ആയിഷ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/theManjuWarrier
നിലമ്പൂര്‍ ആയിഷ, കേരളത്തിലെ കലാസാംസ്കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന പേരുകളിലൊന്ന്. 1950കളില്‍ കേരളത്തിലാരംഭിച്ച രാഷ്ട്രീയ നാടക പ്രസ്ഥാനത്തിലൂടെ അരങ്ങിലെത്തിയ നിലമ്പൂര്‍ ആയിഷ കലാരംഗത്തെ മുസ്ലീം വനിതകളുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നു. കല്ലും മുള്ളും നിറഞ്ഞതായിരുന്നു ഐഷയുടെ യാത്ര. സമുദായത്തിന്റെ എതിര്‍പ്പുകളെയും മറികടന്ന് നാടകലോകത്ത് തന്റേതായ ഇടംനേടി. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് വേദികളില്‍ ആയിഷ വ്യത്യസ്ത കഥാപാത്രങ്ങളായി നിറഞ്ഞാടി. നാടകത്തില്‍ മാത്രമല്ല, കണ്ടം ബെച്ച കോട്ട്, സുബൈദ, കുട്ടികുപ്പായം, ഓളവും തീരവും, കുപ്പിവള തുടങ്ങി 2022 ല്‍ പുറത്തിറങ്ങിയ വണ്ടര്‍ വുമണ്‍ വരെ എത്തി നില്ക്കുന്നു ആയിഷയുടെ സിനിമാ ജീവിതം. ഇന്ന് നിലമ്പൂര്‍ ആയിഷയുടെ ജീവിതകഥയുമായി സാമ്യം പുലര്‍ത്തുന്ന ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച് ആമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ആയിഷ. തികച്ചും സാങ്കല്പ്പികമായ ഒരു ലോകത്ത് നിലമ്പൂര്‍ ആയിഷയുടെ ജീവിതാനുഭവങ്ങളെ സിനിമാറ്റിക്കായി പറിച്ച് നട്ടിരിക്കുകയാണ് സംവിധായകന്.
1980- 1990 കാലഘട്ടത്തിലാണ് ചിത്രം കഥ പറയുന്നത്. ഗള്‍ഫാണ് പ്രധാന ലൊക്കേഷന്‍. ജീവിതപ്രാരാബ്ധങ്ങളില്‍ നിന്ന് കരകയറാന്‍ ഗദ്ദാമയായി (വീട്ടുജോലിക്കാരി) ജോലി ചെയ്യാനായി ഗള്‍ഫിലെത്തുന്ന ആയിഷയാണ് (മഞ്ജു വാര്യര്‍) ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സൗദിയിലെ ഒരു വലിയ കുടുംബത്തിലാണ് ആയിഷ ജോലിക്കെത്തുന്നത്. ആയിഷയെക്കൂടാതെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ ഗദ്ദാമകള് അവിടെ ജോലി ചെയ്യുന്നു. മാമാ (അമ്മ) എന്ന് വിളിക്കുന്ന വൃദ്ധയാണ് ആ കുടുംബത്തിന്റെ സര്‍വ്വാധികാരി. അവരുടെ മക്കളും മരുമക്കളും പേരക്കുട്ടികളുമാണ് കുടുംബത്തിലെ മറ്റംഗങ്ങള്‍. വാര്‍ധക്യസഹജമായ രോഗങ്ങള്‍ അവരെ ഒരു മുന്‍കോപക്കാരിയും വാശിക്കാരിയുമാക്കി മാറ്റിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ആയിഷയുടെ രംഗപ്രവേശം.
സൗദിയിലെ ഒരു മാര്‍ക്കറ്റില്‍ വച്ചുണ്ടാകുന്ന സംഭവം ആയിഷയെ അവളുടെ ഭൂതകാലത്തേക്ക് കൊണ്ടുപോകുന്നു. നാടകവും വിപ്ലവവുമായി നടന്നിരുന്ന ഒരു കരുത്തയായ ആയിഷയുടെ മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ നിന്ന് അനാവരണം ചെയ്യുന്നത് ഈ സംഭവത്തോടെയാണ്. തെരുവിലെ കടകളില്‍ ജോലി ചെയ്തിരുന്ന ഏതാനും മലയാളി പ്രവാസികള്‍ അവളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്.
തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ് ആയിഷ. മഞ്ജു വാര്യരുടെയും മാമയെ അവതരിപ്പിച്ച മോണ എസ്സേയുടെയും പ്രകടനം എടുത്തുപറയേണ്ടതാണ്. കൃഷ്ണ ശങ്കര്‍, രാധിക, ഷംസുദ്ദീന് എം.ടി എന്നിവരെക്കൂടാതെ ആഫ്രിക്ക, ഫിലിപ്പൈന്‍, ടുണീഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭിനേതാക്കള്‍ ചിത്രത്തില്‍ വേഷമിടുന്നു. ആഷിഫ് കക്കോടിയാണ് ആയിഷയുടെ കഥയും തിരക്കഥയും നിര്‍വഹിച്ചത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ സംവിധായകന് സക്കറിയ മുഹമ്മദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Ayisha Malayalam Movie Review, Manju warrier, Aamir Pallikkal film, nilambur ayisha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..