
അന്താക്ഷരി സിനിമയുടെ പോസ്റ്റർ
കുറ്റാന്വേഷണസിനിമകളെടുക്കുന്ന സംവിധായകർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ചെയ്യുന്ന കുറ്റത്തിലോ, കൊലയാളിയുടെ സ്വഭാവത്തിലോ അവതരണരീതിയിലോ അതുവരെ ആരും പരീക്ഷിക്കാത്ത എന്തെങ്കിലുമൊന്ന് കാണുന്നവരുടെ മുന്നിലേക്ക് ഇട്ടുകൊടുക്കുക എന്നതാണ്. അത് പ്രേക്ഷകർ ഉൾക്കൊള്ളുകകൂടി ചെയ്താൽ ആ സംവിധായകൻ തന്റെ ഉദ്യമത്തിൽ വിജയിച്ചു എന്ന് പറയാം. അങ്ങനെ നോക്കുകയാണെങ്കിൽ വിപിൻ ദാസ് തിരക്കഥയും സംവിധാനവും നിർവഹിച്ച അന്താക്ഷരി കാണാൻ കൊള്ളാവുന്ന നല്ലൊരു പരീക്ഷണചിത്രമാണ്.
പരുക്കന്മാരും തമാശക്കാരും മദ്യപാനികളും മുൻകോപക്കാരുമായി ഒട്ടേറെ പോലീസ് കഥാപാത്രങ്ങൾ കണ്ടുപരിചയിച്ച മലയാള സിനിമയിലേക്ക് പുതിയൊരു അന്വേഷണോദ്യോഗസ്ഥനെ പരിചയപ്പെടുത്തുകയാണ് അന്താക്ഷരി. നമ്മളെല്ലാവരും കളിച്ചിട്ടുള്ള അന്താക്ഷരി എന്ന വിനോദം ഹരമായിട്ടുള്ള ഒരു പോലീസ് ഓഫീസറാണ് നായകൻ. ചോദ്യം ചെയ്യുന്നതുപോലും അന്താക്ഷരി ശൈലിയിലായ ഇങ്ങനെയൊരാൾ കുറ്റാന്വേഷണം നടത്തിയാൽ എങ്ങനെയിരിക്കും എന്നതിന്റെ ഉത്തരമാണ് ഈ സിനിമ.
മലയാളസിനിമയ്ക്ക് അധികം പരിചയമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നു എന്നതാണ് അന്താക്ഷരിയുടെ പ്ലസ് പോയിന്റ്. അന്താക്ഷരി എന്ന വിനോദം കടന്നുവരാത്ത ഒരു രംഗം പോലുമില്ല സിനിമയിൽ. പേര് കാണിക്കുന്നതുമുതൽ ആരംഭിക്കുന്ന ദുരൂഹത താളം തെറ്റാതെ അവസാന ഫ്രെയിം വരെ നിലനിൽക്കുന്നുണ്ട്. അന്താക്ഷരി എന്ന വാക്കുകേൾക്കുമ്പോൾ സാധാരണ ഒരാളുടെ മനസിൽ വിനോദത്തിന്റേതായ ചിത്രമായിരിക്കും കടന്നുവരിക. എന്നാൽ സിനിമയിലേക്കെത്തുമ്പോൾ അത് എവിടെയോ മറഞ്ഞിരിക്കുന്ന കുറ്റവാളിയുടേയും ഭയത്തിന്റേയും രഹസ്യങ്ങളുടേയും പ്രതീകമായി മാറുന്നു.
