കേരളത്തിന്റെ യഥാര്‍ത്ഥ കഥ, അഭ്രപാളിയിലെ പുത്തന്‍ ദൃശ്യാനുഭവം; മസ്റ്റ് വാച്ചാണ് '2018' |  Review


By അഞ്ജയ് ദാസ്. എന്‍.ടി

3 min read
REVIEW
Read later
Print
Share

2018 സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/judeanthanyjoseph

റക്കണമെന്ന് ആഗ്രഹിക്കുന്തോറും മലയാളികളുടെ ഉള്ളിലേക്ക് തികട്ടിവരുന്ന ദുരന്തമാണ് 2018-ലെ പ്രളയം. പിന്നീടങ്ങോട്ട് ഓരോ മഴക്കാലം വരുമ്പോഴും 2018 എന്ന വര്‍ഷവും ആഗസ്റ്റ് മാസവും ഓരോ കേരളീയന്റെയും ഉള്ളിലെ പൊള്ളലില്‍ നീറ്റലുണ്ടാക്കുന്നു. അത്ര മാത്രമാണ് ആ ദുരന്തം നമ്മുടെയെല്ലാം മനസിനെ ഉലച്ചുകളഞ്ഞത്. നിരവധി പേര്‍ക്ക് ജീവനും ജീവിതവും നഷ്ടമായി. പലരും ഇന്നും ആ ദുരന്തം നല്‍കിയ ഉലച്ചിലില്‍നിന്ന് മുക്തരായിട്ടില്ല. ഈ ദുരന്തത്തിന്റെ കാഴ്ചകള്‍ അതിന്റെ തീവ്രത ഒട്ടും ചോരാതെ വെള്ളിത്തിരയിലെത്തിച്ചിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫും സംഘവും 2018 എന്ന ചിത്രത്തിലൂടെ.

2018-ലെ ആഗസ്റ്റ് മാസം കേരളത്തിലെ ഓരോരുത്തരും അനുഭവിച്ച ദുരിതം എത്ര മാത്രമായിരുന്നുവെന്ന് ഒട്ടും അതിശയോക്തിയില്ലാതെ, അതിമാനുഷികരല്ലാത്ത കഥാപാത്രങ്ങളിലൂടെ കണ്‍മുന്നില്‍ എത്തിച്ചിരിക്കുകയാണ് ടീം 2018. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ എങ്ങനെ ഒരൊറ്റ മനസായി പ്രവര്‍ത്തിച്ചുവെന്നും ആ മഹാപ്രളയത്തെ നേരിട്ടുവെന്നുമാണ് ചിത്രം പറയുന്നത്. പതിയെ തുടങ്ങി ക്രമാനുഗതമായി താളത്തിലേക്ക് വരുന്ന ചിത്രമല്ല '2018'. ഓരോ കഥാപാത്രവും ആരാണെന്നും അവരുടെ വ്യക്തിത്വമെന്താണെന്നും ചടുലമായിത്തന്നെയാണ് ചിത്രം അവതരിപ്പിക്കുന്നത്. കാരണം ഈ കഥാപാത്രങ്ങള്‍ക്ക് എന്താണ് ഭാവിയില്‍ ചെയ്യാനുണ്ടാവുകയെന്ന് ആദ്യമേ തന്നെ പ്രേക്ഷകരില്‍ ഒരു ചിത്രം രൂപപ്പെടുത്തുകയാണ് സംവിധായകനും എഴുത്തുകാരനും ചെയ്യുന്നത്. കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുക എന്നതിലേക്ക് പ്രേക്ഷകനെ എത്തിക്കാനുള്ള ദൗത്യത്തിന്റെ തുടക്കം എന്നും പറയാം.

