ഞ്ചനയും പ്രതികാരവും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരുമൊന്നും തമിഴ് സിനിമയില്‍ പുതുമയുള്ള കാര്യങ്ങളല്ല. 'വട ചെന്നൈ' അതില്‍നിന്ന് ഒട്ടൊന്നും വ്യത്യസ്തമായ കഥയോ പ്രമേയമോ അല്ല അവതരിപ്പിക്കുന്നതും. എന്നാല്‍, കാലക്രമങ്ങളെ മാറ്റിമറിച്ചുകൊണ്ട് വടക്കന്‍ ചെന്നൈയുടെ കഥ വെട്രിമാരന്‍ പറയുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ നീളുന്ന ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് തന്നെയാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച ഗാങ്സ്റ്റര്‍ സിനിമകളില്‍ ഒന്നായി വട ചെന്നൈയെ എണ്ണാം.

വടക്കന്‍ ചെന്നൈയിലെ സമുദ്രതീരത്തെ ചേരിയും അവിടത്തെ ആളുകളുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. മൂന്ന് പതിറ്റാണ്ടുമുന്‍പ് നടക്കുന്ന ഒരു കൊലപാതകത്തില്‍നിന്നാണ് വട ചെന്നൈ കഥ പറഞ്ഞുതുടങ്ങുന്നത്. കൊലപാതകത്തില്‍ പങ്കാളികളാകുന്ന ഗുണ (സമുദ്രക്കനി), തമ്പി (ഡാനിയേല്‍ ബാലാജി), സെന്തില്‍ (കിഷോര്‍), വേലു (പവന്‍) എന്നിവര്‍ക്കിടയില്‍ പിന്നീട് ഉടലെടുക്കുന്ന കുടിപ്പകയും സംഘര്‍ഷങ്ങളുമാണ് 'വട ചെന്നൈ' എന്ന് ലളിതമായി പറയാം. ചില പ്രത്യേക സാഹചര്യങ്ങളിലൂടെ ഈ സംഘര്‍ഷങ്ങളുടെ ഭാഗമാകുന്ന അന്‍പ് (ധനുഷ്) എന്ന യുവാവിലൂടെയാണ് ചിത്രം കഥ പറയുന്നത്. 

ഉജ്ജ്വലമായ കഥാവതരണം തന്നെയാണ് വട ചെന്നൈയുടെ ഹൈലൈറ്റ്. പ്രേക്ഷകന് ആശയക്കുഴപ്പമുണ്ടാക്കാതെ വ്യത്യസ്ത കാലഘട്ടങ്ങള്‍ അവതരിപ്പിക്കാനും കഥാഗതിയുടെ അപ്രവചനീയത നിലനിര്‍ത്താനും ചിത്രത്തിനായി. കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ മാത്രം കാലക്രമത്തെ രേഖപ്പെടുത്താതെ എം.ജി.ആറിന്റെ മരണം, രാജീവ് ഗാന്ധിയുടെ കൊലപാതകം തുടങ്ങിയ ചരിത്രസംഭവങ്ങളും ചിത്രത്തില്‍ സ്വാഭാവികമായിത്തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ശക്തമായ തിരക്കഥ ഇക്കാര്യത്തില്‍ ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നുണ്ട്.
 
വെട്രിമാരന്‍ എന്ന സംവിധായകന്റെ ക്രാഫ്റ്റിനൊപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനം കൂടി ചേരുമ്പോഴാണ് വട ചെന്നൈ ഉജ്ജ്വലമാകുന്നത്. ഒരേ കഥാപാത്രത്തിന്റെ വ്യത്യസ്ത പ്രായവും ഗെറ്റപ്പുകളും അവതരിപ്പിക്കുന്നതില്‍ ചിത്രത്തിലെ താരങ്ങളെല്ലാംതന്നെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. സാധാരണക്കാരനായ ഒരു യുവാവില്‍നിന്ന് ഒരു പ്രാദേശിക ഹീറോ ആയി വളരുന്ന അന്‍പ് എന്ന ചെറുപ്പക്കാരനെ ധനുഷ് മികവുറ്റതാക്കി. കാമുകനായും ജയില്‍പ്പുള്ളിയായും ചാരനായുമൊക്കെ ചിത്രത്തില്‍ അവതരിക്കുന്ന അന്‍പ്, ധനുഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും.
 
ഉടനീളമില്ലെങ്കിലും ചിത്രത്തിലെ കേന്ദ്രബിന്ദു എന്നുപറയാവുന്ന രാജന്‍ എന്ന കഥാപാത്രത്തെ അമീര്‍ ഓര്‍മിക്കുന്നതാക്കി. സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, കിഷോര്‍, കിഷോര്‍, പവന്‍ തുടങ്ങിയവരൊക്കെ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 

സ്ത്രീകഥാപാത്രങ്ങളില്‍ ആന്‍ഡ്രിയയുടെ ചന്ദ്ര വേറിട്ടുനില്‍ക്കുന്നതാണ്. തുടക്കത്തില്‍ നിശ്ശബ്ദസാന്നിധ്യമായ ചന്ദ്രയ്ക്ക് കഥാഗതി നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പ്രാധാന്യമുണ്ട്. മികച്ച കഥാപാത്രമാണെങ്കിലും ചില രംഗങ്ങളില്‍ ആന്‍ഡ്രിയയുടെ പ്രകടനം കഥയുടെ വേഗത്തോട് സമരസപ്പെടുന്നില്ലെന്ന് തോന്നി. ഐശ്വര്യാ രാജേഷിന്റെ പത്മയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന സ്ത്രീകഥാപാത്രം.

ഛായാഗ്രഹണവും ചിത്രസംയോജനവുമാണ് ചിത്രത്തിന്റെ പ്രവേഗം നിലനിര്‍ത്തുന്നത്. വേല്‍രാജിന്റെ ക്യാമറ വടക്കന്‍ ചെന്നൈയുടെ ചേരികളിലൂടെയും ഇരുണ്ട തടവറകളിലൂടെയും ഒഴുകുകയാണ്. രംഗങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്നതില്‍ ഛായാഗ്രഹണം എത്രമേല്‍ ഉപയോഗപ്പെടുത്താമെന്നതിന്റെ ഒരു ക്ലാസിക് എക്സാംപിള്‍ തന്നെയാണ് രാജന്റെ കൊലപാതകരംഗം. വേല്‍രാജിന്റെ ക്യാമറ ഒപ്പിയെടുത്ത രംഗങ്ങള്‍ അവയുടെ തീവ്രത ചോരാതെ അവതരിപ്പിക്കാന്‍ ജി.ബി. വെങ്കിടേശിന്റെ എഡിറ്റിങ്ങിനായി. സന്തോഷ് നാരായണിന്റെ സംഗീതവും പശ്ചാത്തലസംഗീതവും അവതരണത്തിന്റെ മാറ്റുകൂട്ടിയിട്ടേയുള്ളൂ. 

Content highlights : Vada Chennai movie review Vetrimaran Dhanush Aishwarya Rajesh Andrea Jeremiah