Anugraheethan Antony
"ദേഹം വിട്ടകന്ന ആത്മാക്കളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ദൈവം ഭൂമിയിൽ ഒരാളെ നിയോഗിച്ചിട്ടുണ്ടാകും...."പുതുമുഖ സംവിധായകനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീതൻ ആന്റണി എന്ന ചിത്രം പറഞ്ഞു പോകുന്ന ആശയങ്ങളിൽ ഒന്ന് ഇതാണ്.
സണ്ണി വെയ്നും ഗൗരി കിഷനും നായികാനായകന്മാരായെത്തുന്ന ചിത്രത്തിലെ പാട്ടുകളും ട്രെയ്ലറുകളും കണ്ട് ഇത് വെറും പ്രണയകഥയാണെന്ന് കരുതുന്നവരോടാണ്.. ചിത്രം പറയുന്നത് പ്രണയം മാത്രമല്ല ആത്മബന്ധങ്ങളുടെ കൂടി കഥയാണ്. മനുഷ്യർ തമ്മിലുള്ള, മനുഷ്യനും മൃഗവും തമ്മിലുള്ള, മൃഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പങ്ങളുടെ കഥ അൽപം ഫാന്റസി കൂടി ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ് പ്രിൻസ് ജോയ് ഇവിടെ.
അധ്യാപകനായ വർഗീസ് മാഷിന്റെ ആകെ സങ്കടവും സന്തോഷവും ഏകമകനായ ആന്റണിയാണ്. ഭാര്യ മരിച്ച വർഗീസ് മാഷിന്റെ പിന്നീടുള്ള ജീവിതം അവന് വേണ്ടി മാത്രമുള്ളതായിരുന്നു. എന്നാൽ നേരാം വണ്ണം ജോലിക്ക് പോകാത്ത, കള്ളു കുടിച്ച് നടക്കുന്ന മകൻ അയാളെ വേദനിപ്പിക്കുന്നുണ്ട്. ഇവരുടെ ജീവിതത്തിലേക്കാണ് റൂബി എന്നും റോണി എന്നും പേരുള്ള രണ്ട് നായ്ക്കളും സഞ്ജന മാധവൻ എന്ന നായികയും എത്തിച്ചേരുന്നത്. അതുവരെ ലക്ഷ്യബോധമില്ലാതിരുന്ന ആന്റണിയുടെ ജീവിതത്തിലേക്ക് പ്രണയം പല മാറ്റങ്ങളും കൊണ്ടു വരുന്നു. എന്നാൽ വിധി ഇവർക്കായി കരുതി വച്ചത് മറ്റ് പലതുമായിരുന്നു.
വർഗീസ് മാഷായി സിദ്ധിഖ് എത്തുമ്പോൾ ആന്റണിയായി സണ്ണി വെയ്നും വേഷമിടുന്നു. വൈകാരികമായ പല രംഗങ്ങളിലുമുള്ള ഇരുവരുടെയും പ്രകടനം ശ്രദ്ധേയമാണ്. സഞ്ജനയായി എത്തുന്നത് ഗൗരി കിഷനാണ്. ആന്റണിയുടെ ബന്ധുവായെത്തിയ ജാഫർ ഇടുക്കി, മുത്തുമണി, പ്രശാന്ത്, ഇന്ദ്രൻസ്, ചെറിയ വേഷം എങ്കിലും ഒറ്റ രംഗം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത സുരാജ് എന്നിവരുടെ കഥാപാത്രങ്ങളും എടുത്ത് പറയേണ്ടതാണ്. മണികണ്ഠൻ ആചാരി, മുത്തുമണി, ബൈജു, മാലാ പാർവതി, ഷൈൻ ടോം ചാക്കോ എന്നിവരും തങ്ങളുടെ വേഷം ഗംഭീരമാക്കി. എങ്കിലും ഇവരുടെയെല്ലം പ്രകടനത്തെ കടത്തി വെട്ടി രണ്ട് മിണ്ടാപ്രാണികൾ കൂടി പ്രേക്ഷകമനസിൽ ഇടം നേടുന്നുണ്ട്.
ഹൃദയത്തിൽ തൊടുന്ന അനവധി മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രം. നായ്ക്കളുടെ കാഴ്ച്ചപ്പാടുകളും സിനിമ പറഞ്ഞുപോകുന്നുണ്ട്. ജീവിതം മാത്രമല്ല, മരണവും ചിത്രത്തിലെ കഥാപാത്രമാകുന്നു. തമാശയും പ്രണയവും ബന്ധങ്ങളുടെ ഇഴയടുപ്പവും ആവിഷ്കരിക്കുന്ന ചിത്രം സ്വയം ഒരു ആത്മപരിശോധനയ്ക്കും പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുണ്ട്.
അശ്വിൻ പ്രകാശ് , ജിഷ്ണു എസ് രമേശ് എന്നിവരുടെ കഥക്ക് തിരക്കഥ രചിച്ചിരിക്കുന്നത് നവീൻ ടി മണിലാലാണ്. ആന്റണിയുടെ ഗ്രാമത്തിന്റെ ഭംഗിയും വിശുദ്ധിയും ക്യാമറയിൽ പകർത്തിയിരിക്കുന്നത് ശെൽവകുമാറാണ്. സംഗീതത്തിന് ഏറെ പ്രാധാന്യം കൊടുത്ത ചിത്രത്തിലെ കാമിനി എന്ന് തുടങ്ങുന്ന ഗാനം നേരത്തെ തന്നെ ഹിറ്റ്ലിസ്റ്റിൽ ഇടം നേടിയിരുന്നു.
Content Highlights : Anugraheethan Antony Movie review Sunny Wayne Prince Joy Gouri KIshan Siddique Indrans
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..