ബെല്ലിയും രഘുവും, ദ എലഫന്റ് വിസ്പറേഴ്‌സ് ഡോക്യുമൻററിയിൽനിന്നുള്ള ദൃശ്യം | ഫോട്ടോ കടപ്പാട്: നെറ്റ്ഫ്ളിക്സ്
നെറ്റ്ഫ്ളിക്സില്‍ 'ദ എലഫന്റ് വിസ്പറേഴ്‌സ്' എന്ന ഡോക്യുമെന്‍ററി കണ്ടവരാരും പെട്ടെന്നത് മറക്കാനിടയില്ല. ഒരു കുട്ടിയാനയും അവന്‍റെ പരിപാലകരായ ബെല്ലിയും ഭർത്താവ് ബൊമ്മനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ജീവിതം പറയുന്ന 40 മിനിറ്റ് ദൈർഘ്യമുള്ള കൊച്ചു സിനിമയാണത്. ആ ചിത്രത്തിനാണ് ഇത്തവണത്തെ മികച്ച ഡോക്യുമെന്ററി (ഹ്രസ്വചിത്ര വിഭാഗം) ചിത്രത്തിനുള്ള ഓസ്‌കര്‍ എന്നു കേട്ടപ്പോളുണ്ടായ സന്തോഷം ചെറുതല്ല. ഊട്ടി സ്വദേശിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മിച്ച 'ദ എലഫന്റ് വിസ്പറേഴ്‌സ്' ഈ വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യചിത്രമാണ്. ദക്ഷിണേന്ത്യയില്‍നിന്നുള്ള സിനിമ എന്നതുകൊണ്ടും കേരളത്തോടു ചേര്‍ന്നുകിടക്കുന്ന മുതുമലൈ നാഷണല്‍ പാര്‍ക്ക് പശ്ചാത്തലമായി വരുന്നു എന്നതുകൊണ്ടും മലയാളികള്‍ക്ക് ചേർത്തുപിടിക്കാവുന്ന ഒരു ഓസ്കർ സന്തോഷം കൂടിയാണിത്.
.jpg?$p=8a7b7b1&&q=0.8)
മുതുമല വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തെപ്പക്കാട് ആന പരിശീലനകേന്ദ്രത്തിലെ പരിശീലകരായ ബൊമ്മന്‍, ബെല്ലി ദമ്പതിമാരുടേയും അവിടെ എത്തിപ്പെട്ട രഘു എന്ന കുട്ടിയാനയുടെയും ജീവിതമാണ് എലഫന്റ് വിസ്പറേഴ്‌സ് പറയുന്നത്. ശരീരത്തിലാകെ പരിക്കേറ്റ് കാട്ടില്‍ ഒറ്റപ്പെട്ടുപോയ 11 മാസം പ്രായമുള്ള ആനക്കുട്ടിയെ വനപാലകര്‍ 2017-ല്‍ ആണ് കാട്ടുനായ്കര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസി ദമ്പതിമാരുടെ അടുത്തെത്തിക്കുന്നത്. പിന്നീട് ബെല്ലിയും ബൊമ്മനും ചേര്‍ന്ന് കുട്ടിയാനയെ പരിശീലിപ്പിക്കുന്നു, വളര്‍ത്തുന്നു, ഒരു കുടുംബമായി ഒരുമിച്ച് ഒരു വീട്ടിൽ ജീവിക്കുന്നു. പിന്നീട് പരിശീലനത്തിന്റെ ഒരു ഘട്ടമെത്തുമ്പോള്‍ രഘു അവരെ വിട്ട് ആനവളർത്തു കേന്ദ്രത്തിലേക്ക് പോകുന്നു. പകരം, രഘുവിന്റെ സ്ഥാനത്ത് അമ്മു എന്ന കുട്ടിയാന വരുന്നു. ആനയും മനുഷ്യരും തമ്മിലുള്ള, പ്രകൃതിയും മനുഷ്യരും തമ്മിലുള്ള, മനുഷ്യരും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തിന്റെ വൈകാരികമായ, ഹൃദയഹാരിയായ ആവിഷ്‌കാരമാണ് ഈ ഡോക്യുമെന്ററി എന്ന് ഒറ്റവാചകത്തിൽ പറയാം.
