'നത്തിങ് ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്, എവരിതിങ് ഈസ് ഇന്‍ ഗ്രേ' മാത്യൂ മാഞ്ഞൂരാന്‍ എന്ന ഐ.പി.എസ്. ഓഫീസര്‍ വില്ലനില്‍ തന്റെ ജൂനിയര്‍ ഓഫീസറോടു പറയുന്നതിതാണ്. സംഭവം സിംപിളാണ്; ഒന്നും കറുപ്പിലും വെളുപ്പിലുമല്ല, അതായത് ഒന്നും നേരെയല്ല. എല്ലാം ഇരുണ്ടതാണ്; അതായത് ആകെയൊരു പുകമറയാണെല്ലാം. ബി. ഉണ്ണികൃഷ്ണന്റെ ബിഗ്ബജറ്റ് സിനിമ വില്ലനെ സംബന്ധിച്ചിടത്തോളം വളരെ വളരെ ശരിയാണ്, മുഖ്യകഥാപാത്രത്തിന്റെ പ്രസ്താവന. ആകെ ആശയക്കുഴപ്പത്തിന്റെ കറുത്തപുകയാണ്.

സാങ്കേതികത, ബജറ്റ് അവകാശവാദങ്ങള്‍ക്കൊടുവിലാണ് മോഹന്‍ലാലിനെ നായകനാക്കിയ ബി. ഉണ്ണികൃഷ്ണന്‍ സിനിമ 'വില്ലന്‍' തിയറ്ററുകളിലെത്തുന്നത്. എന്നാല്‍ ബില്‍ഡ് അപ്പുകള്‍ക്കും തിയറ്റര്‍ റിലീസിനുമുമ്പേയുള്ള ഹൈപ്പുകള്‍ക്കും വിപരീതമായി ശോകമൂകമായ, ഒരു സ്ലോ ത്രില്ലറാണ് വില്ലന്‍. ബി. ഉണ്ണികൃഷ്ണന്‍ ഇതിനുമുന്‍പും ഇതുപോലുളള സിനിമകള്‍ ചെയ്തിട്ടുണ്ട്, അവയില്‍ പൃഥ്വിരാജ് നായകനായ ' ത്രില്ലര്‍', സുരേഷ് ഗോപി നായകനായ ' ഐ.ജി'. എന്നീ സിനിമകളുടെ നിലവാരമുളളതാണ് വില്ലന്‍. മോഹന്‍ലാലിന്റെ സാന്നിധ്യം മാത്രമാണ് അപവാദം.

മോഹന്‍ലാലിനൊപ്പമുള്ള ഉണ്ണികൃഷ്ണന്റെ നാലാംസിനിമയാണു വില്ലന്‍. അവസാനം ഇറങ്ങിയ 'മിസ്റ്റര്‍ ഫ്രോഡ്' പതിവു  പ്രതികാര സിനിമയായിരുന്നെങ്കിലും ത്രില്ലര്‍മൂഡില്‍ കണ്ടിരിക്കാമായിരുന്നു. എന്നാല്‍ വില്ലനിലേയ്ക്കെത്തുമ്പോള്‍ പ്രമേയപരമായും ആവിഷ്‌കാരപരമായും ദുര്‍ബലമാണ്.  കണ്ടുമറന്ന സിനിമകളുടെ സങ്കലനമാണ് വില്ലന്‍. ബി. ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ വച്ചൊരുക്കിയ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ അതേ ഘടനയാണ്  ഈ ചിത്രത്തിലും. 

ഭാര്യയും മകളും നഷ്ടപ്പെട്ട് വൈകാരികമായ പ്രതിസന്ധിയില്‍ ജീവിക്കുന്ന ഒരു മുതിര്‍ന്ന പോലീസ് ഓഫീസര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ഒരു സീരിയല്‍ കില്ലര്‍ വരുന്നു. അത് അയാളുടെ ജീവിതത്തെയും പ്രൊഫഷനെയും എങ്ങനെ ബാധിക്കുന്നുവെന്നാണ് സിനിമ പറയുന്നത്. വൈകാരിക ത്രില്ലര്‍ എന്ന ഗണത്തില്‍പ്പെടുത്താമെങ്കിലും കഥാപാത്രനിര്‍മിതികളിലും സാഹചര്യങ്ങളിലും പുലര്‍ത്തുന്ന യാഥാസ്ഥിതികമായ കൃത്രിമത്വം കൊണ്ട് സിനിമയോട് ഒരുവിധ വൈകാരികതയും തോന്നാനിടയില്ല. 

