കോര്‍പ്പറേറ്റുകള്‍ക്കെതിരെ പോരാടുന്ന സാധാരണക്കാരനായ നായകന്‍ തമിഴ് സിനിമയില്‍ പുത്തരിയല്ല. കത്തിയും മെര്‍സലുമെല്ലാം അതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം. ഈ ഗണത്തിലേക്കുവന്ന പുതിയ അതിഥിയാണ് മോഹന്‍ രാജാ - ശിവ കാര്‍ത്തികേയന്‍ ടീമിന്റെ വേലൈക്കാരന്‍. കോര്‍പ്പറേറ്റുകളും സാധാരണക്കാരും തമ്മിലുള്ള പോരാട്ടം തന്നെയാണ് ഇവിടെയും വിഷയം.

ഒരു കമ്മ്യൂണിറ്റി റേഡിയോ നടത്തുന്ന അറിവ് (ശിവ കാര്‍ത്തികേയന്‍) കുടുംബം നോക്കാനായി സാഫ്‌റോണ്‍ എന്ന ഫുഡ് പ്രോഡക്ട് കമ്പനിയില്‍ ജോലിക്ക് ചേരുന്നു. ഇവിടെ വച്ച് ആദി എന്ന അധിപന്‍ മാധവിനെ (ഫഹദ് ഫാസില്‍ ) പരിചയപ്പെടുന്നതോടെ കോര്‍പ്പറേറ്റുകളുടെ ലോകത്തേക്ക് അറിവും പറിച്ചുനടപ്പെടുകയാണ്. പക്ഷേ അത്ര പൊരുത്തപ്പെടാനാവുന്ന സാഹചര്യങ്ങളായിരുന്നില്ല അവനെ കാത്തിരുന്നത്. ഓരോരുത്തരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വേലക്കാരനായാണ് ജീവിക്കുന്നതെന്ന് ചിത്രം പറയുന്നു. നമ്മള്‍ ജീവിക്കുന്ന ഓരോ നിമിഷവും തീരുമാനിക്കുന്നത് കോര്‍പ്പറേറ്റ് കമ്പനികളാണെന്നും സിനിമ വരച്ചുകാട്ടുന്നു.

കോര്‍പ്പറേറ്റുകള്‍ തമ്മിലുള്ള കിടമത്സരത്തിന് സമാന്തരമായി രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരാട്ടവും വേലൈക്കാരനിലുണ്ട്. ഗുണ്ടകള്‍ നേര്‍ക്കുനേര്‍ നിന്ന് കൊല്ലുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ ഒളിച്ചിരുന്നാണ് സാധാരണക്കാരെ കൈപ്പിടിയിലൊതുക്കുന്നതെന്നാണ് സംവിധായകന്‍ ഇതിലൂടെ ഉദ്ദേശിച്ചതെന്നുവേണം കരുതാന്‍. ഒരാള്‍ തന്നെ എങ്ങനെയാണ് തൊഴിലാളിയും ഉപഭോക്താവും ആവുന്നതെന്ന് പറയാന്‍ മോഹന്‍ രാജയ്ക്കായിട്ടുണ്ട്. എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്ന തൊഴിലാളി ബാക്കിയുള്ള 16 മണിക്കൂറും ഉപഭോക്താവാണെന്ന് സംവിധായകന്‍ സ്ഥാപിച്ചെടുക്കുന്നുണ്ട്. പരസ്യങ്ങളിലൂടെയും മാര്‍ക്കറ്റിങ്ങിലൂടെയും കമ്പനികള്‍ ഉപഭോക്താക്കളിലേക്ക് എങ്ങനെ ഇറങ്ങിച്ചെല്ലുന്നു എന്നും സിനിമ വ്യക്തമായി പറയുന്നുണ്ട്.

പുരുഷന്മാരെപ്പോലെ മദ്യപിക്കാനും പുകവലിക്കാനും ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ഉറങ്ങാനും സ്വാതന്ത്ര്യം വേണമെന്ന് പറയുന്ന സ്ത്രീകളെ ട്രോളുന്നവര്‍ക്ക് ഒരു കൊട്ടു കൊടുക്കാനും ഇടയ്ക്ക സംവിധായകന്‍ മറക്കുന്നില്ല. അടിമുടി സാരോപദേശങ്ങളും ആദര്‍ശ ധീരതയും നിറഞ്ഞ ചിത്രമാണ് വേലൈക്കാരന്‍. കൂട്ടുകാര്‍ മുതല്‍ കമ്പനി മുതളാമാര്‍ വരെ നായകന്റെ സാരോപദേശത്തിന് ഇരകളാവുന്നുണ്ട്. പതിഞ്ഞ താളത്തില്‍ പോകുന്ന ചിത്രത്തിന് ഊര്‍ജം പകരുന്നത് അനിരുദ്ധിന്റെ പശ്ചാത്തലസംഗീതമാണ്. 'കറുത്തവനെല്ലാം ഗലീജ'യാണ് പ്രേക്ഷകനെ കയ്യിലെടുത്ത ഗാനം.

താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാല്‍ ശിവ കാര്‍ത്തികേയന്‍ കിട്ടിയ റോള്‍ ഭംഗിയായി ചെയ്തിട്ടുണ്ട്. സീരിയസ് റോളുകള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ശിവ കാര്‍ത്തികേയന്‍ ഇനിയും ശ്രമിക്കേണ്ടതായിട്ടുണ്ട്. തമിഴിലെ അരങ്ങേറ്റം ഫഹദ് മോശമാക്കിയിട്ടില്ല. നായകനൊത്ത വില്ലനായി മുഴുനീളം തിളങ്ങുന്നുണ്ട് താരം. സ്‌നേഹ അവതരിപ്പിച്ച കസ്തൂരിയാണ് സ്ത്രീ കഥാപാത്രങ്ങളില്‍ മുന്നിട്ട് നിന്നത്. അറം എന്ന ചിത്രത്തില്‍ പക്വതയാര്‍ന്ന പ്രകടനം കാഴ്ചവച്ച നയന്‍താരയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നായകന്റെ ആദര്‍ശം കണ്ട് ആരാധന തോന്നുന്ന ക്ലീഷേ നായികാ കഥാപാത്രമായി നയന്‍താരയുടെ മൃണാളിനി. കോര്‍പ്പറേറ്റ് മുതലാളിയുടെ ഗൗരവത്തിലായിരുന്നു മഹേഷ് മഞ്ജരേക്കര്‍. പലവട്ടം ചെയ്ത കഥാപാത്രം തന്നെയായിരുന്നു പ്രകാശ് രാജിന്റേത്.

കാലിക പ്രസക്തിയുള്ള ആശയമാണെങ്കിലും അത് അവതരിപ്പിച്ച രീതി സാധാരണക്കാരായവര്‍ക്ക് എത്രകണ്ട് ഉള്‍ക്കൊള്ളാനാവും എന്ന് ആലോചിച്ചു നോക്കേണ്ടിയിരിക്കുന്നു. തനി ഒരുവനോ എം. കുമരനോ പ്രതീക്ഷിക്കാതെ വ്യത്യസ്തമായ ഒരു ചിത്രം പ്രതീക്ഷിച്ച് പോകുന്നവരെ വേലൈക്കാരന്‍ നിരാശരാക്കില്ല.

Content Highlights: Velaikaran Siva Karthikeyan Fahad Fazil Movie Review