അവിയൽ ചിത്രത്തിൽ ജോജു ജോർജ്ജ്, അനശ്വര രാജൻ, ആത്മീയ രാജൻ, സിറാജ്ജുദ്ധീൻ എന്നിവർ | Photo-facebook.com/Aviyal-Movie-102548515195925
ജോജു ജോര്‍ജ്ജ്, അനശ്വര രാജന് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അവിയല്‍'. ഫിലിപ്പ്സ് ആന്‍ഡ് ദി മങ്കിപെന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാനില്‍ അണിയിച്ചൊരുക്കുന്ന ചിത്രം പറയുന്നത് വേറിട്ടൊരു പ്രമേയമാണ്. പരീക്ഷണ ചിത്രമെന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ചിത്രം അച്ഛന്-മകള്‍ ബന്ധത്തിന്റെ കഥയാണ് പറയുന്നത്. വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ചേരുവകളെല്ലാം ചേര്‍ത്തൊരു അവിയല്‍ പരുവം. പ്രണയം, സൗഹൃദം, കുടുംബ ബന്ധങ്ങള്‍ അങ്ങനെ ഒട്ടനേകം ചേരുവകള്‍.
കഥ പുതുമയുള്ളതല്ലെങ്കിലും അവതരണത്തില്‍ പുതുമയുണ്ട്. മുമ്പ് പല തവണയായി കണ്ടിട്ടുള്ള കഥ തികച്ചും വേറിട്ടൊരു രീതിയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഷാനില്‍. കുട്ടിക്കാലം മുതല്‍ താന്‍ കണ്ട ഹീറോയായ അച്ഛന്റെ പഴയക്കാലം അച്ഛനിലൂടെ തന്നെ മകള്‍ അറിയുന്നു. അച്ഛനായി ജോജു ജോര്‍ജ്ജ് എത്തുമ്പോള്‍ മകളായി എത്തുന്നത് അനശ്വര രാജനാണ്.
സംഗീതത്തിനോട് അതിയായ അഭിനിവേശമുള്ള ഒരു കണ്ണൂര്‍കാരനായ കൃഷ്ണകുമാറിന്റെ ജീവിതത്തിലുണ്ടാകുന്ന നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും പട്ടികയാണ് ചിത്രം. ജോജു ജോര്‍ജ്ജ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ കൃഷ്ണകുമാറിന്റെ കാഴ്ചപ്പാടിലൂടെയുള്ള അയാളുടെ തന്നെ ജീവിതമാണ് ചിത്രം പറയുന്നത്.
പുതുമുഖമായ സിറാജ്ജുദ്ധീന്‍ നാസറാണ് ജോജുവിന്റെ പഴയക്കാലം അവതരിപ്പിക്കുന്നത്. ജോജുവിന്റെ ജീവിതത്തിലെ പല കാലഘട്ടങ്ങളിലൂടെയും തിരക്കഥ സഞ്ചരിക്കുന്നതിനാല്‍ ശരീരമാറ്റത്തിന് വേണ്ടി രണ്ട് വര്‍ഷമെടുത്താണ് സിറാജ്ജുദ്ധീന്‍ ചിത്രം പൂര്‍ത്തിയാക്കിയത്. ജോജുവിന്റെ ബാല്യകാലം, കൗമാരം, യൗവനം എന്നീ വേഷപ്പകര്‍ച്ചകളെല്ലാം ഗംഭീരമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
കഥാപശ്ചാത്തലം ആവശ്യപ്പെടുന്നത് കൊണ്ടു തന്നെ ഒട്ടനേകം ഗാനങ്ങളും ചിത്രത്തില്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. പ്രകടനത്തില്‍ മുന്‍പന്തിയില്‍ സിറാജ്ജുദീന്‍ നിന്നപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആത്മീയ രാജന്, പ്രശാന്ത്, സുബീഷ് സുധി എന്നിവര്‍ക്ക് സാധിച്ചു. പുതുമുഖത്തിന്റെ യാതൊരു ഭാവഭേദങ്ങളുമില്ലാതെ വേഷം മികച്ചതാക്കാന്‍ സിറാജ്ജുദീന്‍ കഴിഞ്ഞിട്ടുണ്ട്.
ജോജു ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതാണ് ചിത്രത്തിലെ കഥാപാത്രം. പോരായ്മകള്‍ ഏതുമില്ലാത്ത തിരക്കഥ ചിത്രം പറയുന്ന കഥയ്ക്ക് കൂടുതല്‍ ആധികാരികത നല്കി.
ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജും ആത്മീയ രാജനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'അവിയല്‍'. അഞ്ജലി നായര്‍, പ്രശാന്ത്, ഡെയിന്‍ ഡേവിസ്, വിഷ്ണു ഗോവിന്ദന്, സ്വാതി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. സുദീപ് എളമണ്‍, ജിംഷി ഖാലിദ്, രവി ചന്ദ്രന്, ജിക്കു ജേക്കബ് പീറ്റര്‍ എന്നിങ്ങനെ നാല് പേരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
കണ്ണൂര്‍, ഗോവ, കൊടൈക്കനാല്‍ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. പുതുമുഖങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മനു മഞ്ജിത്, നിസ്സാം ഹുസൈന്, മാത്തന്, ജിസ് ജോയ് തുടങ്ങിയവരുടെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ, ശരത് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പരീക്ഷണ ചിത്രങ്ങളിഷ്ടപ്പെടുന്നവര് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് 'അവിയല്‍'.
Content Highlights: Aviyal malayalam movie review Starring Joju george, Anaswara Rajan, Athmeeya rajan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..