ട്ടുപൊളിപ്പന്‍ ഹാസ്യസിനിമകളുടെ വക്താക്കളാണ് സംവിധായകന്‍ ബോബന്‍ സാമുവലും തിരക്കഥാകൃത്ത് വൈ.വി. രാജേഷും. രണ്ടുപേരും ഒരുമിച്ചുള്ള മുന്‍സിനിമകള്‍ റോമന്‍സ്, ഷാജഹാനും പരീക്കുട്ടിയും എന്നിവയാണ്. റോമന്‍സ് തരക്കേടില്ലാത്ത തിയറ്റര്‍ വിജയം നേടിയപ്പോള്‍ ഷാജഹാനും പരീക്കുട്ടിയും ക്ഷമയുടെ നെല്ലിപ്പലക കാഴ്ചക്കാരെ കാണിച്ചതുകൊണ്ടാവും പച്ചതൊട്ടില്ല. ഏതാണ്ട് അതിന്റെ ആവര്‍ത്തനമാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ പ്രധാനവേഷക്കാരെ വീണ്ടും അവതരിപ്പിച്ചുകൊണ്ടുള്ള വികടകുമാരന്‍.

ബ്രില്ല്യന്റ് ഇഡിയറ്റ് എന്നൊക്കെയാണു സിനിമയുടെ വിശേഷണം. 131 മിനിറ്റുള്ള മുഴുനീള ബോറടി കണ്ടുതീര്‍ത്തിട്ടും ബ്രില്ല്യന്റ് ആരെന്നു മനസിലായില്ല. 

ഒരു കോര്‍ട്ട് റൂം കോമഡിയാണ് സിനിമ. മജിസ്ട്രേറ്റും വക്കീലും പ്രതിയും വാദിയും മിനിറ്റിന് മിനിറ്റിന് കോമഡി പറയുന്ന കോടതിയാണ്. കോടതി കോമഡി എന്ന പുതിയ ജനറേഷനില്‍പ്പെട്ട സിനിമയെ വികടകുമാരന്‍ അടയാളപ്പെടുത്താനും സാധ്യതയുണ്ട്. 

കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ നായകനായിമാറിയ തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്ണനാണ് ഇതിലെ നായകനായ ബിനു എന്ന വക്കീലിനെ അവതരിപ്പിക്കുന്നത്. ഹൃത്വിക് റോഷനില്‍ സഹോ ആയി വന്ന ധര്‍മജന്‍ വക്കീലിന്റെ ഗുമസ്തനായും. ഒരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സിനിമയുടെ പശ്ചാത്തലം. നടനും സംവിധായകനുമായ റാഫിയാണ് മജിസ്ട്രേറ്റ്. ഒരു ചെറിയ കോടതിയില്‍ വക്കീലും ജഡ്ജിമാരും പ്രതികളും തമ്മിലുള്ള ചെറിയ തമാശകളും കേസുകെട്ടുകളുമെന്നൊക്കെയുള്ള ഒരു കൗതുകമൊക്കെ സിനിമയ്ക്കുണ്ട്. പക്ഷേ, സദാ പുലമ്പിക്കൊണ്ടുനില്‍ക്കുന്ന റോഷി എന്ന വില്ലനും (ജിനു ജോസഫും) അതിമാരക ട്വിസ്റ്റുകളുമെല്ലാം കൂടി രണ്ടുമണിക്കൂര്‍ കൊല്ലാക്കൊല ചെയ്യുമെന്നേ പറയേണ്ടതുള്ളു. 

ഒരു കൂട്ടബലാത്സംഗം, ഒരു ഹിറ്റ് ആന്‍ഡ് റണ്‍ കേസ് എന്നിവയാണ് ഈ കോടതിയിലേക്ക് വരുന്നത്. ആദ്യത്തേത് തമിഴ്നാട്ടിലെ റോഡരികിലും രണ്ടാമത്തേത് കേരളത്തിലെ ഒരു മലയോരഗ്രാമത്തിലും. ഇവ കുഴഞ്ഞുമറിഞ്ഞ, തലതിരിഞ്ഞ ട്വിസ്റ്റുകളിലൂടെയാണ് അവതരിപ്പിക്കുന്നത്. 

ബൈജു, ഇന്ദ്രന്‍സ്, മാനസ രാധാകൃഷ്ണന്‍, ജയന്‍, ലിയോണ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. ബിനു എന്ന കൗശലക്കാരനായ ചെറുകിട അഭിഭാഷകനായാണ് വിഷ്ണു ഉണ്ണികൃഷ്ണനെത്തുന്നത്. കട്ടപ്പനയില്‍ നിന്ന് വികടകുമാരനിലേയ്ക്കെത്തുമ്പോള്‍ നടനെന്ന നിലയില്‍ വിഷ്ണു തൃപ്തികരമായ പ്രകടനം കാഴ്ചവയ്ക്കുന്നു.  ന്യൂജനറേഷന്‍ സിനിമകളിലെ സ്ഥിരം വില്ലനായ ജിനു ഏബ്രഹാമാണ് പ്രതിനായകനായെത്തുന്നത്. ജിനുവിനു ലഭിച്ച ഏറ്റവും പ്രധാന്യമുള്ള വേഷങ്ങളിലൊന്നാണ് പ്രതിനായകന്റേത്. പ്രകടനം ഒരല്‍പം അമിതമാക്കിയോ എന്ന സംശയമാണ് ബാക്കി. 

കോടതി പശ്ചാത്തലമാക്കിയുള്ള ഒരു സിനിമ സൃഷ്ടിക്കുമ്പോഴുള്ള മിനിമം ലോജിക് വികടകുമാരനില്‍ അപ്രത്യക്ഷമാണ്. സിനിമയില്‍ പറയുന്ന കാര്യങ്ങളെ കൂട്ടിബന്ധിപ്പിക്കാനുള്ള സാമാന്യയുക്തിയെങ്കിലും തിരക്കഥയിലും അവതരണത്തിലും ശ്രമിക്കാമായിരുന്നു. 

റേറ്റിങ്: 1.5 സ്റ്റാര്‍

Content Highlights: vikadakumaran moview review vishnu unnikrishnan manasa radhakrishnan boban samuel