ചിത്രത്തിൽ നിന്നും | PHOTO: SPECIAL ARRANGEMENTS
തിരുവാച്ചോല തറവാട്ടുകാരുടെ നാനൂറോളം ഏക്കർ പരന്നുകിടക്കുന്ന തോട്ടം, അവിടെയൊരു മുതലാളിയും അവർക്ക് വേണ്ടി പണിയെടുക്കുന്ന കുറെ തൊഴിലാളികളും. മുതലാളിയോട് കൂറും ആത്മാർത്ഥയുമുള്ള ഒരാളുണ്ട്, ഒതയോത്ത് ബേബിയെന്ന ഒ ബേബി. തൊഴിലാളികൾക്കും മുതലാളിക്കും ഇടയിൽ നിൽക്കുന്ന, തോട്ടത്തിന്റെ കാര്യങ്ങളെല്ലാം ഓടി നടന്ന് ചെയ്യുന്ന കരുത്തനായ ബേബി. പെട്ടെന്നൊരുദിവസം മുതലാളിയുടെ അനിഷ്ടത്തിന് ബേബി ഇരയായാലോ? സർവതും തകർക്കാൻ കെൽപ്പുള്ളവർക്കെതിരെ ബേബി പോരാട്ടത്തിനിറങ്ങുകയാണ്, തന്റെ കുടുംബത്തെക്കൂടി രക്ഷിക്കാൻ വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടം.
ബിജു മേനോനെ നായകനാക്കിയൊരുക്കിയ 'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന ചിത്രത്തിന് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ചിത്രമാണ് 'ഒ ബേബി'. ദിലീഷ് പോത്തനാണ് ടെെറ്റിൽ കഥാപാത്രമായ ബേബിയായി എത്തുന്നത്. രഞ്ജൻ പ്രമോദ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
.jpg?$p=09e9aed&&q=0.8)
പുരയ്ക്ക് മുകളിൽ വളരുന്ന മരം സ്വർണം കായ്ക്കുന്നതാണെങ്കിൽ പോലും വെട്ടി വീഴ്ത്തണം എന്ന ചൊല്ല് അന്വർത്ഥമാകുന്ന കാഴ്ച ഒ ബേബിയിലുമുണ്ട്. തങ്ങൾക്ക് ഭീഷണിയായി നിൽക്കുന്നത് എത്ര കൂറുള്ള ആളാണെങ്കിലും സർവനാശം ചെയ്യണം എന്ന ചിന്തയുള്ള മനുഷ്യരും ചിത്രത്തിലുണ്ട്. മുതലാളിമാരുടെ പണത്തിനും അധികാരത്തിനും കീഴെ വീർപ്പുമുട്ടി കഴിയേണ്ടി വരുന്ന ജീവിതങ്ങളും ഒടുവിൽ അവരുടെ ശബ്ദങ്ങൾ ഉയരുന്നതുമെല്ലാം ചിത്രത്തിൽ കാണാം.
പതിയെത്തുടങ്ങി നിഗൂഢതകളിലൂടെ സഞ്ചരിച്ച് ത്രില്ലർ മൂഡിലേയ്ക്ക് കടക്കുന്ന ചിത്രമാണ് ഒ ബേബി. കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രണയവും പകയും രാഷ്ട്രീയവും എല്ലാം സിനിമയിൽ ചർച്ചയാകുന്നുണ്ട്. കോവിഡ് കാലം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്. ടെക്നോളജിയുടെ വളർച്ച മനുഷ്യരിലുണ്ടാക്കുന്ന സ്വാധീനവും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.
.jpg?$p=a3c1fa2&&q=0.8)
ചിത്രത്തിൽ ബേബിയുടെ മകൻ ബേസിലും തിരുവാച്ചോല തറവാട്ടിലെ പുതിയ തലമുറയിലെ മിനിയും തമ്മിലുള്ള സൗഹൃദത്തിന് ചിത്രത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. ഇവരുടെ സൗഹൃദം ചിലരെ അലോസരപ്പെടുത്തുമ്പോൾ മറ്റു ചിലർക്കത് ഭയമാണ്. രണ്ട് മനുഷ്യർ തമ്മിലുള്ള സ്നേഹം കലഹത്തിലേയ്ക്ക് വഴിമാറുന്നതിനാണ് പിന്നീട് പ്രേക്ഷകർ സാക്ഷിയാകുന്നത്. ബേബിയുടെ മാനസിക സംഘർഷങ്ങളിലൂടെ കഥ പുരോഗമിക്കുമ്പോൾ ചിത്രം നിഗൂഢതകളുടെ കെട്ടഴിക്കുന്നുണ്ട്.
.jpg?$p=eb758f7&&q=0.8)
ബേബിയെന്ന കരുത്തനായ, കുടുംബത്തേയും ജോലിയേയും ഏറെ സ്നേഹിക്കുന്ന ബേബി എന്ന കഥാപാത്രം ദിലീഷ് പോത്തൻ ഭംഗിയാക്കി. സംഘട്ടന രംഗത്തിലും ദിലീഷ് പോത്തൻ മികവ് പുലർത്തി. രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കാടിന്റെ പശ്ചാത്തലത്തിലാണ് കഥ ഭൂരിഭാഗം സമയവും സഞ്ചരിക്കുന്നത്. അരുൺ ചാലിൽ ആണ് ഛായാഗ്രഹണം. സംജിത്ത് മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത്. വരുൺ കൃഷ്ണ, പ്രണവ് ദാസ് ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേവർപള്ളി എന്നിവർ ചേർന്നാണ് നിർമാണം.
Content Highlights: dileesh pothan ranjan pramod o baby malayalam movie review o baby review


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..