-
'ചുറ്റികകൊണ്ട് ആള്‍ക്കാരുടെ തലയ്ക്കടിക്കുമ്പോള്‍ തലയോട്ടി പൊളിയുന്നൊരു ശബ്ദം കേള്‍ക്കാം. ഒപ്പം ഒരു നിലവിളിയും. ഈ രണ്ട് ശബ്ദങ്ങളും ചേരുമ്പോള്‍ ഒരു ലഹരി അറിയാതെ എന്നിലേക്ക് കയറും. ആ ലഹരി വീണ്ടും അറിയാനാണ് ഞാന്‍ ആളുകളെ കൊന്നുകൊണ്ടേയിരുന്നത് ' അഞ്ചാം പാതിര തുടങ്ങുന്നതുതന്നെ 14 കൊലപാതകങ്ങള്‍ നടത്തി തൂക്കുകയറിനായി കാത്തിരിക്കുന്ന രവിയുടെ ഈ പറച്ചിലിലൂടെയാണ്.
ഇന്ദ്രന്‍സ് അവതരിപ്പിച്ച രവി എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ പ്രേക്ഷകരെ സിനിമ കാണാന്‍ സജ്ജരാക്കുകയാണ്. ദൃശ്യം മെമ്മറീസ്, രാക്ഷസന് തുടങ്ങിയ ത്രില്ലര്‍ സിനിമകള്‍ നെഞ്ചേറ്റിയ മലയാളികള്‍ക്ക് അതുപോലെയൊരു ഹിറ്റ് സമ്മാനിക്കുകയാണ് അഞ്ചാം പാതിരയിലൂടെ സംവിധായകന് മിഥുന് മാനുവല്‍ തോമസ്. മിഥുന്റെ കരിയറിലെ ആദ്യ സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണിത്. അത് മനോഹരമായി അഭ്രപാളിയിലെത്തിക്കാന്‍ സംവിധായകന് സാധിച്ചു.
സിനിമ കാണാനായി തീയേറ്ററിലെത്തുമ്പോള്‍ ബഹളമയമായിരുന്നു. വിസിലടികളും ആര്‍പ്പുവിളികളും ജയ് വിളികളുമെല്ലാം പല ഭാഗങ്ങളില്‍ നിന്നായി ഉയരുന്നു. എന്നാല്‍ സിനിമ തുടങ്ങി 10 മിനിറ്റിനുള്ളില്‍ എങ്ങും നിശബ്ദത. വിസിലടിക്കാന്‍ പോലും പേടി തോന്നുന്ന തരത്തില്‍ തീയേറ്ററിനകത്തും പാതിരയായപോലെ. അപ്പോഴേക്കും അഞ്ചാം പാതിര പ്രേക്ഷകഹൃദയങ്ങളിലേക്ക് ആഴത്തിലിറങ്ങിയിരുന്നു.
കൃത്യമായ ചേരുവകളെല്ലാം സമന്വയിപ്പിച്ച മിഥുന് മാനുവല്‍ തോമസ്സിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി അഞ്ചാം പാതിരയെ വിശേഷിപ്പിക്കാം. തമാശചിത്രങ്ങള്‍ മാത്രം ഇതുവരെ സംവിധാനം ചെയ്ത മിഥുന് അഞ്ചാം പാതിരയിലൂടെ തന്റെ യഥാര്‍ഥ പ്രതിഭയെന്തെന്ന് തെളിയിച്ചു. രസച്ചരടുപൊട്ടാതെ പ്രേക്ഷനെ പിടിച്ചിരുത്തുന്ന തരത്തില്‍ തിരക്കഥയൊരുക്കാനും സംവിധായകന് സാധിച്ചു.
സിനിമ തുടങ്ങുമ്പോള്‍ ആദ്യം ഫ്രെയിമിലേക്കെത്തുന്നത് നായകനായ കുഞ്ചാക്കോ ബോബന് തന്നെയാണ്. അന്‍വര്‍ ഹുസൈന് എന്ന സൈക്കോളജിസ്റ്റിന്റെ വേഷമാണ് കുഞ്ചാക്കോ കൈകാര്യം ചെയ്തിരിക്കുന്നത്. സ്വന്തമായി ക്ലിനിക്കുണ്ടെങ്കിലും ക്രിമിനല്‍ സൈക്കോളജിയിലാണ് അന്‍വറിന് താത്പര്യം. ക്രിമിനോളജിസ്റ്റായി പോലീസിനെ സഹായിക്കണം എന്നാണ് അന്‍വറിന്റെ പ്രധാന ലക്ഷ്യം. അതിനായി സ്വന്തം രീതിയില്‍ ചില കേസന്വേഷണങ്ങളും നടത്താറുണ്ട്. 14 കൊലപാതകങ്ങള്‍ നടത്തിയ രവിയെ ജയിലില്‍വെച്ച് കാണുന്നതും അങ്ങനെയാണ്.
