അവസാനിക്കാതെ ജാതിക്കളികള്‍; അധഃസ്ഥിതന്റെ ജീവിതം പറയുന്ന 'ഭാരത സര്‍ക്കസ്'| Bharat circus Review


ശ്രീഷ്മ എറിയാട്ട്‌

.

ജാതിക്കളികളില്‍ നിന്ന് ഇന്നും മുക്തിനേടിയിട്ടില്ലാത്ത സമൂഹത്തെ പ്രമേയമാക്കി വീണ്ടും മറ്റൊരു മലയാളചലച്ചിത്രംകൂടി സ്‌ക്രീനിലെത്തിയിരിക്കുകയാണ്. നടന്‍ സോഹന്‍ സീനുലാൽ സംവിധാനം ചെയ്ത് ഡിസംബര്‍ 9ന് പുറത്തിറങ്ങിയ 'ഭാരത സര്‍ക്കസ്' പ്രേക്ഷകര്‍ക്ക് പരിചിതമായ വിഷയത്തെ വേറിട്ടരീതിയില്‍, ഹൃദ്യമായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. 'അടവുകള്‍ അവസാനിക്കുന്നില്ല' എന്ന ടാഗ് ലൈനോടുകൂടി എത്തിയ പൊളിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായ ചിത്രം സമൂഹത്തിലെ അധഃസ്ഥിത വിഭാഗം നിരന്തരമായി നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് അടിവരയിട്ടു പറയുന്നുണ്ട്. ഒരു ചെറിയ വിഭാഗത്തെ മാറ്റിനിര്‍ത്തിയാല്‍ ആളുകള്‍ക്കിടയില്‍ ജാതി ചോദിക്കുന്നതും പറയുന്നതും ഇന്നും ഒരു സ്വാഭാവിക കാര്യമാണ്. പല കാര്യങ്ങളിലും പുതുമകള്‍ വന്നെങ്കിലും ജാതിവേരുകളുടെ ഉറപ്പിനെ സമൂഹത്തില്‍നിന്ന് പൂര്‍ണമായും അറുത്തില്ലാതാക്കാന്‍ സാധിച്ചിട്ടില്ല എന്ന് സമകാലിക സംഭവങ്ങളെ മുന്‍നിര്‍ത്തി നിരത്തിവെക്കുന്നുണ്ട് ഈ സിനിമ.

വലിയ മാനസികസംഘര്‍ഷത്തോടെ ഒരു പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തുന്ന സാധാരണക്കാരനായ ഒരു മധ്യവയസ്‌കന്റെ ജീവിതത്തിലെ പിന്നീടുള്ള ദിവസങ്ങളാണ് ചിത്രത്തില്‍. അയാളുടെ പരാതിയില്‍ അന്വേഷണം നടത്തുന്ന പല മനോഭാവങ്ങളുള്ള പോലീസുകാരും, നാട്ടിലെ രാഷ്ട്രീയ പ്രതിനിധികളും സുഹൃത്തുക്കളുമെല്ലാമാണ് മറ്റ് കഥാപാത്രങ്ങളായി സ്‌ക്രീനില്‍ കടന്നുവരുന്നത്. പരാതി ഉടനെ കേസായി മാറിയപോലെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും ദുരൂഹതകളും പിന്നീടങ്ങോട്ട് മാറിമാറി വരുന്നുണ്ട് ചിത്രത്തിന്റെ കഥയില്‍. ലക്ഷ്മണന്‍ കാണിയെന്ന പരാതിക്കാരനായി ബിനു പപ്പു സിനിമയില്‍ പകര്‍ന്നാടിയിട്ടുണ്ട്. സി.ഐ. ജയചന്ദ്രന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സംവിധായകന്‍ എം.എ. നിഷാദിന്റെ അഭിനയവും എടുത്തുപറയേണ്ടതാണ്. അനൂപ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായെത്തിയ ഷൈന്‍ ടോം ചാക്കോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