വില്ലന്റെ ട്രെയ്ലറുകളില്‍ ആവര്‍ത്തിച്ചുകേട്ട ഡയലോഗ് 'ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്നതുപോലെ അസ്വഭാവികമായതൊന്നും ഈ ഭൂമിയില്‍ ഇല്ല' എന്നൊരു വാചകം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാത്യൂ മാഞ്ഞൂരാന്‍ പറയുന്നുണ്ട്. ഉണ്ണികൃഷ്ണന്റെ സിനിമ പറയുന്നതും അതാണ്. മനുഷ്യന്‍ മനുഷ്യന്റെ ജീവനെടുക്കുന്നതിലെ നീതിയും നീതിരാഹിത്യവും. 'ഫിലോസഫിക്കലി ഹെവി'യാണ് വില്ലന്‍. നായകനും പ്രതിനായകനും മുഖത്തോടുമുഖം നോക്കി നീതിയെക്കുറിച്ചും നിയമത്തെക്കുറിച്ചും ഘോരമായ പ്രസംഗങ്ങള്‍ നടത്തുന്നത് ക്രിസ്റ്റഫര്‍ നോളാന്റെ സിനിമകളിലേ കണ്ടിട്ടുള്ളു. ഇവിടെ ഒരു ക്രൈം നടക്കുന്നതിനു തൊട്ടുമുമ്പു ഗണ്‍പോയിന്റില്‍ നായകനെ മുന്നില്‍ നിര്‍ത്തി നീതിബോധത്തെപ്പറ്റി പറയുന്ന പ്രതിനായകന്‍, അയാളോടു നീതിയുടെ യുക്തി പറയുന്ന നായകന്‍, നായകന്റെ ഉപദേശത്തില്‍ വീണ്ടും വിചാരം ഉണ്ടാകുന്ന പ്രതിനായിക എന്നുവേണ്ട ആകെ വാചകക്കസര്‍ത്താണ് സിനിമ. ഉപന്യാസമെഴുത്തായിരുന്നെങ്കില്‍ തകര്‍ത്തേനെ! പക്ഷേ പോലീസ് ത്രില്ലര്‍ സ്റ്റോറിയുടെ ക്ലൈമാക്സില്‍ ഈ സൈസ് 'ഫിലോസഫിക്കല്‍ ഗാര്‍ബേജ്' അരോചകം മാത്രമല്ല അസഹനീയവുമാണ്. 

തോക്കെടുത്ത് വെടിവയ്ക്കേണ്ടതിനുപകരം, ഏകാധിപത്യം, ആള്‍ക്കൂട്ടത്തിന്റെ നീതി, വ്യക്തികളുടെ നീതി, ദയാവധം എന്നുവേണ്ട ആധുനികനീതിനിര്‍വഹണത്തിലെ യുക്തികളെക്കുറിച്ചെല്ലാം വില്ലനും നായകനും ഏറ്റുമുട്ടുന്നുണ്ട്(പറഞ്ഞിട്ടുകാര്യമില്ലാഞ്ഞിട്ടാവും അതുകഴിഞ്ഞു തോക്കുമെടുക്കും.) ഈ ഒരു കുറ്റവും ശിക്ഷയും യുക്തിയാണ് സിനിമയുടെ ഫോക്കല്‍ പോയിന്റ്. അത് അവഗണിച്ചാല്‍ ഇതൊരു പതിവു ക്രൈം ത്രില്ലര്‍ മസാലയാണ്. രണ്ടുപാട്ടും മൂന്നുസ്റ്റണ്ടും എന്ന ടിപ്പിക്കല്‍ ഫോര്‍മുല.

