൊന്‍വണ്ണന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. സത്യരാജ്, പ്രതിനായക വേഷത്തിലെത്തിയ വിനയ് റായി എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. കൃത്യമായി ആസൂത്രണം ചെയ്ത ഒരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഡി.ഇമ്മന്റെ സംഗീതം തിയേറ്ററുകളില്‍ ആരാധകര്‍ക്ക് മാത്രമല്ല ഏതൊരു പ്രേക്ഷകനും വിരുന്ന് തന്നെയാണ്. മാസ് പടമിഷ്ടപ്പെടുന്നവര്ക്കും കലാമൂല്യമുള്ള സിനിമകളിഷ്ടപ്പെടുന്നവര്ക്കും ധൈര്യമായി എതര്‍ക്കും തുനിന്തവന് ടിക്കെറ്റെടുക്കാം.
Content Highlights: Etharkkum Thunindhavan, Review, Suriya Pandiraj, Priyanka Arul Mohan, Release
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..