കടല്‍കാഴ്ചകളുടെ മാന്ത്രികത;  അവതാര്‍ ദ വേ ഓഫ് വാട്ടര്‍ | Avatar the Way of Water Review


അനന്യലക്ഷ്മി ബി.എസ്.

അവതാര്‍ ഒന്നാം ഭാഗത്തില്‍ നിന്ന് അവതാര്‍ ദ വേ ഓഫ് വാട്ടറിനെ വ്യത്യസ്തമാക്കുന്നതും കടലൊരുക്കിയ നിറക്കൂട്ടാണ്

Avatar the Way of Water

നീണ്ട 13 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് അക്ഷമയോടെ കാത്തിരിക്കണമെങ്കില്‍ അത് വെച്ചുനീട്ടുന്ന പ്രതീക്ഷകള്‍ അത്രത്തോളമായിരിക്കണം. അവതാര്‍ ദ വേ ഓഫ് വാട്ടറിനായി കാത്തിരിക്കാന്‍ ജെയിംസ് കാമറൂണ്‍ എന്ന ബ്രാന്‍ഡ് നെയിമും അവതാര്‍ ബാക്കി വെച്ച വിസ്മയത്തിന്റെ തുണ്ടും ധാരാളമായിരുന്നു. വര്‍ണ്ണനകള്‍ക്കതീതമായ ദൃശ്യവിസ്മയം. അവതാര്‍ ദ വേ ഓഫ് വാട്ടറിന്റെ ദൃശ്യകാന്തി പകര്‍ത്താന്‍ വാക്കുകള്‍ പരതേണ്ടിവരും. കാമറൂണീന്റെ ക്രിയാത്മകത സാങ്കേതികതയെ ചേര്‍ത്തണച്ചപ്പോള്‍ പിറന്നത് കാഴ്ചഭംഗിയുടെ പുതിയ മാനങ്ങളായിരുന്നു.

പാന്‍ഡോറയുടെ മായാലോകത്തു നിന്ന് കടല്‍കാഴ്ചകളുടെ മാന്ത്രികതയിലേക്കുള്ള നാവികളുടെ യാത്ര. അവതാര്‍ ഒന്നാം ഭാഗത്തില്‍ നിന്ന് അവതാര്‍ ദ വേ ഓഫ് വാട്ടറിനെ വ്യത്യസ്തമാക്കുന്നതും കടലൊരുക്കിയ നിറക്കൂട്ടാണ്. 'ആകാശമനുഷ്യരില്‍' നിന്നും തങ്ങളുടെ മണ്ണും നിലനില്‍പ്പും പൊരുതി നേടിയ നാവികള്‍ ഓര്‍മ്മകളുടെ മുറിവുണക്കി സന്തോഷത്തിന്റെ നല്ല നാളുകളിലേക്ക് തിരികെയെത്തിയിരുന്നു. മനുഷ്യന്റെ പൊയ്മുഖങ്ങള്‍ വലിച്ചെറിഞ്ഞ് പൂര്‍ണ്ണമായും നാവിയായി മാറിയ ജേക്ക് സുള്ളിയും, നെയ്ത്രിയും പാന്‍ഡോറയുടെ സുരക്ഷിതത്വത്തില്‍ കുടുംബമായി ജീവിക്കുകയാണ്. നെതിയാം, കിരി, ലുവാക്, ടുക് എന്നിങ്ങനെ നാലു മക്കളാണ് ഇവര്‍ക്ക്. കുട്ടികളുടെ കുറുമ്പും കളിചിരികളുമൊരുക്കിയ സന്തോഷം കെടുത്തികൊണ്ട് ആകാശമനുഷ്യര്‍ പാന്‍ഡോറയിലേക്ക് തിരിച്ചെത്തുന്നു. അതോടെ തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ പലായനത്തിനൊരുങ്ങുകയാണ് ജേക്ക്. തങ്ങളുടെ കുടുംബത്തെ തെരുപ്പിടിക്കാനുള്ള ജേക്കിന്റെയും നെയ്ത്രിയുടേയും പോരാട്ടമാണ് അവതാര്‍ ദ വേ ഓഫ് വാട്ടര്‍.

അവതാര്‍ ഒന്നാം ഭാഗത്തിലെ പോലെ അഗമ്യമായ കഥ പറഞ്ഞുവെക്കാന്‍ അവതാര്‍ ദ വേ ഓഫ് വാട്ടറിനായി എന്ന് പറയാനാവില്ല. ഒന്നാം ഭാഗവുമായി ചേര്‍ത്തു വയ്ക്കുമ്പോള്‍ ശക്തമായ ഒരു കഥാതന്തുവിന്റെ അഭാവം വേ ഓഫ് വാട്ടറില്‍ പ്രകടമായിരുന്നു. ട്രെയിലര്‍ നല്‍കുന്ന കഥാസൂചനകള്‍ക്കപ്പുറത്ത് ഒരു സര്‍പ്രൈസിങ്ങ് എലമെന്റ് കൊണ്ടുവരാന്‍ അവതാര്‍ ദ വേ ഓഫ് വാട്ടറിനായില്ല എന്നും പറയാം. കഥയുടെ ഗതി ഏതാണ്ട് പ്രവചനീയമായിരുന്നു. എന്നാല്‍ കഥയില്‍ നഷ്ടപ്പെട്ട പുതുമ അവതരണത്തിന് വീണ്ടെടുക്കാനായി എന്ന് സംശയമേതുമില്ലാതെ തന്നെ പറയാം. സാങ്കേതികത്തികവിന്റെ സകലസാധ്യതകളും വിനിയോഗിച്ച അവതരണത്തിലൂടെ പ്രേക്ഷകരുടെ കണ്‍മുന്നില്‍ വിസ്മയം തീര്‍ക്കാന്‍ ചിത്രത്തിനായി. കടല്‍കാഴ്ചകളുടെ വശ്യത കണ്ണെടുക്കാതെ തന്നെ ആസ്വദിക്കാം. രണ്ടാം പകുതി പിന്നിടുമ്പോഴേക്കും ചിത്രം ദൃശ്യഭംഗിയുടെ ധ്രുവരേഖ കടക്കുന്നു.

അവതാര്‍ ഒന്നാം ഭാഗത്തില്‍ നിന്നു വ്യത്യസ്തമായി കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ കഥാപാത്രങ്ങള്‍ കഥയ്ക്ക് കൂടുതല്‍ വൈകാരികത നല്‍കുന്നതായിരുന്നു. സാം വര്‍ത്തിങ്ങ്ടണും സോ സാല്‍ഡനയും സിഗോണി വീവറും പതിവ് പ്രകടനമികവ് പുലര്‍ത്തി. കുട്ടികളായെത്തിയ ജാമി ഫ്‌ലാറ്റേഴ്‌സും ബ്രിട്ടന്‍ ഡാള്‍ട്ടണും ട്രിനിറ്റി ജോ-ലി ബ്ലിസും മികച്ച പ്രകടനം കൊണ്ട് കൈയടി നേടി. കേറ്റ് വിന്‍സ്ലെറ്റും സ്റ്റീഫന്‍ ലാങ്ങും ക്ലിഫ് കേര്‍ട്ടിസും മികച്ചു നിന്നു.

ഓരോ ഫ്രെയിമിലും മായാജാലം സൃഷ്ടിക്കാനുള്ള ജെയിംസ് കാമറൂണിന്റെ കഴിവിന് പുകഴ്ത്തലുകളുടെ ഏച്ചുകെട്ടലുകളുടെ ആവശ്യമില്ലല്ലോ. റസ്സല്‍ കാര്‍പെന്ററുടെ ഛായാഗ്രഹണ ഭംഗി കണ്ണെടുക്കാനാകാത്ത ദൃശ്യാനുഭവമായി ചിത്രത്തെ മാറ്റി. ഫ്യൂഷന്‍ ക്യാമറ സിസ്റ്റം, വി.എഫ്.എക്‌സും, ത്രീഡി എഫക്ട്, ഫേഷ്യല്‍ മോഷന്‍ ക്യാപ്ച്ചര്‍ തുടങ്ങി സാങ്കേതികവിദ്യയിലെ വമ്പന്മാര്‍ കൂടിച്ചേര്‍ന്നപ്പോള്‍ രൂപം കൊണ്ട വിസ്മയം തീയേറ്ററുകളില്‍ തന്നെ ആസ്വദിക്കാം.

Content Highlights: avatar, avatar 2, avatar the way of water, james cameron, 3d

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented