Photo: www.facebook.com|83thefilm
നന്ദി പറയാം കബീര്‍ ഖാന്, 83 എന്ന ഇത്രയും മികച്ച ഒരു സ്‌പോര്‍ട്‌സ് സിനിമ ഇന്ത്യയ്ക്ക് സമ്മാനിച്ചതിന്. 1983 ജൂണ്‍ 25 ന് ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കപില്‍ ദേവും സംഘവും ചരിത്രത്തിലാദ്യമായി ഇന്ത്യയ്കുവേണ്ടി ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അന്നത്തെ ഇന്ത്യന്‍ ജനത ആവേശംകൊണ്ട് തുള്ളിച്ചാടി. അവരുടെ കണ്ണുകളില്‍ നിന്ന് ആനന്ദത്തിന്റെ, ആവേശത്തിന്റെ നിലയ്ക്കാത്ത നീരുറവ പൊട്ടിയൊലിച്ചു. 38 വര്‍ഷങ്ങള്‍ക്കിപ്പുറം 2021-ല്‍, 1983 ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച ഇന്ത്യയുടെ വീരോചിത നേട്ടം കബീര്‍ഖാന്‍ അഭ്രപാളിയിലെത്തിച്ചപ്പോള്‍ അന്ന് ഇന്ത്യന്‍ ആരാധകരുടെ കണ്ണില്‍ നിന്ന് പൊഴിഞ്ഞ അതേ സന്തോഷക്കണ്ണീര്‍ കാഴ്ചക്കാരന്റെ കണ്ണില്‍ നിന്നും പ്രവഹിച്ചു. സന്തോഷത്തിന്റെ അഭിമാനത്തിന്റെ ചുടുകണം.
ഇതിലും മനോഹരമായി 1983 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ വര്‍ണിക്കാനാകില്ല. ലോകോത്തരമായ രീതിയിലാണ് ബജ്‌റംഗി ഭായ്ജാനിലൂടെ സിനിമാപ്രേമികളെ വിസ്മയിച്ചിപ്പ സംവിധായകന്‍ കബീര്‍ ഖാന് 83 എന്ന ചിത്രം ഒരുക്കിയത്. ഒരിക്കല്‍ ലോകം മുഴുവന്‍ ആഘോഷിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തെ അതേ മേന്മയോടെ ഒട്ടും ആവേശം കുറയാതെയും പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കത്തിക്കാന്‍ കബീര്‍ ഖാന് സാധിച്ചു. പലപ്പോഴും സിനിമയല്ല ഇംഗ്ലണ്ടിലെ പേരുകേട്ട സ്റ്റേഡിയത്തിലിരുന്ന് 1983 ലോകകപ്പ് ലൈവായി കാണുന്ന പ്രതീതിയാണ് തീയേറ്ററിലുണ്ടായത്.
1983-ല്‍ ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സിനിമയാണ് 83. അന്ന് ഇന്ത്യന്‍ ടീമില്‍ കളിച്ച എല്ലാ താരങ്ങളെയും അതേപോലെ സ്‌ക്രീനിലെത്തിക്കാന്‍ സംവിധായകന് സാധിച്ചു. ഏറ്റവുമധികം ആരാധകരെ ഞെട്ടിച്ചത് രണ്‍വീര്‍ സിങ്ങാണ്. പരകായപ്രവേശം സിനിമയില്‍ സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് രണ്‍വീര്‍. ഇന്ത്യന്‍ നായകന്‍ കപില്‍ ദേവായി രണ്‍വീര്‍ ജീവിച്ചു. സിനിമയുടെ ഒരു ഘട്ടത്തില്‍ പോലും രണ്‍വീര്‍ അഭിനയിക്കുന്നതായി തോന്നിയില്ല. മറിച്ച് ഓരോ സീനിലും കപില്‍ദേവ് ജീവിക്കുന്നതുപോലെ അനുഭവപ്പെട്ടു. രൂപത്തിലും ഭാവത്തിലും നോട്ടത്തിലും ശരീരഭാഷയിലും എന്തിനേറെ പറയുന്നു ക്രിക്കറ്റില്‍ പോലും കപില്‍ ദേവിനെ അനുസ്മരിപ്പിക്കാന്‍ രണ്‍വീറിന് സാധിച്ചു. കപില്‍ ദേവിന്റെ പ്രത്യേക ശൈലിയിലുള്ള ബൗളിങ് ആക്ഷന്‍ വരെ അതേ പടി അനുകരിക്കാന്‍ രണ്‍വീറിന് സാധിച്ചു. ആറുമാസത്തോളം സമയമെടുത്ത് കപിലിനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചാണ് രണ്‍വീര്‍ സാക്ഷാല്‍ കപില്‍ ദേവായി മാറിയത്. രണ്‍വീറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരിക്കും 83.
ലോകകപ്പ് കിരീടം നേടിയ അതേ ടീമിനെ അതുപോലെ സിനിമയില്‍ കാണാന്‍ സാധിച്ചു. അതിന് കാസ്റ്റിങ് ഡയറക്ടര്‍ പ്രത്യേക കൈയടി അര്‍ഹിക്കുന്നു. മാന്‍സിങ്ങായി വന്ന പങ്കജ് ത്രിപാഠിയും സുനില്‍ ഗവാസ്‌കറായി വേഷമിട്ട താഹിര്‍ രാജും ശ്രീകാന്തായി മാറിയ ജീവയും സയ്യിദ് കിര്‍മാനിയായി വന്ന സാഹില്‍ ഖട്ടറുമെല്ലാം മേക്ക് ഓവര്‍ കൊണ്ട് ഞെട്ടിച്ചു. ലാലാ അമര്‍നാഥായി സാക്ഷാല്‍ മോഹീന്ദര്‍ അമര്‍നാഥ് സിനിമയില്‍ വേഷമിട്ടു എന്നതും എടുത്തുപറയേണ്ടതാണ്. വെസ്റ്റ് ഇന്‍ഡീസിനെ 1983-ലെ ടീം പോലെ ഒരുക്കിയെടുക്കാനും സിനിമയ്ക്ക് കഴിഞ്ഞു. വിവിയന്‍ റിച്ചാര്‍ഡ്‌സും ക്ലൈവ് ലോയ്ഡുമെല്ലാം വീണ്ടും ക്രീസിലിറങ്ങിയതായി തോന്നി.