ഓരോരുത്തരും നായകരാണ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അതുകൊണ്ടുതന്നെ സിനിമയിലെ നായകന്‍ എന്ന് എടുത്തുപറയാന്‍ പറ്റില്ല. വിമുക്തഭടനായ അനൂപും മത്സ്യത്തൊഴിലാളികളായ വിന്‍സ്റ്റണും മത്തായിച്ചനും നിക്സ്റ്റണും പ്രവാസിയായ രമേശും ഡ്രൈവര്‍ ജേക്കബ് കോശിയും എന്നുവേണ്ട ഓരോ കഥാപാത്രങ്ങളും അവരവരുടേതായ രീതിയില്‍ നായകന്മാരാണ്. കേരളം നേരിട്ട മഹാദുരന്തത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമെങ്കിലും ആ പശ്ചാത്തലം ഉപയോഗിച്ചുള്ള പുതിയൊരു സാധ്യത തേടിയിരിക്കുകയാണ് ജൂഡും സംഘവും. പ്രളയം നാശംവിതച്ച ഭൂമിയില്‍ സംഭവിച്ചേക്കാനിടയുള്ള കാര്യങ്ങളാണ് 2018- സംഘം സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്നത്. പക്ഷേ, അതെല്ലാം കാണുന്നവര്‍ക്ക് എളുപ്പം റിലേറ്റ് ചെയ്യുന്ന രീതിയിലാണെന്നത് അഭിനന്ദനാര്‍ഹമാണ്.

അഭിനന്ദിക്കേണ്ടവരുടെ പട്ടികയെടുക്കുകയാണെങ്കില്‍ ആ ലിസ്റ്റ് നീളും. എങ്കിലും ചിലരെ മാത്രം എടുത്തുപറയുന്നു. സംവിധായകനും രണ്ട് തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായ ജൂഡില്‍നിന്ന് തന്നെ തുടങ്ങാം. കേരളം കണ്‍മുന്നില്‍ക്കണ്ട ഒരു ദുരന്തത്തെ അതേ തീവ്രതയോടെ വെള്ളിത്തിരയിലെത്തിച്ചു എന്നതിന് വലിയൊരു കയ്യടി തന്നെ അദ്ദേഹത്തിന് നല്‍കാം. ഒരു സീന്‍ എത്ര ശക്തമായി പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങണമെന്ന് നന്നായി ഗൃഹപാഠം ചെയ്ത് അവതരിപ്പിച്ചതിന്റെ ഫലം സ്‌ക്രീനില്‍ കാണാനുണ്ട്. ജൂഡ് ആന്റണി ജോസഫ് എന്ന സംവിധായകന്‍ ഇനി അറിയപ്പെടാന്‍ പോകുന്നതും 2018 എന്ന ചിത്രത്തിന്റെ പേരിലായിരിക്കും. അദ്ദേഹത്തിന്റെ സിനിമാ ജീവിതം 2018 എന്ന ചിത്രത്തിന് മുമ്പും ശേഷവും എന്ന് അറിയപ്പെടുമെന്നതും തീര്‍ച്ചയാണ്. സഹ എഴുത്തുകാരനായ അഖില്‍ പി. ധര്‍മജനും കയ്യടിയര്‍ഹിക്കുന്നുണ്ട്. മഹാപ്രളയം നേരിട്ടനുഭവിച്ച ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനയും സല്യൂട്ട് അര്‍ഹിക്കുന്നു.

എടുത്തുപറയേണ്ട മറ്റൊരു വിഭാഗം ചിത്രത്തിന്റെ ഗ്രാഫിക്‌സ് വിഭാഗമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതും പ്രളയത്തിന്റെ ഭീകരതയുമെല്ലാം അത്രമേല്‍ യഥാര്‍ത്ഥമായി അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്ലൈമാക്‌സിനോടടുത്ത പ്രളയരംഗങ്ങളിലെ ഭീകരത കാണുന്ന ഓരോരുത്തരിലേക്കും എത്തിക്കുന്നതില്‍ സമ്പൂര്‍ണവിജയമാണ് അവര്‍ കൈവരിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളില്‍ ഇത്രയേറെ മികവുറ്റ ഗ്രാഫിക്‌സ് രംഗങ്ങള്‍ ഉപയോഗിച്ച മറ്റൊരു ചിത്രമില്ല എന്ന് നിസ്സംശയം പറയാം. നോബിന്‍ പോള്‍ ഒരുക്കിയ ഗാനങ്ങളും അതിലുപരി പശ്ചാത്തലസംഗീതവും എടുത്തുപറയുകതന്നെ വേണം. മഴയുടെ നിഷ്‌കളങ്ക സൗന്ദര്യം ഭീകരതയിലേക്ക് കൂടുവിട്ട് കൂടുമാറുന്ന രംഗങ്ങളിലെ പശ്ചാത്തലസംഗീതം ആസ്വാദകരുടെ ഉള്ളില്‍ അക്ഷരാര്‍ത്ഥത്തില്‍ തീ കോരിയിടുന്നുണ്ട്.

ടോവിനോ, നരേന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, ലാല്‍, കലൈയരസന്‍, റോണി ഡേവിഡ് രാജ്, രമേഷ് തിലക്, അജു വര്‍ഗീസ്, ജോയ് മാത്യൂ, ജിബിന്‍, ജയകൃഷ്ണന്‍, ഷെബിന്‍ ബക്കര്‍, ഇന്ദ്രന്‍സ്, സിുധീഷ്, സിദ്ദിഖ്, തന്‍വി റാം, വിനീത കോശി, ഗൗതമി നായര്‍, ശിവദ, അപര്‍ണ ബാലമുരളി തുടങ്ങി താരങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ചിത്രത്തില്‍. ഓരോരുത്തര്‍ക്കും എന്താണ് അവരുടെ വേഷമെന്ന് കൃത്യമായി നിശ്ചയിച്ചിരിക്കുന്നു. ഏത് കഥാപാത്രമെടുത്താലും അതൊന്നും വെറുതേയല്ലെന്ന് ഉറപ്പിക്കാം. ഇത്രയും താരങ്ങളെ വളരെയേറെ പ്രാധാന്യമുള്ള വേഷങ്ങളില്‍ അവതരിപ്പിച്ച മറ്റൊരു ചിത്രം അടുത്തിറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്. യൂണിവേഴ്‌സല്‍ തീം ആയതുകൊണ്ട് തന്നെ ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ നല്‍കിയിരിക്കുന്നതും ഉചിതമായി തോന്നി.

കേരളത്തിന്റെ നെഞ്ചില്‍ തീ കോരിയിട്ട മഹാപ്രളയത്തിന്റെ കാഴ്ചകള്‍ തീവ്രത ചോരാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതില്‍ സംവിധായകന്‍ ജൂഡും കൂട്ടരും പൂര്‍ണമായി വിജയിച്ചിട്ടുണ്ട്. മലയാളത്തിന്റെ അഭ്രപാളിയിലെ പുത്തന്‍ ദൃശ്യാനുഭമായി '2018'-നെ വിശേഷിപ്പിക്കാം. മസ്റ്റ് വാച്ചാണ് '2018'.

Content Highlights: 2018 malayalam movie review, 2018 movie first review, tovino thomas, jude anthany joseph

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sulaikha Manzil

2 min

സുലൈഖ മന്‍സിലിലെ കല്യാണ വിശേഷങ്ങള്‍ | Sulaikha Manzil Review 

Apr 21, 2023


ചിത്രത്തിന്റെ പോസ്റ്റർ
REVIEW

2 min

അവ​ഗണനയ്ക്കും അടിച്ചമർത്തലുകൾക്കും എതിരെ 'ജാക്സൺ ബസാർ യൂത്തി'ന്റെ ബാൻഡ് മേളം | Movie Review

May 19, 2023


remya nambeeshan
Review

4 min

മാറിടത്തിലേക്കുള്ള ആൺനോട്ടങ്ങളുടെ മാറ്റം, അതാണ് ബി 32 മുതല്‍ 44 വരെ സിനിമയുടെ ചരിത്രപ്രാധാന്യം

Apr 9, 2023

Most Commented