ഒരു കൊട്ടാരത്തിനുള്ളില്‍ നടക്കുന്ന ഒരു കൊലപാതകത്തിന്റെ ദൃശ്യങ്ങളുമായാണ് സിനിമ തുടങ്ങുന്നത്. അതിനുശേഷം വ്യക്തിജീവിതത്തിലുണ്ടായ ദുരന്തത്തിനുശേഷം വോളന്ററി റിട്ടയര്‍മെന്റ് എടുത്ത് പോലീസ് സര്‍വീസില്‍നിന്നു വിടപറയുന്ന മാത്യൂ മാഞ്ഞൂരാന്റെ(മോഹന്‍ലാല്‍) സര്‍വീസിലെ അവസാനദിവസത്തിലേക്ക് കടക്കുന്നു. സാഹചര്യങ്ങളുടെ നിര്‍ബന്ധം മൂലം മാത്യൂ മാഞ്ഞൂരാന്‍ ഈ കേസുകളുടെ അന്വേഷണം ഏറ്റെടുക്കുന്നു. തുടക്കത്തില്‍ ഗ്രാന്‍ഡ്മാസ്റ്ററിന്റെ അതേഘടനയാണ്. എന്നാല്‍ ഇടവേളയ്ക്കുമുമ്പുതന്നെ കൊലപാതകി മുഖം വെളിപ്പെടുത്തി രംഗത്തുവരുന്നതോടെ വേട്ടക്കാരനും ലക്ഷ്യവും തമ്മില്‍ കണ്ടുമുട്ടാനുള്ള വഴികള്‍ ഒരുക്കുകയാണ് പിന്നീടുള്ള സിനിമ. ഗ്രാന്‍ഡ്മാസ്റ്ററില്‍ അവസാനരംഗത്തുമാത്രം വെളിപ്പെടുത്ത അജ്ഞാതനായ കൊലയാളി ഒരു ത്രില്ലിങ് മൂഡ് നല്‍കിയിരുന്നെങ്കില്‍ ഇവിടെ അതുമില്ല. മാത്രമല്ല, മാത്യൂ മാഞ്ഞുരാനെ എതിരാളിയിലേക്ക് എത്തിക്കുന്ന വഴികള്‍ക്ക് വിശ്വാസ്യത ഇല്ല എന്നുപോട്ടെ, വളരെ ഉദാസനീനമായാണ് അവതരിപ്പിക്കുന്നത്. ആസ്വാദനബോധത്തെ നിസാരമാക്കുന്ന വിടവുകളാണ് പലയിടത്തും. തിരക്കഥയിലൊരു ആത്മവിശ്വാസമില്ലായ്മ അത് പ്രകടമാക്കുന്നുണ്ട്.

സിനിമകള്‍ സ്വാഭാവിക വര്‍ത്തമാനങ്ങളിലേക്കു തിരിച്ചുപോകുന്ന കാലത്താണ് ഉണ്ണികൃഷ്ണന്‍ അടിമുടി കൃത്രിമസംഭാഷണങ്ങള്‍ നിറച്ച് സിനിമയൊരുക്കുന്നത്. പശ്ചാത്തലത്തില്‍ നീണ്ടുനില്‍ക്കുന്ന പതിഞ്ഞതാളത്തിലുളള മോഹന്‍ലാലിന്റെ സംഭാഷണങ്ങളാണു കഥാഗതിയെക്കുറിച്ച് സദാ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതാവട്ടെ, സാഹിത്യപദസമ്പുഷ്ടമായ മലയാളത്തില്‍ അച്ചുനിരത്തിവച്ചവയും. ലേഡിമാക്ബെത്തിനെയും ഷേക്സ്പിയറെയും ഒരുകാര്യവുമില്ലാതെ ഈ കുറ്റകൃത്യത്തിലേക്കു വലിച്ചിഴയ്ക്കുന്നുണ്ട്. മോഹന്‍ലാലും മഞ്ജുവാര്യരും തമ്മിലുളള കുടുംബനിമിഷങ്ങളില്‍പോലും ഈ കൃത്രിമത്വം അനുഭവപ്പെടുന്നുണ്ട്. മഞ്ജുവാര്യര്‍ക്കു പരിമിതമായ രംഗസാന്നിധ്യമേയുള്ളു. രാശി ഖന്നയും ഹാന്‍സികയുമാണ് മറ്റ് നായികമാര്‍. മറുനാടന്‍ യുവതികളായി തന്നെയാണ് അവര്‍ സിനിമയിലെത്തുന്നതും.
 
