-
ഈ പതിറ്റാണ്ടിലെ ആദ്യ മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് സിദ്ദീഖ് സംവിധാനം ചെയ്ത ബിഗ് ബ്രദര്‍. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ കുടുംബബന്ധങ്ങളിലൂന്നിയുള്ള ത്രില്ലര്‍ ചിത്രമാണിത്. കുടുംബത്തിന് വേണ്ടി ചെറുപ്പത്തില്‍ തന്നെ കൊലപാതകിയായി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട സച്ചിദാനന്ദനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മാന്യമായി പെരുമാറുന്ന ഒരു തടവുപുള്ളിയാണ് ചിത്രത്തില്‍ സച്ചിദാനന്ദന്‍. എന്നിരുന്നാലും അകാരണമായി അയാളുടെ ശിക്ഷ 24 വര്‍ഷം നീട്ടിക്കൊണ്ടു പോകുന്നു. അതിനുള്ളിലേക്ക് കഥ കടക്കുന്നതോടെ സച്ചിദാനന്ദന്റെ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്നു.
ഷോഷാങ് റിഡംപ്ഷന്‍ എന്ന ഹോളിവുഡ് ചിത്രത്തിലേതിന് സമാനമായി ആയുസ്സിന്റെ ഒരു വലിയ പങ്കും ജയിലില്‍ ചെലവഴിച്ച സച്ചിദാനന്ദന് പുറംലോകവുമായി പൊരുത്തപ്പെടാനാകുന്നില്ല. സഹോദരന്‍ മനുവിന്റെ ശക്തമായ ഇടപെടല്‍ മൂലം ജയില്‍ മോചിതനായി വീട്ടിലെത്തിയ സച്ചിദാനന്ദന്‍ തുടക്കത്തില്‍ കടുത്ത മാനസിക വിഷമമാണ് അനുഭവിക്കുന്നത്. പ്രശ്‌നങ്ങളെ അതിജീവിച്ച് പുറംലോകവുമായി പൊരുത്തപ്പെടുന്ന സച്ചിദാനന്ദന്‍ സ്വസ്ഥമായ ജീവിതമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അയാളുടെ കുടുംബത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങള്‍ സച്ചിദാനന്ദന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്നു.
ആരാധകരെ തൃപ്തിപ്പെടുത്തുന്ന സംഘട്ടന രംഗങ്ങളും സംഭാഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയാണ് സംഘട്ടന രംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ത്രില്ലറായതിനാല്‍ എല്ലാതരത്തിലുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ചേരുവകള്‍ സംവിധായകന്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. ദീപക് ദേവിന്റെ സംഗീതവും ജീത്തു ദാമോദറിന്റെ ഛായാഗ്രഹണവുമെല്ലാം കഥാപശ്ചാത്തലത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.
ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ ആദ്യമായി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രമെന്ന നിലയിലും ബിഗ് ബ്രദര്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. മയക്കു മരുന്നു മാഫിയയിലെ അംഗങ്ങളെ എന്‍കൗണ്ടറിലൂടെ കൊന്നൊടുക്കുന്ന വേദാന്തം ഐ.പി.എസ് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തില്‍ അര്‍ബാസ് ഖാന്‍ അവതരിപ്പിക്കുന്നത്. സര്‍ജാനോ ഖാലിദ്, സിദ്ദീഖ്, ഹണി റോസ്, അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷണന്‍, ഇര്‍ഷാദ്, ടിനി ടോം എന്നിവരും അവരുടെ വേഷങ്ങള്‍ ഭംഗിയാക്കി.
Content Highlights: Big brother movie review, Mohanlal, siddique, Arbaaz Khan, Sarjano Khalid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..