-
ഒരാള്‍ നിയമത്തിന്റെ സംരക്ഷകനാകുന്നു. മറ്റൊരാള്‍ നിയമത്തെ പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ വളച്ചൊടിക്കുന്നു. ഇവര്‍ പരസ്പരം പോരടിച്ചാല്‍ ആര്‍ക്കാകും ജയം? ഈ ചോദ്യത്തിന്റെ ഉത്തരമാണ് സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രം മുന്നോട്ടുവെയ്ക്കുന്നത്.
പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം അട്ടപ്പാടിയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടക്കുന്ന സംഭവവികാസങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അനാര്‍ക്കലിയ്ക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും സച്ചിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് അയ്യപ്പനും കോശിയും. തികഞ്ഞ കൈയ്യടക്കത്തോടെ സിനിമയെ മറ്റൊരു തലത്തിലെത്തിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.
പേരുപോലെ അയ്യപ്പന്റെയും കോശിയുടെയും കഥയാണ് ചിത്രം പറയുന്നത്. അധികമാരുമറിയാത്ത മുണ്ടൂര്‍ കുമ്മാട്ടിയുടെ രംഗങ്ങള്‍ അഭ്രപാളിയിലെത്തിച്ചാണ് അയ്യപ്പനും കോശിയും സ്‌ക്രീനില്‍ തെളിയുന്നത്. അതെന്തിനാണ് കാണിക്കുന്നത് എന്ന ചോദ്യമുയരുമെങ്കിലും വഴിയെ അതിനുള്ള ഉത്തരം അയ്യപ്പനും കോശിയും പറഞ്ഞുതരും.
പിന്നീട് കേള്‍ക്കുന്നത് നഞ്ചിയമ്മ പാടിയ ആദിവാസി നാടന്‍പാട്ടാണ്. ഇതിനോടകം വൈറലായ പാട്ട് വരുന്നതോടെ തീയേറ്ററില്‍ ആവേശം അണപൊട്ടി. പാട്ടിനൊത്ത് നൃത്തം വെച്ച് കാണികള്‍ അപ്പോഴേക്കും സിനിമയുടെ ഭാഗമായി മാറിയിരുന്നു.
അര്‍ധരാത്രി അട്ടപ്പാടി വഴി ഊട്ടിയ്ക്ക് പോകുകയാണ് കോശിയും ഡ്രൈവറും. മദ്യനിരോധിത മേഖലയായ അട്ടപ്പാടി വനമേഖലയില്‍ വെച്ച് മദ്യലഹരിയിലുള്ള കോശിയെ 12 കുപ്പി മദ്യം കൈവശം വെച്ചതിന് പോലീസും എക്‌സൈസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അറസ്റ്റ് ചെയ്യുന്നു. പ്രമാണിയും മുന്‍ ഹവില്‍ദാറുമായ കോശി പോലീസിനെതിരെ ശക്തമായി പ്രതികരിക്കുകയും കൈയ്യേറ്റം നടത്തുകയും ചെയ്യുന്നു. ഇതിനെ എതിര്‍ക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായര്‍ കോശിയെ അറസ്റ്റ് ചെയ്യുന്നു.
മദ്യനിരോധിത മേഖലയില്‍ മദ്യം കടത്തിയതിന്റെ പേരില്‍ അകത്തിലാകുന്ന കോശിയുടെ മനസ്സില്‍ അയ്യപ്പന്‍ നായരോടുള്ള പക ഉടലെടുക്കുന്നു. കോശി അയ്യപ്പനെ മറ്റൊരു കേസില്‍ കുടുക്കുന്നു. പിന്നീട് ഇരുവരും തമ്മില്‍ നടത്തുന്ന പോരാട്ടമാണ് അയ്യപ്പനും കോശിയും മുന്നോട്ടുവെയ്ക്കുന്നത്.
സത്യത്തിന്റെ പക്ഷത്ത് മാത്രം സഞ്ചരിക്കുന്ന അയ്യപ്പന്‍ മനുഷ്യത്വത്തിന്റെ പേരില്‍ ചെയ്യുന്ന ചെറിയൊരു തെറ്റിന് നേരിടേണ്ടി വരുന്ന പരിണിത ഫലങ്ങള്‍ വളരെ വലുതാണ്. അതിന് കാരണക്കാരനാകുന്നത് കോശിയും. ഇതോടെ ഇരുവരും ബദ്ധ ശത്രുക്കളായി മാറുന്നു.
അയ്യപ്പനായി ബിജുമേനോനും കോശിയായി പൃഥ്വിരാജും അഭിനയച്ചിരിക്കുന്നു. അനാര്‍ക്കലിയില്‍ കണ്ടതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അഭിനയമികവാണ് ഇരുവരും കാഴ്ചവെച്ചിരിക്കുന്നത്.