വയലന്‍സിനോടു താല്‍പര്യമില്ലാത്ത, വൈകാരികമായി കുറ്റകൃത്യങ്ങളെ സമീപിക്കാതിരിക്കുന്ന ഒരു പോലീസ് ഓഫീസറെയാണ് മോഹന്‍ലാല്‍ ഇക്കുറി അവതരിപ്പിക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍തുടങ്ങി ശരീരഭാഷയിലും സംഭാഷണരീതികളിലും ഒരു പതിഞ്ഞ ഗാംഭീര്യമുണ്ട്. പതിവു കുസൃതികളില്ലാതെ ഒരു സീരിയസ് കോപ്പാണ് മാത്യൂ മാഞ്ഞൂരാന്‍. 

പോലീസ് സ്റ്റോറിയാണെങ്കിലും വൈകാരികപ്രതിസന്ധിയില്‍ ഉഴലുന്ന ഉദ്യോഗസ്ഥന്റെ സൂഷ്മവികാരങ്ങളെ ലാല്‍ അസാധാരണമായ കൈയടക്കത്തോടെ അവതരിപ്പിച്ചുണ്ട്. അസ്വഭാവികമായ സിനിമയിലെ ലാലിന്റെ ഈ സ്വഭാവികതയ്ക്ക് നൂറുമാര്‍ക്കാണ്. ശക്തിവേല്‍ പളനിസ്വാമി എന്ന എക്സ്സെന്‍ട്രിക്കായ തമിഴന്‍ ഡോക്ടറാണ് വിശാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ആദ്യമലയാളചിത്രമാണെങ്കിലും നെഗറ്റീവ് ഷേഡുള്ള ശക്തിവേലിനെ വിശാല്‍ അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയം. സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, അജു വര്‍ഗീസ് എന്നിവരാണുമറ്റുവേഷങ്ങളില്‍.

സാധാരണ മാസ് എന്റര്‍ടെയ്ന്‍മെന്റുകളില്‍ റിലാക്സേഷന് അല്‍പം തമാശയൊക്കെ കാണും. ഇവിടെ അതിനുംവഴിയില്ല. അഞ്ചുമിനിട്ട് കിട്ടിയാല്‍ മീന്‍വിഷത്തെപ്പറ്റിവരെയുള്ള ഗൂഗിള്‍ ക്ലാസാണ്. അതുകൊണ്ട് സിനിമ തീര്‍ന്നപ്പോഴാണു ഒരു റിലാക്സേഷനൊക്കെ ഉണ്ടായത്.
 
20 കോടി മുടക്കിയാണ് വില്ലന്‍ നിര്‍മിച്ചത് എന്നാണൊരു കരക്കമ്പി. ഒന്നുകില്‍ മലയാളസിനിമയുടെ ബജറ്റ് വല്ലാതെ ഉയര്‍ന്നു. അല്ലെങ്കില്‍ ഇതൊക്കെ പബ്ലിസിറ്റി സ്റ്റണ്ട്.
 
8കെ റെസലൂഷനെന്നും സാങ്കേതികമായി ഉന്നത നിലവാരമെന്നൊക്കെ സംവിധായകന്‍ അവകാശപ്പെട്ടിരുന്നു. ഒന്നും സ്‌ക്രീനില്‍ കണ്ടില്ല. ചില എരിയല്‍ ദൃശ്യങ്ങളൊഴിച്ചാല്‍ മനോജ് പരമഹംസയുടെയും എന്‍.കെ. ഏകാംബരന്റെയും ദൃശ്യങ്ങള്‍ തീര്‍ത്തും സാധാരണമാണ്. ഒരു നവസിനിമയുടെ കരവിരുതോ സാങ്കേതികത്തികവോ വില്ലനില്ല. കുറഞ്ഞപക്ഷം തളളുമ്പോള്‍ മയത്തില്‍ തള്ളണം, അല്ലെങ്കില്‍ വീഴുന്നവീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പാടായിരിക്കും.
 
ഒരുസാധാരണ സിനിമയെ അസാധാരണമാക്കി അവതരിപ്പിച്ച മാര്‍ക്കറ്റിങ് എങ്ങനെ തിയറ്ററില്‍ പ്രതിഫലിക്കും എന്ന് കണ്ടറിയാം.

(ചിത്രഭൂമിയിൽ പ്രസിദ്ധീകരിച്ചത്)