
അജഗജാന്തരത്തിൽ നിന്നൊരു രംഗം | ഫോട്ടോ: www.facebook.com|AntonyVarghese4u|photos
മലയാള സിനിമയിൽ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിഷയമാണ് മനുഷ്യന്റെയുള്ളിലെ മൃഗതൃഷ്ണ. പല കാലങ്ങളിലായി പല സംവിധായകർ ആ വിഷയത്തെ അവരവരുടെ ശൈലിയിൽ വെള്ളിത്തിരയിലെത്തിച്ചു. ഈ ശ്രേണിയിലെ ഏറ്റവും പുതിയ കണ്ണിയാണ് വിനീഷ് വിശ്വം-കിച്ചു ടെല്ലസ് ടീമിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജഗജാന്തരം.
രണ്ട് മണിക്കൂർ ദൈർഘ്യം വരുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് ഒരുത്സവപ്പറമ്പിലാണ്. തുടക്കം മുതൽ ഒടുക്കം വരെ പൂരപ്പറമ്പെന്ന വട്ടത്തിലാണ് കഥ ഒതുങ്ങിനിൽക്കുന്നത്. ഉത്സവത്തിനെത്തുന്ന ജനങ്ങൾ, ആനയേയും കൊണ്ടുവരുന്ന പാപ്പാന്മാർ, നാടകം കളിക്കാനെത്തുന്നവർ, ഉത്സവ കമ്മിറ്റിക്കാർ എന്നിങ്ങനെ ഉത്സവം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്ന ആ ചിത്രം സ്ക്രീനിലേക്ക് പറിച്ചിട്ടിരിക്കുകയാണ് ടിനു പാപ്പച്ചനും കൂട്ടരും. ഇടയ്ക്ക് അല്പനേരം ഒരു കല്ല്യാണവീട്ടിലേക്ക് ക്യാമറ തിരിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ ഉത്സവമല്ലാതെ മറ്റൊന്നും തിരശ്ശീലയിലില്ല.
ഉത്സവമായതുകൊണ്ടുതന്നെ രാത്രി കാഴ്ചകൾ വേണമല്ലോ. രാത്രിദൃശ്യങ്ങളുടെ നിരതന്നെയുണ്ട് ഈ കുഞ്ഞുചിത്രത്തിൽ. കഥയുടെ മർമപ്രധാനരംഗങ്ങളെല്ലാം നടക്കുന്നത് രാത്രിയിലാണ്. സംഘട്ടനാത്മകമാണ് ഓരോ മുഹൂർത്തവും. ഒരു സംഘർഷം ഏത് നിമിഷവും പൊട്ടിപ്പുറപ്പെടും എന്ന രീതിയിലാണ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്. ഓരോ കഥാപാത്രങ്ങളുടേയും പെരുമാറ്റം പോലും വരാനിരിക്കുന്ന പടപ്പുറപ്പാടിനുള്ള വഴിയൊരുക്കലായിട്ടാണ് അനുഭവപ്പെടുക.
പേരിലുള്ളതുപോലെ തന്നെ ഒരാനയും സിനിമയുടെ കഥാഗതിയിൽ നിർണായക സ്ഥാനം വഹിക്കുന്നുണ്ട്. മുമ്പൊരിക്കൽപ്പോലും ആ ഗ്രാമത്തിൽ ഉത്സവത്തിന് ആനയെ കൊണ്ടുവന്നിട്ടില്ല. അതുകൊണ്ട് തന്നെ ഉത്സവ നടത്തിപ്പുകാരുടെ അഭിമാനത്തിന്റെ പ്രതീകമാണ് ഈ ആന. ഉത്സവപ്പറമ്പിലെ പ്രശ്നങ്ങൾക്കെല്ലാം മൂലകാരണമാവുന്നതും ഇതേ ആന തന്നെ. മനുഷ്യന്റെയുള്ളിലെ മദംപൊട്ടി നിൽക്കുന്ന മൃഗമായും ആനയെ കാണാം. ചിത്രത്തിലെ ഒരു രംഗം ആനയുടെ കണ്ണിലൂടെ അവതരിപ്പിച്ചിരിക്കുന്നതാണ് ഇതിന് തെളിവ്.
ജിന്റോ ജോർജിന്റെ ക്യാമറയും ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തലസംഗീതവും സിനിമയ്ക്ക് റോളർ കോസ്റ്റർ ത്രില്ലർ അനുഭവം സമ്മാനിക്കുന്നുണ്ട്. ക്ലൈമാക്സിൽ സുപ്രീം സുന്ദർ ഒരുക്കിയ ഇരുപത് മിനിറ്റോളം ദൈർഘ്യമുള്ള ആക്ഷൻ രംഗം കയ്യടി അർഹിക്കുന്നു. ചിത്രത്തിലെ പ്രധാന സംഘട്ടനരംഗങ്ങൾക്ക് അല്പം ദൈർഘ്യം കൂടുതലുണ്ട് എന്നതും ശ്രദ്ധേയമാണ്.
താരങ്ങളുടെ പ്രകടനത്തിൽ ആന്റണി വർഗീസും അർജുൻ അശോകനുമാണ് ചോരത്തിളപ്പോടെ മുഖാമുഖം വരുന്നത്. സുധ കോപ്പയുടെ പിണ്ടി എന്ന കഥാപാത്രം മികവോടെ വേറിട്ടുനിൽക്കുന്നു. കിച്ചു ടെല്ലസിന്റെ അമ്പിക്ക് നായകതുല്യമായ പരിവേഷമാണുള്ളത്. ജാഫർ ഇടുക്കി, ബിറ്റോ ഡേവിസ്, വിജിലേഷ്, സാബു മോൻ എന്നിവരും കഥാപാത്രങ്ങളോട് നീതിപുലർത്തി.
സ്ക്രീനിൽ രണ്ട് മണിക്കൂർ നേരം വെടിക്കെട്ടോടുകൂടിയ പൂരം കാണാൻ അജഗജാന്തരത്തിന് ടിക്കറ്റെടുക്കാം.
Content Highlights: Ajagajantharam review, Ajagajantharam movie, Antony Varghese, Tinu Pappachan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..