കാണാന്‍ ഭംഗിയുണ്ടെങ്കിലും കെട്ടുറപ്പില്ലാത്ത വള്ളിക്കുടില്‍. ഡഗ്ലസ് ആല്‍ഫ്രഡിന്റെ ആദ്യ സിനിമയെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ദൃശ്യഭംഗികൊണ്ട് സമ്പന്നമാണെങ്കിലും ശക്തമായ തിരക്കഥയുടെ അഭാവമാണ് 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്ന ചിത്രത്തിന് തിരിച്ചടിയാകുന്നത്.

യൂറോപ്പില്‍ പോകണമെന്നതാണ് സഹോദരന്‍മാരായ സാമിന്റെയും(ഗണപതി) ടോമിന്റെയും(ബാലു വര്‍ഗീസ്) ആഗ്രഹം. എന്നാല്‍, ഇവരില്‍ ഒരാള്‍ക്ക് മാത്രമേ വീട്ടില്‍നിന്ന് മാറിനില്‍ക്കാനുള്ള അനുവാദമുള്ളൂ. അതിനായി ഇരുവരും നടത്തുന്ന ശ്രമങ്ങളിലൂടെയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം കഥ പറയുന്നത്.

സാമിന്റെയും ടോമിന്റെയും പരസ്പരമുള്ള പാരവെപ്പുകളിലൂടെയാണ് ചിത്രത്തിന്റെ ആദ്യപകുതി കടന്നുപോകുന്നത്. എന്നാല്‍, അതിലൂടെ നര്‍മം സൃഷ്ടിക്കാനുള്ള രചയിതാക്കളുടെ ശ്രമം ദയനീയമായി പരാജയപ്പെടുകയാണ്. എന്തിനെന്നുപോലുമറിയാതെ തിരുകിക്കയറ്റിയിരിക്കുന്ന പല രംഗങ്ങളും ആദ്യപകുതിയിലെ ഒരുമണിക്കൂര്‍ സമയം തികയ്ക്കാനല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല. സാമൂഹിക വിമര്‍ശനവും മറ്റും ഉള്‍പ്പെടുത്താനുള്ള വെമ്പലില്‍ പ്രമേയാവതരണത്തില്‍ 'വേണ്ടതും വേണ്ടാത്തതും' എന്തെന്ന് തരംതിരിക്കാന്‍ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് കഴിയാതെ പോയി.  

രണ്ടാംപകുതിയില്‍ ചിത്രം കുറച്ചുകൂടി ദിശാബോധം കൈവരിക്കുന്നുണ്ട്. കാലിക പ്രസക്തിയുള്ള ഒരു വിഷയവും സ്വാഭാവികമായി ചിത്രത്തില്‍ ഉള്‍ച്ചേര്‍ക്കാന്‍ അണിയറക്കാര്‍ക്കായി. ഒരു ഫീല്‍ ഗുഡ് മൂവിയെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും പ്രവചനീയമായ കഥയും തിരക്കഥയിലെ പാളിച്ചകളും ഇവിടെയും പരാധീനതകളാകുന്നു. കഥ പറഞ്ഞുപോകുന്ന അതേ ലാഘവത്തില്‍ അവസാനിക്കുന്ന ക്ലൈമാക്സില്‍പോലും പ്രേക്ഷകന് കാര്യമായൊന്നും പ്രതീക്ഷിക്കാനില്ല.

അതേസമയം, ദുര്‍ബലമായ തിരക്കഥ പരമാവധി ഭംഗിയാക്കി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ ഡഗ്ലസ് വിജയിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച തിരക്കഥയുടെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയ സംവിധായകന് ഛായാഗ്രഹകന്റെയും ചിത്രസംയോജകന്റെയും പിന്തുണ വേണ്ടുവോളം കിട്ടിയിട്ടുണ്ട്. പവി കെ. പവനനാണ് 'വള്ളിക്കുടില്‍' ക്യാമറയിലാക്കിയിരിക്കുന്നത്. എഡിറ്റിങ് നൈഫല്‍ അബ്ദുള്ള.

കലാസംവിധാനമാണ് ചിത്രത്തില്‍ എടുത്തുപറയേണ്ട മറ്റൊരു വിഭാഗം. പ്രമേയാവതരണത്തില്‍ കലാസംവിധാനത്തിന് പ്രത്യേകം പ്രാധാന്യവുമുണ്ട്. ചിത്രത്തിന്റെ കലാസംവിധായകനും സംഘവും തങ്ങളുടെ ജോലി ഭംഗിയായിത്തന്നെ നിര്‍വഹിച്ചിട്ടുണ്ട്. കോസ്റ്റ്യൂം വിഭാഗവും മികച്ചുനില്‍ക്കുന്നു.

ബാലതാരത്തില്‍നിന്ന് നായകവേഷത്തിലേക്കുവരെയെത്തിയ ഗണപതി പ്രതീക്ഷനല്‍കുന്ന പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. സാം എന്ന കഥാപാത്രത്തെ കൈയടക്കത്തോടെ അവതരിപ്പിച്ച ഗണപതി കൂടുതല്‍ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ക്കും താന്‍ പ്രാപ്തനാണെന്ന് തെളിയിച്ചു. ബാലുവര്‍ഗീസിന്റെ ടോമും മോശമായില്ല. രാഹുല്‍ മഹാദേവിന്റെ 'പാല്‍ക്കുപ്പി' കഥാപാത്രം വ്യത്യസ്തത പുലര്‍ത്തി.

നായികമാരായെത്തിയ ആല്‍ഫി പഞ്ഞിക്കാരനും തനൂജ കാര്‍ത്തിക്കിനും കാര്യമായ പ്രകടനം നടത്താനുള്ള സാധ്യതയൊന്നും ചിത്രത്തിലില്ല. ലാല്‍, മുത്തുമണി, വിഷ്ണു ഗോവിന്ദ്, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, കുണ്ടറ ജോണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.