കൊച്ചി എ.സി.പി അനില്‍ മാധവനുമായുള്ള അടുത്ത സുഹൃദ്ബന്ധം അന്‍വറിന് പോലീസ് അന്വേഷണങ്ങളില്‍ ഇടപെടാനുള്ള വഴിയൊരുക്കുന്നു. ആ സമയത്താണ് ഡി.വൈ.എസ്.പി അബ്രഹാം കോശി ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. ഹൃദയവും കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലാണ് മൃതദേഹം ലഭിക്കുന്നത്. ഈ സൂചനകള്‍ കണ്ടപ്പോള്‍ തന്നെ പോലീസുകാരെ വേട്ടയാടുന്ന ഒരു സീരിയല്‍ കില്ലര്‍ നഗരത്തിലുണ്ടെന്ന് അന്‍വര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ പോലീസ് അത് കാര്യമാക്കുന്നില്ല. പിന്നീട് മറ്റൊരു പോലീസുകാരനും സമാനമായ രീതിയില്‍ കൊല്ലപ്പെടുന്നതോടെ അന്‍വര്‍ പോലീസ് അന്വേഷണസംഘത്തിന്റെ ഭാഗമാകുന്നു.
കമ്മീഷണര്‍ കാതറിനാണ് അന്വേഷണ സംഘത്തിന്റെ ചുമതല. തുടര്‍ന്ന് പോലീസുകാരെ വേട്ടയാടി കൊല്ലുന്ന, ഒരു തെളിവുപോലും ബാക്കിവെക്കാതെ പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെ വട്ടം കറക്കുന്ന, അതീവബുദ്ധിമാനായ സൈക്കോ കില്ലറെ തേടിയുള്ള ഈ ടീമിന്റെ കുറ്റാന്വേഷണമാണ് അഞ്ചാം പാതിര പ്രേക്ഷകര്‍ക്ക് മുന്നില്‍ വെയ്ക്കുന്നത്. അന്വേഷണ സംഘത്തെ വഴി തെറ്റിച്ചും പിടികൊടുക്കാതെയും കില്ലര്‍ പ്രേക്ഷകനെയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
കണ്ണുകള്‍ മൂടിക്കെട്ടാത്ത മലയാളിമുഖമുള്ള നീതിദേവതയുടെ പ്രതിമ ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. ഓരോ കൊല നടത്തുമ്പോഴും കൊലയാളി മൃതദേഹത്തില്‍ ബാക്കിവെയ്ക്കുന്നതും അതുതന്നെ.
അനില്‍ മാധവനായി ജിനു ജേക്കബ്ബും കാതറിനായി ഉണ്ണിമായ പ്രസാദും വേഷമിടുന്നു. ഇവരെക്കൂടാതെ ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ഷാജു, സുധീഷ്, ഹരികൃഷ്ണന്, ജാഫര്‍ ഇടുക്കി, അഭിറാം, മാത്യു, അസീം ജമാല്‍, സാദിക്ക്, അര്ജുന്, രമ്യാ നമ്പീശന്, നിഖില വിമല്‍, ദിവ്യ ഗോപിനാഥ്, നന്ദന വര്‍മ്മ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഒരു നായകനില്‍ മാത്രം ശ്രദ്ധ ചെലുത്താതെ എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യമായ പ്രാധാന്യം നല്കാന് തിരക്കഥയ്ക്ക് കഴിഞ്ഞു. പേരുപോലെ പാതിരയ്ക്കാണ് കൊലപാതകങ്ങളും അന്വേഷണവും നടക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളെല്ലാം കൊച്ചിയിലെ രാത്രികാലങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രത്യേകമായൊരു ലൈറ്റിങ് പാറ്റേണും ചിത്രത്തിനുണ്ട്.
