വർത്തമാനത്തെ മാത്രമല്ല ചരിത്രത്തെയും കൂട്ടുപിടിച്ച് സമകാലിക ഇന്ത്യയുടെ പ്രക്ഷുബ്ധമായ രാഷ്ട്രീയ-സാമൂഹ്യ കാലാവസ്ഥകളുടെ നേർചിത്രം വരച്ചുകാട്ടുകയാണ് 'വർത്തമാനം' എന്ന ചിത്രത്തിലൂടെ സംവിധായകൻ സിദ്ധാർത്ഥ് ശിവ.

മലബാറിൽ നിന്നും ഡൽഹിയിലെ പ്രമുഖ യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിനായി എത്തുന്ന ഫൈസ സൂഫിയ (പാർവതി തിരുവോത്ത്) എന്ന പെൺകുട്ടിയിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഏറെ പ്രതീക്ഷകളുമായി ക്യാമ്പസിലെത്തുന്ന ഫൈസയ്ക്ക് പക്ഷേ, രാജ്യത്തെ ഉന്നതമായ യൂണിവേഴ്സിറ്റിയിൽ നിന്നും പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല നേരിടേണ്ടിവന്നത്.

വിവേചനം നേരിടുന്ന ദളിത് വിദ്യാർഥിയുടെ അ‌വകാശത്തിനായി നടക്കുന്ന സമരത്തിലേക്കാണ് അ‌വൾ ചെന്നിറങ്ങുന്നത് തന്നെ. തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ബോധവതിയായ, കൃത്യമായ നിലപാടുകളുള്ള ഫൈസയ്ക്ക് വിവേചനങ്ങളോടും അ‌തിനെതിരായ പ്രതിഷേധങ്ങളോടും പുറംതിരിഞ്ഞു നിൽക്കാനാവുമായിരുന്നില്ല. വളരെവേഗം അ‌വൾ മലയാളിയായ സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ അ‌മലും (റോഷൻ മാത്യു) ഉത്തരാഖണ്ഡുകാരിയായ തുൽസയും തൃശൂർക്കാരൻ ഹൈബിയുമൊക്കെ ഉൾപ്പെടുന്ന സംഘത്തിൽ സൗഹൃദവലയത്തിന്റെ ഭാഗമാവുന്നു. ഭരണകൂട ഫാസിസവും ന്യൂനപക്ഷ വിവേചനവുമൊക്കെ ക്യാമ്പസിനെയും ഗ്രസിക്കുമ്പോൾ ഇവർക്ക് നേരിടേണ്ടിവരുന്നത് ഒരുപറ്റം വിദ്യാർഥികളെക്കൊണ്ട് മാത്രം നേരിടാനാവുന്ന പ്രശ്നങ്ങളായിരുന്നില്ല.

ഫൈസയും സംഘവും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളിലൂടെ സമൂഹത്തിന്റെ അ‌ടിത്തട്ടിനെ വരെ സ്പർശിക്കുന്ന സമകാലിക യാഥാർത്ഥ്യങ്ങളെയാണ് ചിത്രം പ്രേക്ഷകന് മുന്നിൽ അ‌വതരിപ്പിക്കുന്നത്. ക്യാമ്പസിലെ വിവിധ വിദ്യാർഥി സംഘങ്ങളും സംഭവങ്ങളും വർത്തമാന ഇന്ത്യയുടെ പരിച്ഛേദമായിമാറുന്നു. ഗൗരി ലങ്കേഷ് വധവും കൽബുർഗിയും അ‌ഖ്ലാക്കുമെല്ലാം ചിത്രത്തിന്റെ ഗതിയിൽ വന്നുചേരുന്നു.

സെമിനാറിന്റെയും ചർച്ചകളുടെയും രൂപത്തിൽ ചരിത്രസംഭവങ്ങളെയും സമകാലിക വിഷയങ്ങളെയും ഏറെക്കുറെ സ്വാഭാവികമായി ചിത്രത്തിൽ അ‌വതരിപ്പിക്കാനും സംവിധായകനും രചയിതാവ് ആര്യാടൻ ഷൗക്കത്തിനുമായിട്ടുണ്ട്. അ‌‌തേസമയം, സംഭാഷണങ്ങളിൽ അ‌ങ്ങിങ്ങുള്ള നാടകീയത ചിലപ്പോഴെങ്കിലും അലോസരമായി. ഡൽഹിയിൽ നടക്കുന്ന കഥയെന്ന നിലയിൽ ക്ലൈമാക്സിൽ ഉൾപ്പെടെ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ കാര്യത്തിലും പ്രേക്ഷകർക്ക് ചില സംശയങ്ങൾ തോന്നിയേക്കാം. ഹാരിസ് ഹൈബി തുടങ്ങിയ കഥാപാത്രങ്ങൾ കഥാഗതിയിൽ മുഴച്ചുനിൽക്കുന്നതായും അ‌നുഭവപ്പെട്ടു.

ചിത്രത്തിലെ പ്രധാനകഥാപാത്രമായ ഫൈസ പാർവതിയുടെ കയ്യിൽ ഭദ്രമായിരുന്നു. വിദ്യാർഥി യൂണിയൻ നേതാവായി റോഷൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചെറുതെങ്കിലും ഫൈസയുടെ ഉപ്പൂപ്പയും സഞ്ജു സനിച്ചന്റെ കഥാപാത്രവും പ്രത്യേക പരാമർശമർഹിക്കുന്നു. സിദ്ധിഖ്, സുധീഷ്, സഞ്ജു ശിവറാം തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അ‌വതരിപ്പിച്ചിരിക്കുന്നത്.

സെൻസർ ബോർഡിൽ നിന്നുൾപ്പെടെ എതിർപ്പ് നേരിടേണ്ടിവന്ന കൃത്യമായ രാഷ്ട്രീയമുള്ള ചിത്രമാണ് വർത്തമാനം. വർത്തമാനത്തിന്റെ രാഷ്ട്രീയത്തെ അ‌നുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും മാത്രമല്ല, മൗനികളായിരിക്കുന്ന നിഷ്പക്ഷർ കൂടി കണ്ടിരിക്കേണ്ട ചിത്രമാണിത്. ചിത്രം ആത്യന്തികമായി ചോദ്യമുയർത്തുന്നതും അ‌വർക്കുനേരെയാണ്. 

content highlights : varthamanam malayalam movie parvathy roshan mathew sidharth siva aryadan shoukath