റിട്ടേയര്‍ഡ് ഹവില്‍ദാറായ കോശി കട്ടപ്പനയിലെ അതിസമ്പന്നനാണ്. രാഷ്ട്രീയമുള്‍പ്പെടെയുള്ള സമഗ്ര മേഖലയിലും പിടിപാടുള്ളവന്‍. അതിന്റെ ഹുങ്കും അഹങ്കാരവും ഏറെയുണ്ടെങ്കിലും ഉള്ളിലെവിടെയോ അയാളില്‍ ഒരു നല്ല മനുഷ്യനുണ്ട്. പക്ഷേ അയാളുടെ ഞാനെന്ന ഭാവം അതിനെ തച്ചുടയ്ക്കുന്നു. കോശി കുര്യനായുള്ള പൃഥ്വിരാജിന്റെ പ്രകടനം ഗംഭീരമാണ്. ഓരോ നോട്ടത്തില്‍ വരെ അഹങ്കാരച്ചുവയുള്ള അഭിനയം കാഴ്ചവെയ്ക്കാന്‍ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്.
അട്ടപ്പാടി സബ് ഇന്‍സ്‌പെക്ടറായ അയ്യപ്പന്‍ നായരായി വേഷമിട്ട ബിജുമേനോന്‍ രണ്ടു തലത്തിലുള്ള വേഷങ്ങളെയാണ് അഭ്രപാളിയിലെത്തിച്ചിരിക്കുന്നത്. നിയമം മാത്രം നോക്കി സത്യസന്ധമായി ജോലി ചെയ്യുന്ന 27 വര്‍ഷത്തെ സര്‍വീസുള്ള അയ്യപ്പന്‍ നായര്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. സ്വന്തം ഭാര്യയ്‌ക്കെതിരെ പരാതി വന്നപ്പോള്‍ പോലും മുഖം നോക്കാതെ നടപടിയെടുത്ത ഓഫീസറാണ് അയ്യപ്പന്‍. എന്നാല്‍ കോശി കാരണമുണ്ടാകുന്ന ചില പ്രശ്‌നങ്ങളില്‍ നിന്നും പിടിവള്ളി നഷ്ടപ്പെടുന്ന അയ്യപ്പന്‍, അനുസരിച്ച അതേ നിയമങ്ങളെ കാറ്റില്‍പ്പറത്തി കോശിയോട് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.
എല്ലാം നഷ്ടപ്പെട്ടതോടെ അയ്യപ്പന്‍ 27 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള, തന്റേടിയായ അപകടകാരിയായ മുണ്ടൂരുകാരനാകുന്നു. പിന്നീട് നിയമങ്ങളുടെ നൂലാമാലകളിലൂടെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും തല്ലുകൂടിയുമെല്ലാം അയ്യപ്പനും കോശിയും സഞ്ചരിക്കുന്നു.
തുല്യശക്തികളായ അയ്യപ്പനും കോശിയും ഏറ്റുമുട്ടുമ്പോള്‍ ജയം ആരുടെ പക്ഷത്ത് എന്ന ചോദ്യമുയരും. അതുതന്നെയാണ് സിനിമയുടെ വിജയവും. ഇരുവര്‍ക്കും പ്രതിഷേധിക്കാന്‍ അവരവരുടേതായ കാരണങ്ങളുണ്ട്.
ആദ്യപകുതിയില്‍ പൃഥ്വിരാജാണ് സ്‌കോര്‍ ചെയ്യുന്നതെങ്കില്‍ രണ്ടാം പകുതിയോടെ ബിജുമേനോന്‍ കളം കീഴടക്കുന്നു.
രക്തത്തിന് കൊഴുപ്പ് കൂടുതലാണെന്ന് പറഞ്ഞ് കോശിയും കൂമ്പിന് മരുന്നടിയാണെന്ന് പറഞ്ഞ് അയ്യപ്പനും തീയേറ്ററുകളില്‍ ആവേശം വിതറിയപ്പോള്‍ അവരുടെ മുഖത്ത് തെളിഞ്ഞ അതേ വീരമാണ് തീയേറ്ററിലിരുന്ന പ്രേക്ഷകരിലും കാണാനാകുക.
നായകനാര് പ്രതിനായകനാര് എന്ന ചോദ്യം പ്രേക്ഷകരെ കുഴപ്പിക്കും. എന്നാലും മനസ്സിനോട് ചേര്‍ന്നു നില്‍ക്കുന്നത് അയ്യപ്പന്‍നായരാണ്. പേരിലുള്ള നായര്‍ എന്ന പേരില്‍ തന്നെ പ്രതിഷേധം കൊണ്ടുനടക്കുന്ന അയ്യപ്പന്‍ നായര്‍ ആദിവാസി യുവതിയായ കണ്ണമ്മയെ കല്യാണം കഴിച്ച് അട്ടപ്പാടിയില്‍ തന്നെ ജീവിക്കുന്നു.