ഷൈജു ഖാലിദിന്റെ മനോഹരവും വ്യത്യസ്തവുമായ ഛായാഗ്രഹണം മികച്ചുനിന്നു. ഷൈജു ശ്രീധറിന്റെ എഡിറ്റിങ്ങും ഗംഭീരമായി. എടുത്തുപറയേണ്ട മറ്റൊരു സവിശേഷത സുഷിന് ശ്യാമിന്റെ പശ്ചാത്തല സംഗീതമാണ്. പ്രേക്ഷകരുടെ മനസ്സില്‍ ഭയം കോരിനിറയ്ക്കാനും ഉദ്വേഗജനകമായ നിമിഷങ്ങളില്‍ അതിനനുയോജ്യമായി സംഗീതോപകരണങ്ങളെ ക്രമപ്പെടുത്താനും സുഷിന് ശ്യാമിന് സാധിച്ചിട്ടുണ്ട്. സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ സുഷിന്റെ സംഗീതം വട്ടമിട്ടു പറക്കും. ചിത്രത്തില്‍ ഗാനങ്ങളൊന്നും തന്നെയില്ല എന്നത് ശ്രദ്ധേയമാണ്.
മെമ്മറീസിനുശേഷം മലയാളത്തിലിറങ്ങിയ മികച്ച ക്രൈംത്രില്ലറായി അഞ്ചാം പാതിരയെ വിശേഷിപ്പിക്കാം. തമിഴ് സൈക്കോ ചിത്രം രാക്ഷസന്റെ നിലവാരത്തിനോട് കിടപിടിയ്ക്കുന്ന രീതിയിലാണ് മിഥുന് മാനുവല്‍ തോമസ് അഞ്ചാം പാതിരയെ ഒരുക്കിയിരിക്കുന്നത്. പടം കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന്റെ മനസ്സില്‍ സംശയങ്ങളൊന്നും തന്നെ അവശേഷിക്കുന്നില്ല എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പഴുതടച്ച സ്ക്രിപ്റ്റ് തന്നെയാണ് അതിന്റെ കാരണം.
പോലീസും കില്ലറും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേയാണ് ചിത്രത്തിലുടനീളമുള്ളത്. ചെന്നായയുടെ മുഖംമൂടി ധരിച്ചെത്തുന്ന കില്ലര്‍ തീയേറ്ററില്‍ പേടിയാണ് ആദ്യം സമ്മാനിക്കുക. ഒരു നിമിഷം പോലും ശ്രദ്ധ മാറാതെ പ്രേക്ഷകരെ ഒന്നടങ്കം സിനിമയിലേക്ക് ആകര്ഷിപ്പിക്കാന് പോന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. നിറഞ്ഞ കൈയടികള്‍ നല്‍കിയാണ് ആരാധകര്‍ സിനിമ കണ്ടതിനുശേഷം തീയേറ്റര്‍ വിട്ടത്.
സ്ഥിരം വേഷങ്ങളില്‍ നിന്നും മാറിചിന്തിച്ച് പുതുമയുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്തഭിനയിക്കുന്ന കുഞ്ചാക്കോ ബോബന് അന്‍വറിനെ ഗംഭീരമാക്കി. വളരെ ക്രിസ്പ്പായി അഭിനയിക്കാനും ചാക്കോച്ചന് കഴിഞ്ഞു. എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം ഉണ്ണിമായ അവതരിപ്പിച്ച കാതറിനാണ്. തികഞ്ഞ കൈയടക്കത്തോടെ അഭിനയജീവിതത്തില്‍ ഇനിയുമേറെ ദൂരം പോകാനുണ്ടെന്ന് ഉണ്ണിമായ ശക്തയായ കാതറിനിലൂടെ തെളിയിച്ചു. ശ്രീനാഥ് ഭാസിയുടെ ചില ഡയലോഗുകള്‍ തീയേറ്ററില്‍ തരംഗമായി.
കുറച്ചുനേരമേയുള്ളൂവെങ്കിലും ജാഫര്‍ ഇടുക്കിയും ഇന്ദ്രന്‍സും മാത്യുവും ഗംഭീര പ്രകടനത്തിലൂടെ കൈയടി നേടി.
ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം തീയേറ്ററിലെത്തിച്ചിരിക്കുന്നു.
സസ്പെന്‍സ് ത്രില്ലര്‍ സിനിമകള്‍ കാണാനിഷ്ടപ്പെടുന്നവര്‍ക്ക് അഞ്ചാം പാതിരയ്ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. 2020 തുടങ്ങിയിട്ടേയുള്ളൂവെങ്കിലും ഈ വര്‍ഷത്തെ ഏറ്റവും മികച്ച ത്രില്ലര്‍ സിനിമ എന്ന ടാഗ്ലൈന് ഒരു പക്ഷേ അഞ്ചാം പാതിര സ്വന്തമാക്കിയേക്കും.
Content Highlights: Anjaam Pathiraa Movie Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..