കൊച്ചിയും മട്ടാഞ്ചേരിയും പ്രമേയമാക്കിയുള്ള മലയാള സിനിമകളൊന്നും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല. ആ ഗണത്തില്‍ ഉള്‍പ്പെടുത്താം ഡിമല്‍ ഡെന്നിസിന്റെ ആദ്യ ചിത്രമായ വലിയ പെരുന്നാളിനെ. പേരുപോലെ സിനിമാപ്രേമികള്‍ക്ക് വലിയൊരു പെരുന്നാള്‍ തന്നെയാണ് ചിത്രമൊരുക്കുന്നത്. ഷെയ്ന്‍ നിഗം എന്ന താരത്തെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയ സിനിമയാണിത്. ഷെയിനിന്റെ അസാമാന്യമായ ഡാന്‍സ് പെര്‍ഫോമന്‍സും ഫൈറ്റുകളും വൈകാരികമായ അഭിനയ മുഹൂര്‍ത്തങ്ങളും പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നു. ഒപ്പം പുതുമുഖനായികയായ ഹിമിക ബോസിന്റെ പൂജയെന്ന കഥാപാത്രവും കൈയ്യടി നേടി. ഇരുവരും ചേര്‍ന്നൊരുക്കുന്ന ഡാന്‍സുകള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ ഡാന്‍സ് പെര്‍ഫോര്‍മന്‍സുകള്‍ക്കപ്പുറം വലിയ പെരുന്നാളിലേക്ക് ചില വലിയ കഥകള്‍ കൂടി കടന്നുവരുന്നു.

കുറച്ച് വിദേശികള്‍ ചേര്‍ന്ന് മട്ടാഞ്ചേരിയെക്കുറിച്ച് തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിലാണ് സിനിമയാരംഭിക്കുന്നത്. ആ രംഗങ്ങള്‍ ചിത്രം എന്താണ് പറയാന്‍ പോകുന്നത് എന്ന വ്യക്തമായ ധാരണ പ്രേക്ഷകന് നല്‍കുന്നു. മട്ടാഞ്ചേരിയുടെ എല്ലാ ഫ്‌ളേവറുകളും കൃത്യമായി അഭ്രപാളിയിലെത്തിക്കാന്‍ ആ സീനിലൂടെ സംവിധായകന് സാധിച്ചിട്ടുണ്ട്.

ഷെയ്‌നിന്റെ നായക കഥാപാത്രമായ അക്കര്‍ മട്ടാഞ്ചേരിയിലെ ഫ്രീക്ക് പിള്ളേരുടെ പ്രതിനിധിയാണ്. ഡാന്‍സറായി ജീവിക്കുന്ന അക്കര്‍ എപ്പോഴും കൂട്ടുകാരോടൊപ്പമാണ് കറക്കം. വീട്ടുകാരുടെ സ്വപ്‌നത്തിനേക്കാള്‍ കൂട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നവന്‍. കൂട്ടുകാര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത അക്കര്‍ വലിയൊരു കുരുക്കിലകപ്പെടുന്നു. പിന്നീട് അവന്റെ ജീവിതത്തില്‍ നടക്കുന്ന  പ്രശ്‌നങ്ങളാണ് വലിയ പെരുന്നാള് ദൃശ്യവത്കരിക്കുന്നത്. സ്വര്‍ണക്കടത്തും തട്ടിക്കൊണ്ടുപോകലും കുടിയൊഴിപ്പിക്കലും പോലീസ് അന്വേഷണവുമൊക്കെയാണ് വലിയ പെരുന്നാളിലേക്ക് പല സമയങ്ങളിലായി കടന്നുവരുന്നത്. മൂന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഒരു സെക്കന്‍ഡുപോലും രസച്ചരട് പൊട്ടാതെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. 

പ്രധാന വേഷങ്ങളെല്ലാം പുതുമുഖങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. അങ്കമാലി ഡയറീസ് കണ്ടിറങ്ങിയ പ്രേക്ഷന് തോന്നുന്ന അതേ സംതൃപ്തി വലിയ പെരുന്നാള് കണ്ടിറങ്ങുമ്പോഴും തോന്നും. ഇവരെക്കൂടാതെ ജോജു ജോര്‍ജ്,  അലെന്‍സിയര്‍,  ക്യാപ്റ്റന്‍ രാജു, നിഷാന്ത് സാഗര്‍, സുധീര്‍ കരമന അതുല്‍ കുല്‍ക്കര്‍ണി, റാസാ മുറാദ്, പ്രേം പ്രകാശ്  തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച ചിത്രന്നെ പ്രത്യേകതയുണ്ട് വലിയ പെരുന്നാളിന്. ചിത്രം തുടങ്ങുന്നതിനുമുന്‍പ് ക്യാപ്റ്റന്‍ രാജുവിനോടുള്ള ആദരസൂചകമായി ഒരു പ്രത്യേക വീഡിയോ സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്.

ധര്‍മജന്‍ ബോള്‍ഗാട്ടി, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ജിനു ജോസഫ് എന്നിവരും അതിഥി താരങ്ങളായി വലിയപെരുന്നാള്‍ ജോറാക്കാനെത്തുന്നുണ്ട്. അതില്‍ സൗബിന്റെ വേഷം തീയേറ്ററുകളില്‍ ചിരിപടര്‍ത്തി. വിനായകന്റെ മാസ് ഡയലോഗുകളും കൈയ്യടി നേടി. 

വേറിട്ട ശൈലിയിലുള്ള പാട്ടുകളും മികച്ച പശ്ചാത്തല സംഗീതവും ഒരുക്കി റെക്‌സ് വിജയന്‍ സംഗീതസംവിധായകന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. സുരേഷ് രാജന്റെ ഛായാഗ്രഹണവും മികച്ചുനിന്നു. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ് നിര്‍മിച്ച ചിത്രം അന്‍വര്‍ റഷീദാണ് അവതരിപ്പിക്കുന്നത്.  ഡിമല്‍ ഡെന്നിസും തസ്രീക് അബ്ദുള്‍ സലാമും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സിജു എസ് ബാവ ക്രീയേറ്റീവ് ഡയറക്ടറായ വലിയപെരുന്നാളിന്റെ എഡിറ്റിങ് വിവേക് ഹര്‍ഷന്‍ നിര്‍വഹിച്ചിരിക്കുന്നു.സംഘട്ടനങ്ങളൊരുക്കിയിരിക്കുന്നത് മാഫിയ ശശി. 

മട്ടാഞ്ചേരിയെക്കുറിച്ച് എത്രപറഞ്ഞാലും മതിയാകില്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് വലിയ പെരുന്നാള്‍. നര്‍ത്തകനായും കാമുകനായും ടീം ലീഡറായും 'ചങ്ക് ബ്രോ' ആയുമെല്ലാം വേഷപ്പകര്‍ച്ച നടത്തിയ ഷെയ്ന്‍ നിഗത്തിന്റെ അഭിനയമികവ് വലിയ പെരുന്നാളിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു.

Content Highlights : Valiya perunnal movie review starring Shane Nigam Directed by Dimal Dennis