പുതുമ തേടിയുള്ള യാത്ര; ത്രില്ലും കോമഡിയും കൂട്ടിന്| 1744 White Alto Review


അനന്യലക്ഷ്മി ബി.എസ്.

1744 White Alto

മലയാള സിനിമ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. നാളുകളായി പിന്തുടര്‍ന്നു വന്ന വാര്‍പ്പു മാതൃകകളെ തച്ചുടച്ച, മലയാളിയ്ക്ക് ഇന്നോളം അന്യമായിരുന്ന ഒരു പിടി പരീക്ഷണ ചിത്രങ്ങള്‍ മലയാളത്തില്‍ പിറവി കൊണ്ടു. ഏറനാടന്‍ ഭാഷയിലും വരിക്കാശ്ശേരി മനയിലും മാത്രം വട്ടം തിരിഞ്ഞ മലയാള സിനിമയിലിന്ന് സാധാരണക്കാരായ മനുഷ്യര്‍ക്കും, കേരളത്തിന്റെ ഒരറ്റം മുതല്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന പല ജാതി മലയാളത്തിനും കൂടി ഇടമുണ്ട്. ഇതിൽ വലിയ പങ്ക് വഹിച്ച സംവിധായകനാണ് സെന്ന ഹെഗ്‌ഡെ. തിങ്കളാഴ്ച നിശ്ചയമെന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിലെ മിനിമം ഗ്യാരണ്ടിയവകാശപ്പെടാവുന്ന സംവിധായകരുടെ പട്ടികയില്‍ തന്റെ പേരു ചേർക്കാൻ ഹെഗ്‌ഡെയ്ക്ക് കഴിഞ്ഞു. അതു തന്നെയായിരുന്നു 1744 വൈറ്റ് ആള്‍ട്ടോയ്ക്കായി കാത്തിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ച ഘടകവും.

PY 1744 നമ്പര്‍ 2003 മോഡല്‍ വൈറ്റ് ആള്‍ട്ടോയും ഈ കുഞ്ഞന്‍ കാര്‍ പൊല്ലാപ്പിലാക്കിയ കുറച്ചു മനുഷ്യരും. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഇതാണ് സെന്ന ഹെഗ്‌ഡെ രചനയും സംവിധാനവും ഒരുക്കിയ 1744 വൈറ്റ് ആള്‍ട്ടോ എന്ന സിനിമ. കര്‍ണാടകയോടു ചേര്‍ന്നുള്ള ഒരു അതിര്‍ത്തി ഗ്രാമത്തിൽ ഒരേ സമയം നടക്കുന്ന രണ്ട് സംഭവങ്ങളും. ഈ കേസുകള്‍ അന്വേഷിച്ചിറങ്ങി പുറപ്പെട്ട ഒരു സംഘം പോലീസുകാരും ഇതിനിടയില്‍ നടക്കുന്ന ചില രസകരമായ സംഭവ വികാസങ്ങളാണ് സര്‍ക്കാസത്തിന്റെ മേമ്പൊടിയോടെ 1744 വൈറ്റ് ആള്‍ട്ടോ എന്ന ചിത്രം അവതരിപ്പിക്കുന്നത്. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളുമാണ് സിനിമയുടെ കഥാപശ്ചാത്തലമെന്ന് തോന്നാമെങ്കിലും ഒരു പ്രത്യേക ഭൂമികയിലേക്ക് സംവിധായകന്‍ ചിത്രത്തിന്റെ പശ്ചാത്തലത്തെ ഒതുക്കി കളയുന്നില്ല. പല ഭാഷകള്‍ സംസാരിക്കുന്ന മനുഷ്യരെ ഇവിടെ കാണാം. അതോടെ ഇത് ഒരു പ്രദേശത്തെ മനുഷ്യരുടെ മാത്രം കഥയല്ല എന്ന ധാരണ പ്രേക്ഷകര്‍ക്കു ലഭിക്കുന്നു.വിവേകബുദ്ധിയില്ലാത്ത സഹപ്രവര്‍ത്തകരാല്‍ നട്ടം തിരിയുന്ന പോലീസുകാരന്റെ കഥാപാത്രം ഷറഫുദ്ദീന്റെ കയ്യില്‍ ഭദ്രമായിരുന്നു. തട്ടിപ്പും കള്ളത്തരവും ജന്മസിദ്ധമായി കൈവശമുള്ള കഥാപാത്രങ്ങളായെത്തിയ രാജേഷ് മാധവനും ആനന്ദ് മന്മഥനും തങ്ങളുടെ റോളുകളില്‍ മികച്ചു നിന്നു. പഴയ ചിത്രകഥകളിലെ മണ്ടന്‍ പോലീസുകാരെ അനുസ്മരിപ്പിക്കുന്ന പോലീസുകാരെ അവതരിപ്പിച്ച സജിന്‍ ചെറുകയില്‍, അരുണ്‍ കുര്യന്‍, തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കേസുകളുടെ തുമ്പ് കണ്ടു പിടിക്കുന്നതില്‍ മിടുക്കിയായ പോലീസുകാരിയയെത്തിയ നില്‍ജ, വിജയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നവാസ് വള്ളിക്കുന്ന് എന്നിവരുടെ പ്രകടനങ്ങളും മികച്ചു നിന്നു. വളരെ കുറച്ചു രംഗങ്ങളില്‍ മാത്രമാണെത്തിയതെങ്കിലും വിന്‍സി അലോഷ്യസിന്റെയും സ്മിനു സിജോയുടെയും സ്‌ക്രീന്‍ പ്രസന്‍സ് പ്രത്യേക കയ്യടിയര്‍ഹിക്കുന്നു.

ആദ്യ പകുതിയില്‍ സ്ലോ പേസില്‍ നീങ്ങുന്ന ചിത്രം രണ്ടാം പകുതിയെത്തുമ്പോഴേക്കും കഥയുടെ ഗതി കൂടുതല്‍ ത്വരിതപ്പെടുന്നു. പുതുമയുള്ള ആഖ്യാനശൈലിയിലൂടെ നീങ്ങിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് സെന്ന ഹെഗ്‌ഡെ ശ്രീരാജ് രവീന്ദ്രന്‍ കൂട്ടുകെട്ടാണ്. ചിത്രത്തിന്റെ വൈകാരികത നിലനിര്‍ത്തുന്നതില്‍ മുജീബ് മജീദിന്റെ സംഗീതം ഏറിയ പങ്കു വഹിക്കുന്നുണ്ട്. കബനി ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മലയാള സിനിമയിലെ സ്വഭാവിക ശൈലിയില്‍ നിന്ന് മാറി ചിന്തിക്കാനായി എന്നു പറയാം. പരീക്ഷണ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും 1744 വൈറ്റ് ഓള്‍ട്ടോയെ സ്വീകരിക്കാനാകും.

Content Highlights: 1744 white alto, sharafudheen, senna hegde, makers of thinkalazcha nishchayam, review,malayalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022

Most Commented