കട്ടപ്പനയിലെ വലിയ നേതാവും അതിലുപരി സമ്പന്നനുമായ കുര്യന്‍ ജോണിന്റെ മകനാണ് കോശി. സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചാച്ചന്റെ പേരിലും തണലിലുമാണ് അയാള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ചാച്ചന്റെ അടിമയായി ജീവിക്കുന്നതിന്റെ സ്വന്തമായി തീരുമാനം എടുക്കാന്‍ സാധിക്കാത്തതിന്റെ എല്ലാ പ്രശ്‌നങ്ങളും കോശിയ്ക്കുണ്ട്. ഉന്നതരുമായി ആത്മബന്ധം പുലര്‍ത്തുന്ന കോശി ആ ബന്ധത്തിലൂടെയാണ് അയ്യപ്പന്‍ നായരുടെ ശത്രുവായി മാറുന്നത്. ചാച്ചന്റെ കൈയ്യിലെ പാവ പോലെ നടന്ന കോശി പിന്നീട് അത് അറുത്തുമാറ്റുന്നുമുണ്ട്.
കുര്യന്‍ ജോണായി വേഷമിട്ട് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകനും ഈ ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ രഞ്ജിത്ത്. കൂടെ എന്ന ചിത്രത്തില്‍ കണ്ട സ്‌നേഹനിധിയായ അപ്പനല്ല കുര്യന്‍ ജോണ്‍. ക്രൂരനായ, മകനെ അടിമയെപ്പോലെ കാണുന്ന അഹങ്കാരത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് കുര്യന്‍ ജോണ്‍. ആ വേഷം തികഞ്ഞ കൈയ്യടക്കത്തോടെ രഞ്ജിത്ത് സ്‌ക്രീനിലെത്തിച്ചു. ചില രംഗങ്ങളില്‍ നിശബ്ദത വലിച്ചുകീറി രഞ്ജിത്തിന്റെ ചില നെടുനീളന്‍ ഡയലോഗുകള്‍ തീയേറ്ററില്‍ കൈയ്യടിനേടി.
അയ്യപ്പന്‍ നായരുടെ ഭാര്യയായി വേഷമിടുന്ന ഗൗരി നന്ദയും വേഷം മികച്ചതാക്കി. ശബ്ദിക്കാന്‍ ചങ്കൂറ്റമുള്ള പ്രശ്‌നങ്ങളെ ഗൗരവത്തോടെ നേരിടുന്ന ആദിവാസി യുവതിയായ കണ്ണമ്മയാണ് അയ്യപ്പന്റെ ശക്തി. ഇരുവരും തമ്മിലുളള കെമിസ്ട്രി സിനിമയില്‍ ഉടനീളം കാണാനാകും.
എടുത്തുപറയേണ്ട മറ്റൊരു പ്രകടനം അനില്‍ നെടുമങ്ങാടിന്റേതാണ്. സി.ഐ ആയി വേഷമിട്ട അനില്‍ തന്റെ വേഷം ഗംഭീരമാക്കി. ജോണി ആന്റണി, സാബുമോന്‍, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അജി ജോണ്‍, നന്ദു ആനന്ദ്, അനു മോഹന്‍, അലെന്‍സിയര്‍, അന്ന രാജന്‍, ഷാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
അട്ടപ്പാടിയിലാണ് സിനിമ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. അട്ടപ്പാടിയുടെ തനത് സൗന്ദര്യം ആവോളം ഒപ്പിയെടുക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ആദിവാസി നൃത്തവും പാട്ടുകളുമെല്ലാം സിനിമയുടെ പ്ലസ് പോയന്റുകളാണ്. ആദിവാസികളനുഭവിക്കുന്ന പ്രശ്‌നങ്ങളിലേക്കും സിനിമ വിരല്‍ ചൂണ്ടുന്നുണ്ട്.
അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ സസ്‌പെന്‍സുകളോ ഇല്ലെങ്കിലും മൂന്നുമണിക്കൂറോളം പ്രേക്ഷനെ പിടിച്ചിരുത്താവുന്ന എല്ലാ ചേരുവകളും തിരക്കഥയില്‍ സച്ചി ഒരുക്കിയിട്ടുണ്ട്.
സുദീപ് ഇളമണ്ണിന്റെ ഛായാഗ്രഹണം മികച്ചുനിന്നു.എടുത്തുപറയേണ്ട മറ്റൊരു കാര്യം സംഗീതവിഭാഗമാണ്. ജേക്‌സ് ബിജോയ്‌യുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നു.
രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്ന് നിര്‍മിച്ച ചിത്രം തീയേറ്ററുകളിലെത്തിച്ചിരിക്കുന്നത് സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ്. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.
എല്ലാത്തരത്തിലുമുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന 2020-ല്‍ ഇതുവരെ ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ് അയ്യപ്പനും കോശിയും.
Content Highlights: Ayyappanum Koshiyum Film Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..