പ്രേക്ഷകരുടെ ഊഹങ്ങളെ ശരിവെച്ചേക്കാവുന്ന സിനിമയുടെ ആദ്യപകുതി അവസാനിക്കുന്നത് അവയെയെല്ലാം തകിടംമറിച്ചുകൊണ്ടാണ്. മുഖ്യധാരയില്‍നിന്ന് പല കാരണങ്ങളാല്‍ അദൃശ്യമാകേണ്ടിവരുന്ന മനുഷ്യരുടെ പ്രതിനിധിയായ ബിനു പപ്പു അവതരിപ്പിച്ച ലക്ഷ്മണന്‍ കാണി എന്ന കഥാപാത്രം എത്രത്തോളം ശക്തമാണെന്ന് പിന്നീടാണ് പ്രേക്ഷകര്‍ക്ക് വെളിപ്പെടുക. ആളുകളെ അവരുടെ പേരുകൊണ്ടും നിറംകൊണ്ടും നിര്‍വചിക്കുന്ന പൊതുസമൂഹത്തിന്റെ സ്വഭാവത്തെ ശക്തമായി ചോദ്യം ചെയ്യുന്നുണ്ട് ചിത്രം. സിനിമയിലെ സംഭാഷണങ്ങള്‍ അതിന് സഹായിക്കുന്നതാണ്. അവസാന പകുതിയില്‍ ജാതി വേരുതേടി അലയേണ്ടിവരുന്ന ജീവിതങ്ങളെ കാണാം. ന്യായമായകാര്യത്തിനാണ് അതെങ്കിലും ഒരു സാധാരണക്കാരന്റെ ദുര്‍വിധിയായിത്തന്നെയാണ് ആ അവസ്ഥയെ കാണാനാകുക. അറുതിവന്നിട്ടില്ലാത്ത ഒരു ദുരവസ്ഥയെ ദൈന്യതയോടെ മാത്രം അവതരിപ്പിക്കുന്നതിന് പകരം വളരെ ശക്തമായ കഥാപാത്രങ്ങളിലൂടെ കഥപറഞ്ഞുപോകുന്നുണ്ട് 'ഭാരത സര്‍ക്കസ്'. പ്രേക്ഷകരെ മുഷുപ്പിക്കാതെ വളരെ ഗൗരവമുള്ള ഒരു വിഷയത്തെക്കുറിച്ച് പറയാന്‍ സിനിമ നല്ല ശ്രമം നടത്തിയതായാണ് അനുഭവപ്പെടുക.

ആകാംക്ഷനിറഞ്ഞ 'ഭാരത സര്‍ക്കസിന്റെ ട്രെയ്‌ലറിന് നേരത്തെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പി.എന്‍.ആര്‍ കുറുപ്പിന്റെ 'പുലയാടി മക്കള്‍' എന്ന കവിതയുടെ റീമിക്സ് ചിത്രത്തിലുള്‍പ്പെടുത്തിയതും ഏറെ ശ്രദ്ധ നേടി.

ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിച്ച സിനിമക്ക് തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായമാണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം. നായര്‍, നിയ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബിജിബാല്‍ സംഗീതവും ബി.കെ ഹരിനാരായണന്റെ വരികളും സിനിമ പറയുന്ന കാര്യത്തെ ശക്തമായിതന്നെ പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട്. സിനിമയുടെ പ്രമേയത്തെ അവതരിപ്പിച്ചതിലെ വ്യത്യസ്തത പ്രേക്ഷകരുടെ മുന്‍ധാരണകള്‍ക്കപ്പുറം സഞ്ചരിക്കുന്നതാണ്. കഥയിലേക്കിറങ്ങിക്കഴിഞ്ഞാല്‍ 'അവസാനിക്കാത്ത അടവുകളി'ല്‍ ചിലതെങ്കിലും അനുഭവിക്കേണ്ടിവന്നവരാണ് പ്രേക്ഷകരില്‍ പലരുമെന്ന ബോധ്യം വരുത്തുന്നതാണ് ചിത്രം.


Content Highlights: bharat circus movie, movie review, malayalam movie, shine tom chacko, binu pappu, sohan seenulal

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented