അർച്ചന 31 നോട്ട് ഔട്ട് പോസ്റ്റർ | Photo-FB
ഒരു കൊച്ചു കുടുംബ ചിത്രം. അഖില്‍ അനില്‍കുമാറിന്റെ സംവിധാനത്തില്‍ ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തിലെത്തിയ 'അര്‍ച്ചന നോട്ട് ഔട്ട് 31' എന്ന സിനിമയെ അങ്ങനെ വിശേഷിപ്പിക്കാം. പേര് സൂചിപ്പിക്കുന്നത് പോലെ അര്‍ച്ചനയുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ അര്‍ച്ചന നോട്ട് ഔട്ട് 31 എന്താണെന്നത് സിനിമ ഒളിപ്പിച്ചു വെച്ചിരിക്കുന്ന സര്‍പ്രൈസ് തന്നെയാണ്. നായിക കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍ എന്നും പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ചരിത്രം ഇവിടെയും ആവര്‍ത്തിക്കുകയാണ്.
ബിഎഡിന് ശേഷം ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി നോക്കുകയാണ് അര്‍ച്ചന. ജോലിയോടൊപ്പം തന്നെ പിഎസ് സി പഠനത്തിലും ശ്രദ്ധ ചെലുത്തുന്ന ഒരു തനി നാട്ടിന്‍ പുറത്തുകാരി. അര്‍ച്ചനയുടെ കല്യാണ വിശേഷങ്ങളിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ടു പോകുന്നത്. പല കാരണങ്ങള്‍ കൊണ്ടും അര്‍ച്ചനയ്ക്ക് വരുന്ന ആലോചനകള്‍ മുടങ്ങുന്നു. അങ്ങനെയിരിക്കെ സ്‌കൂളിലെ ജോലിയും നഷ്ടമാകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. തളര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പോലും ആശ്വസിക്കാനുള്ള വക അര്‍ച്ചന തന്നെ കണ്ടെത്തുകയാണ്. വിഷമ സന്ധികളെ പോലും എങ്ങനെ ധൈര്യമായി പെണ്‍കുട്ടികള്‍ക്ക് നേരിടാം എന്നതാണ് ചിത്രം വരച്ചു കാട്ടുന്നത്.കുടുംബത്തിന്റെ ഏക അത്താണിയായ അര്‍ച്ചനയുടെ ജീവിതാനുഭവം തന്നെയാണ് അര്‍ച്ചനയ്ക്ക് വിഷമസാഹചര്യങ്ങള്‍ അതിജീവിക്കാനുള്ള ഊര്‍ജം നല്‍കുന്നത്.
പേരിലുള്ള കൗതുകം സിനിമയിലുടനീളം നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചു. വ്യത്യസ്തമായ പ്രമേയം വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പറഞ്ഞു ഫലിപ്പിക്കാന്‍ കഴിഞ്ഞത് തന്നെയാണ് മേന്മ. നാട്ടിന്‍ പുറത്തിന്റെ ഭംഗിയെല്ലാം വരച്ചു കാട്ടാന്‍ ഛായാഗ്രഹകനായ ജോയല്‍ ജോജിക്ക് കഴിഞ്ഞു. വേണുവായി എത്തിയ ഹക്കീം ഷാ, ബ്രോക്കറായി എത്തിയ രാജേഷ് മാധവന്‍ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.
ഓരോ രംഗവും എത്രത്തോളം വിശദീകരിക്കാമോ അത്രത്തോളം വിശദീകരിക്കാന്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ അഖില്‍ അനില്‍കുമാര്‍, വിവേക് ചന്ദ്രന്‍, അജയ് വിജയന്‍ എന്നിവര്‍ക്ക് സാധിച്ചിട്ടുണ്ട്. പതിവ് പോലെ തന്നെ കിട്ടിയ വേഷം ഗംഭീരമാക്കാന്‍ ഇന്ദ്രന്‍സിന് കഴിഞ്ഞിട്ടുണ്ട്. ചെറിയ രംഗങ്ങളില്‍ പോലും അസാധ്യമായ നിരീക്ഷണ പാടവമുള്ള നടന്‍ കൂടിയാണ് താനെന്ന് വീണ്ടും അദ്ദേഹം തെളിയിച്ചു.
ഒരു മിഡില്‍ ക്ലാസ് കുടുംബത്തിന്റെ കല്യാണ വീടുകളില്‍ കണ്ടെത്താവുന്ന എല്ലാ കഥാപാത്രങ്ങളും സാഹചര്യങ്ങളും ചിത്രത്തിലുണ്ട്. ഒരു കഥാപാത്രം വരുന്നു പോവുന്നു, ആ സ്ഥിരം പല്ലവി മാറ്റി പാടുകയാണ് സിനിമ.എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേതായ സ്‌പേസ് നല്‍കാന്‍ ചിത്രം ശ്രമിച്ചിട്ടുണ്ട്. വന്‍കിട സിനിമകള്‍ ഒരാഴ്ച കൊണ്ട് തിയേറ്റര്‍ വിടുമ്പോള്‍ ചെറു ബഡ്ജിറ്റിലൊരുങ്ങിയ ചിത്രങ്ങള്‍ നൂറ് ദിവസമോടുന്ന കാഴ്ചയ്ക്കാണ് സമീപകാലത്തായി മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. ആ കൂട്ടത്തില്‍ ചേര്‍ത്തുവെയ്ക്കാവുന്ന ഒരു ചിത്രം തന്നെയാണ് 'അര്‍ച്ചന 31 നോട്ട് ഔട്ട്'.
Content Highlights: archana 31 not out movie review; aiswarya lakshmi, indrans, akhil anilkumar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..