കേരളത്തിലെ തിയേറ്ററുകളില്‍ ചലച്ചിത്രപ്രദര്‍ശനം തുടങ്ങുന്നതിനു മുന്‍പ് പട്ടണങ്ങളിലെ പുകവലിശീലത്തെക്കുറിച്ച് ഒരു ലഘുസിനിമ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇത് തുടങ്ങുന്നതുതന്നെ ഒരു ഹാളിലിരുന്നു പത്തിരുപതുപേര്‍ പുകവലിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് അണിയറയില്‍നിന്ന് ഈ നഗരത്തിനിതെന്തുപറ്റി? എന്ന ചോദ്യത്തോടെയാണ്. 

വിശ്വവിഖ്യാതരായ പയ്യന്മാര്‍ എന്ന ചലച്ചിത്രം കാണുന്ന പ്രേക്ഷകരും ആദ്യം സിനിമയുടെ അണിയറപ്രവര്‍ത്തകരോട് ചോദിച്ചുപോകുന്ന ചോദ്യങ്ങളിലൊന്ന് ഈ സിനിമക്കിതെന്തുപറ്റിയെന്നായിരിക്കും. ഏതൊരു ചലച്ചിത്രത്തിനും വേണ്ടത് നല്ലൊരു കഥയാണ് എന്ന കാര്യത്തില്‍ മുഖ്യധാരാ സിനിമാക്കാര്‍ക്കിടയില്‍ തര്‍ക്കമില്ല. എന്നാല്‍ സിനിമയില്‍ ഒരു നല്ല കഥയ്ക്കു പകരം ഡാന്‍സ്, പാട്ട്, സ്റ്റണ്ട്, കുളിസീന്‍, ബലാത്സംഗം ഇങ്ങനെ വിതരണക്കാരന്റെവരെ നിര്‍ദേശങ്ങളനുസരിച്ച് രംഗങ്ങളും മറ്റും ചേര്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ആ കാലം കഴിഞ്ഞുവെന്നുള്ളതാണ് പുതിയ ന്യൂജനറേഷന്‍ സിനിമകളുടെ വാണിജ്യപരമായും കലാപരമായും സൗന്ദര്യശാസ്ത്രപരമായുമെല്ലാമുള്ള വിജയങ്ങള്‍ നമ്മോട് ഏതാനും വര്‍ഷങ്ങളായി പറയുന്നത്. എന്നാല്‍ ഇക്കാര്യം ഇതുവരെ തങ്ങളറിഞ്ഞിട്ടില്ലെന്നുള്ളത് വിളിച്ചുപറയുകയാണ് വിശ്വവിഖ്യാതരായ പയ്യന്മാര്‍.

തന്റെ സാം എന്ന കൂട്ടുകാരനാല്‍ ചതിക്കപ്പെട്ട ഗോപിയും മറ്റൊരു കൂട്ടുകാരനായ ലിജുവും ഹൈറേഞ്ചില്‍നിന്ന് അവനെ തേടി എറണാകുളം നഗരത്തിലെത്തുന്നതും അവര്‍ അവിടെ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ഈ സിനിമയുടെ ആകെത്തുക. ഇത്തരത്തിലുള്ള മറ്റനേകം മലയാളത്തില്‍ ഇറങ്ങിയ സിനിമകളുടെ ഒരു തുടര്‍ച്ച എന്നുപറയാമെങ്കിലും ആകെ ഒരു വ്യത്യസ്തത വരുത്താന്‍ സംവിധായകനും അണിയറപ്രവര്‍ത്തകരും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ വ്യത്യസ്തതയും പാട്ടും ഡാന്‍സുമെല്ലാം ചേരുംപടി ചേര്‍ക്കുമ്പോഴും ഇത് മുഖ്യകഥപറച്ചിലിനോട് എത്രത്തോളം നീതിപുലര്‍ത്തുന്നുവെന്നുള്ളതുകൂടി പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് ഈ സിനിമയുടെ പരാജയം. യാദൃച്ഛികത എന്നും മുഖ്യധാരാ സിനിമയില്‍ സീനുകളുടെ ഇടയ്ക്കിടയ്ക്ക് കയറിവരുമെങ്കിലും അതിനുവേണ്ടി കഥയെ ബലികഴിക്കരുതെന്നതാണ് പല നമ്മുടെ സംവിധായകരും തിരക്കഥാകൃത്തുക്കളും മറന്നുപോകുന്നത്. 