രഘു എന്ന് അവര്‍ പേരിട്ട അനാഥനായ ആനക്കുട്ടിക്ക് ഒരു സ്ത്രീ അമ്മയായി മാറുന്നതിന്റെ കഥാത്മകമായ ആവിഷ്‌കാരം കൂടിയാണ് ഈ ഡോക്യുമെന്‍ററി. ആനക്കുട്ടിയുടെ വളര്‍ച്ചയുടെയും അവനുചുറ്റിലുമുള്ള മനുഷ്യ-പ്രകൃതി ജീവിതത്തിന്‍റെയും വിവിധ ഘട്ടങ്ങള്‍ വര്‍ഷങ്ങളെടുത്ത് ചിത്രീകരിച്ചാണ് സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് സിനിമ പൂർത്തിയാക്കിയത്. മൂന്നുമാസം മാത്രം പ്രായമുള്ളപ്പോഴാണ് രഘുവിനെ താന്‍ കാണുന്നതെന്ന് കാര്‍ത്തികി ഗോണ്‍സാല്‍വസ് പറഞ്ഞിട്ടുണ്ട്. ഒന്നര വര്‍ഷത്തോളം അവനൊപ്പം ചെലവഴിച്ചതിനു ശേഷമാണ് ഡോക്യുമെന്ററി ആരംഭിച്ചത്. അത് പൂര്‍ത്തിയാക്കിയപ്പോഴേക്കും അഞ്ചുവര്‍ഷമെടുത്തു. ആനകള്‍ മാത്രമല്ല, മുതുമല വന്യജീവി സങ്കേതത്തിലെ നിരവധി മൃഗങ്ങളും പ്രകൃതിയുമെല്ലാം ചേരുന്ന ആവാസവ്യവസ്ഥയുടെ ചിത്രീകരണംകൂടിയായി അതു മാറുന്നത് അതുകൊണ്ടുകൂടിയാണ്.

ആനപരിശീലകരായ ബൊമ്മെന്റെയും ബെല്ലിയുടെയും രഘുവിന്റെയും ജീവിതമാണ് ഡോക്യുമെന്ററി പറയുന്നതെങ്കിലും, ബെല്ലിയും രഘുവും തമ്മിലുള്ള ശക്തമായ അമ്മ-മകന്‍ ബന്ധത്തിലാണ് ഡോക്യുമെന്ററി ഊന്നുന്നത്. പരിക്കേറ്റ് ദുര്‍ബലനായ ഒരു കുട്ടിയാനയില്‍നിന്ന്, നിര്‍വ്യാജസ്‌നേഹവും പരിചരണവും പങ്കുവെക്കലും കൊണ്ട് രഘുവിനെ ആരോഗ്യവാനായ ഒരാനയാക്കി മാറ്റുന്ന ബെല്ലിയുടെ, പ്രകൃതിയുടെ കാരുണ്യസ്പര്‍ശമാണ് ഡോക്യുമെന്ററി പങ്കുവെക്കുന്നത്. ബൊമ്മനും ബെല്ലിക്കും രഘു സ്വന്തം മകനായി മാറുന്നത് മനോഹരമായ ദൃശ്യങ്ങളിലൂടെ സംവദിക്കുന്നുണ്ട്, ചിത്രം. ഇവരുടെ ബന്ധം വ്യക്തമാക്കുന്ന നിരവധി ഹൃദയഹാരിയായ രംഗങ്ങള്‍ ഡോക്യുമെന്ററിയിലുണ്ട്. അതുതന്നെയാണ് ചിത്രത്തെ ഏറെ മനോഹരമാക്കുന്നതും.

കാടും മലകളും കാട്ടരുവികളും ചേര്‍ന്ന നീലഗിരിയുടെ മനോഹരമായ പ്രകൃതിയും ചിത്രത്തെ അതിഗംഭീരമായ കാഴ്ചാനുഭവമാക്കുന്നു. പ്രകൃതിയോടലിഞ്ഞുള്ള അവിടത്തെ ആദിവാസിജീവിതവും ആനകള്‍ അടക്കമുള്ള മൃഗങ്ങളോടുള്ള അവരുടെ സമീപനവും ചിത്രം രേഖപ്പെടുത്തുന്നു. ഒരു ഡോക്യുമെന്ററി എന്നതിനപ്പുറം, ഒരു കഥാചിത്രംപോലെ ആസ്വദിക്കാനാകുന്ന, കാഴ്ചക്കാരുടെ മനസ്സില്‍ ഹൃദ്യമായ കാഴ്ചാനുഭവമാകുന്നു ദ എലഫന്റ് വിസ്പറേഴ്‌സ്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെയും ആത്മബന്ധത്തിന്റെയും ചിത്രീകരണം എന്നതിലപ്പുറം ദക്ഷിണേന്ത്യയുടെ പാരിസ്ഥിതികാവബോധത്തിന്റെയും സഹജീവനത്തിന്റെയും സൂക്ഷ്മമായ ആവിഷ്‌കരണംകൂടിയാണ് ഈ കൊച്ചുസിനിമ. അതുകൊണ്ടുതന്നെ കാണാന്‍ മാത്രമല്ല, ഗാഢമായി അനുഭവിക്കാന്‍ കൂടിയുള്ളതാണിത്.
Content Highlights: Belli, Bomman, Raghu and the Nilgiris; The Elephant Whisperers on Oscar Peak
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..