ഓരോ കഥാപാത്രങ്ങൾക്കും എന്തെങ്കിലുമൊരു രീതിയിൽ ദുരൂഹത നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ക്ലൈമാക്സിനോടടുക്കുമ്പോൾ എല്ലാ സംഭവവികാസങ്ങളും പ്രത്യേകിച്ച് അന്താക്ഷരി എന്ന ഘടകം അതിന്റെ ഉന്മാദാവസ്ഥയിൽ എത്തിയതായി കാണാം. ഒരു കുറ്റകൃത്യം നടന്നാൽ ആദ്യം ഒരുദ്യോഗസ്ഥൻ അന്വേഷിക്കുന്നു. അത് പോരാതെ വരുമ്പോൾ യഥാർത്ഥ നായകൻ വന്ന് അന്വേഷണമേറ്റെടുത്ത് വിജയിപ്പിക്കുന്നു എന്ന കാര്യമാവും കുറ്റാന്വേഷണ സിനിമകളിൽ നിന്ന് പ്രേക്ഷകൻ പ്രതീക്ഷിക്കുക. ഈ ധാരണയെ പൊളിച്ചടുക്കുന്നതാണ് അന്താക്ഷരിയുടെ അവതരണശൈലി. തുടക്കം മുതൽ ഒടുക്കം വരെ ദാസ് എന്ന ഒരേയൊരു ഉദ്യോഗസ്ഥനാണ് കുറ്റകൃത്യത്തിന് പിറകേ സഞ്ചരിക്കുന്നത്. ചിലപ്പോഴെല്ലാം ഒറ്റയ്ക്കുമാണയാൾ.
സാധാരണക്കാരിൽ സാധാരണക്കാരനായ, അതിമാനുഷികത ഒട്ടുമില്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇത്രയും വലിയ ഒരു കുറ്റവാളിയിലേക്ക് എങ്ങനെ എത്തിച്ചേരും? എത്തിച്ചേർന്നാൽ ആ കുറ്റവാളിയെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സാധിക്കുമോ എന്നുള്ള ചോദ്യങ്ങൾ കാണുന്ന ഓരോരുത്തരുടേയും ഉള്ളിലുണ്ടാക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്.
സൈജു കുറുപ്പ് അല്ലാതെ വേറെ ഏതെങ്കിലും ഒരു മുൻനിരനടൻ ദാസ് എന്ന പോലീസ് വേഷത്തിൽ വന്നിരുന്നെങ്കിൽ നായകൻ എന്തായാലും വില്ലനെ പിടിച്ചിരിക്കും എന്നൊരു ചിന്ത പ്രേക്ഷകനിലുണ്ടാവും. അങ്ങനെയൊരു ചിന്തയിലേക്ക് കൊണ്ടുപോകാതെ ദാസും കൂട്ടരും അനുഭവിക്കുന്ന അതേ മാനസിക സമ്മർദ്ദവും ഭീതിയും രൂപപ്പെടുത്തിയിരിക്കുകയാണിവിടെ. ദാസ് എന്ന അന്താക്ഷരി പ്രേമിയായ പോലീസ് ഇൻസ്പെക്ടറെ സൈജു കുറുപ്പ് ഗംഭീരമാക്കിയിട്ടുണ്ട്.
മറ്റുപ്രകടനങ്ങളിലേക്ക് വന്നാൽ എടുത്തുപറയേണ്ടത് ഹരിഹരൻ എന്ന കോൺസ്റ്റബിൾ ആയെത്തിയ കോട്ടയം രമേശിനെയാണ്. കാക്കിക്കുള്ളിലെ അപകടകാരി എന്നൊക്കെ വിളിക്കാവുന്ന കഥാപാത്രത്തെ അല്പം ദേഷ്യത്തോടെയേ കാണാനാവൂ. അത് പക്ഷേ ആ കഥാപാത്രത്തിന്റെ വിജയമായി വേണം കാണാൻ. വിജയ് ബാബു, സുധി കോപ്പ, ബിനു പപ്പു, ശബരീഷ് വർമ, ബോബൻ സാമുവൽ, പ്രിയങ്ക, ശ്രീജിത് പൊക്കൻ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ആദ്യന്തം രഹസ്യങ്ങൾ നിറഞ്ഞ ത്രില്ലറാണ് അന്താക്ഷരി. പക്ഷേ മലയാളസിനിമയ്ക്ക് പരിചയമില്ലാത്ത, അത്ര സുഖകരമായ കാഴ്ചകളല്ല ചിത്രം സമ്മാനിക്കുന്നത്. മലയാളത്തിൽ ഇറങ്ങിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ വേറിട്ടൊരു സ്ഥാനമുണ്ടായിരിക്കും അന്താക്ഷരിക്ക്. മികച്ച ചിത്രങ്ങൾ എത്തിക്കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോം എന്ന പേര് കോട്ടംതട്ടാതെ കാത്തുസൂക്ഷിക്കാൻ സോണി ലിവിനും സാധിച്ചിരിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..