വെറും ലോകകപ്പ് വിജയം മാത്രമല്ല സിനിമയില്‍ കാണാനാവുക. കപില്‍ ദേവും സംഘവും നേരിട്ട പ്രശ്‌നങ്ങളും അതിനെ മറികടന്ന സംഭവങ്ങളുമെല്ലാം 83 കൃത്യമായി വരച്ചിടുന്നുണ്ട്. കപില്‍ ദേവിന്റെ വീക്ഷണത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പക്ഷേ എല്ലാ താരങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കാന്‍ സംവിധായകന് കഴിഞ്ഞു. ലോകകപ്പില്‍ ഒരു വിജയം പോലും നേടാതെ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യ ചെകുത്താന്മാരായി മാറി ലോകകപ്പില്‍ മുത്തമിടുന്ന എല്ലാ സംഭവങ്ങളും സിനിമ കൃത്യമായി കാണിക്കുന്നുണ്ട്. സിംബാബ്വെയ്ക്കെതിരായ കപില്‍ ദേവിന്റെ അത്ഭുത ഇന്നിങ്‌സും നടരാജ ഷോട്ടും ഇന്ത്യന്‍ ടീമിന് നേരിടേണ്ടി വന്ന അവഹേളനങ്ങളും ശ്രീകാന്തിന്റെ നര്‍മത്തില്‍ പൊതിഞ്ഞുള്ള സംസാരവും വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ താരപ്പൊലിമയുമെല്ലാം സിനിമയില്‍ വ്യക്തമായി കാണാം.
ലോകകപ്പില്‍ സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 175 റണ്‍സെടുത്ത് കപില്‍ ലോകറെക്കോഡ് സ്ഥാപിച്ചെങ്കിലും ആ മത്സരം പ്രക്ഷേപണം ചെയ്തിരുന്നില്ല. ലോകം മുഴുവന്‍ കാണേണ്ട ആ അത്ഭുത ഇന്നിങ്‌സ് അന്ന് സ്‌റ്റേഡിയത്തിലുള്ളവര്‍ മാത്രം ആസ്വദിച്ചു. ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതിയ കപിലിന്റെ ഇന്നിങ്‌സ് കാണാതെ ഇത്രയും കാലം നിരാശപ്പെട്ട ക്രിക്കറ്റ്പ്രേമികള്‍ക്ക് ഇനി സങ്കടപ്പെടേണ്ട കാര്യമില്ല. അത്രയും മികവോടെ, മത്സരത്തിന്റെ എല്ലാ മേഖലയും സമ്മേളിപ്പിച്ചുകൊണ്ട് 83-യില്‍ സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ മത്സരം പുനഃസൃഷ്ടിച്ചിട്ടുണ്ട്. അവിശ്വസനീയമാം വിധമാണ് ഈ മത്സരം സിനിമയില്‍ പകർത്തിയിരിക്കുന്നത്. ഈ രംഗത്തിലെ അഭിനയമായിരിക്കും രണ്‍വീര്‍ സിങ്ങെന്ന പ്രതിഭയുടെ അളവുകോല്‍.
സിനിമയില്‍ എടുത്തുപറയേണ്ട മറ്റൊരു വിഭാഗമാണ് സംഗീതം. 83-യിലെ പാട്ടുകളും പശ്ചാത്തല സംഗീതവുമെല്ലാം സിനിമയെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചില രംഗങ്ങളില്‍ ഫ്രെയിമുകളേക്കാള്‍ മനോഹരമായി സംഗീതത്തിന് മേല്‍ക്കെ നേടാന്‍ സാധിച്ചിട്ടുണ്ട്. പാട്ടുകളൊരുക്കിയ പ്രീതമും പശ്ചാത്തല സംഗീതമൊരുക്കിയ ജൂലിയസ് പാക്കിയമും വലിയ കൈയടി അര്‍ഹിക്കുന്നു.
83 കായികപ്രേമികള്‍ക്ക് വേണ്ടി മാത്രമായുള്ള സിനിമയല്ല. ഇന്ത്യയെ സ്‌നേഹിക്കുന്ന ഇന്ത്യയുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്ന ആര്‍ക്കും ധൈര്യമായി 83 എന്ന സിനിമയ്ക്ക് ടിക്കറ്റെടുക്കാം. ടിവിയും മറ്റ് സൗകര്യങ്ങളും പരിമിതമായ കാലഘട്ടത്തില്‍ ഇന്ത്യ നേടിയ മഹത്തരമായ വിജയം കാണാതെ പോയവര്‍ക്ക് ആ ഐതിഹാസിക വിജയം വീണ്ടും കാണാനുള്ള അവസരമാണ് 83 എന്ന ചിത്രം ഒരുക്കുന്നത്. 83 എന്നത് വെറുമൊരു ചരിത്ര സിനിമയല്ല, മറിച്ച് ഇന്ത്യയുടെ എക്കാലത്തെയും വലിയ ലോകകപ്പ് വിജയത്തിന്റെ ഓര്‍മകള്‍ കൂടിയാണ്.
Content Highlights: 83 fim review malayalam, malayalam review of 83, 83 film, ranveer singh, kabir khan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..