നല്ല കഥ, അനാവശ്യ വളച്ചുകെട്ടില്ലാതെ പറയുകയെന്നുള്ളതാണ് ഏറ്റവും നല്ല മാര്‍ഗം. കഥാപാത്രങ്ങളെ ഉണ്ടാക്കി കഥയിലേക്ക് വലിച്ചുകയറ്റാതിരിക്കുകയാണ് വേണ്ടത്. തങ്ങള്‍ പറയുവാനുദ്ദേശിക്കുന്ന കഥയ്ക്ക് ബലമേകുവാനായിരിക്കണം പാട്ടും ഡാന്‍സും, സംഘട്ടനമാണെങ്കില്‍ പോലും. അങ്ങനെയാകുമ്പോഴേ സിനിമ കാഴ്ചക്കാരന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയുള്ളൂ. മറിച്ചാകുമ്പോള്‍ ഒരു ഫീച്ചര്‍ ഫിലിം എന്നതിനുപകരം ഒരു പാട്ട്, ഒരു സംഘട്ടനം, ഒരു നൃത്തം അങ്ങനെ വേറിട്ട കുറെ കംപാര്‍ട്ട്‌മെന്റുകളായി അവ മാറും. പലപ്പോഴും ഇത്തരമൊരു അനുഭവമാണ് വിശ്വവിഖ്യാതരായ പയ്യന്മാര്‍ എന്ന സിനിമയുടെ കാഴ്ചയും നല്കുന്നത്. 
തമാശയ്ക്കുവേണ്ടിയാണെങ്കിലും ഹരീഷ് കണാരന്‍ എന്ന കോഴിക്കോടന്‍ സ്ലാങ്ങിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംതേടിയ കഥാപാത്രത്തെ ഈ ചലച്ചിത്രത്തില്‍ ഒരു പ്രധാന റോളില്‍കൊണ്ടുവന്നതാണ് ഏറെ സങ്കടകരം. മട്ടാഞ്ചേരിയുടെയും കൊച്ചിയുടെയും പശ്ചാത്തലത്തില്‍ കണാരന്‍ കോഴിക്കോടന്‍ ശൈലിയില്‍ ഡയലോഗ് പറയുന്നത് പലപ്പോഴും ചിരിയല്ല ഉണ്ടാക്കുന്നത്. കഥയുടെ സന്ദര്‍ഭത്തിലൂടെയല്ലാതെ തമാശയ്ക്കുവേണ്ടി മാത്രം ഉണ്ടാക്കുന്ന തമാശകള്‍ എത്രത്തോളം സിനിമയ്ക്ക് അധികപറ്റാകുമെന്നുളളത് അണിയറപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയുവാന്‍ സാധിച്ചില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. 

പേരിലൊരു സിനിമ എന്നതിനപ്പുറം ഒരു മുഖ്യധാരാ കാഴ്ചയാക്കാമായിരുന്ന വിശ്വവിഖ്യാതരായ പയ്യന്മാര്‍ എന്ന സിനിമ. എന്നാല്‍ കൂടുതല്‍ കൂടുതല്‍ വ്യത്യസ്തതയ്ക്കും മറ്റും വേണ്ടി പല ഘടകങ്ങളും ഉള്‍പ്പെടുത്തി അടിസ്ഥാനപ്രമേയത്തോട് നീതിപുലര്‍ത്തുവാന്‍ കഴിയാതെപോയ എന്നാല്‍ അല്പനേരം കുണുങ്ങിച്ചിരിക്കാന്‍ മാത്രം പ്രേക്ഷകനെ സഹായിച്ച സിനിമകളുടെ ഗണത്തില്‍ മാത്രം പെടുത്താവുന്ന ചലച്ചിത്രങ്ങളിലൊന്നാണ്.