' വാങ്ക്' വിളിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി പിന്നീട് അവൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ, സംവിധായിക കാവ്യ പ്രകാശിന്റെ ആദ്യ ചിത്രം പ്രമേയം കൊണ്ട് തന്നെ വ്യത്യസ്തമാകുന്നു. കഥാകൃത്ത് ഉണ്ണി ആറിന്റെ ' വാങ്ക് ' എന്ന കഥയെ ആധാരമാക്കിയാണ് അതേ പേരിൽ ചിത്രമൊരുക്കിയിരിക്കുന്നത്. സംവിധായകൻ വി.കെ പ്രകാശിന്റെ മകൾ കാവ്യാ പ്രകാശ് സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണ് വാങ്ക്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മറ്റൊരു സ്ത്രീയാണ്, ശബ്ന മുഹമ്മദ്.

മലയാള സിനിമയിൽ ആദ്യമായാണ് ഒരു വനിതയുടെ രചനയിൽ മറ്റൊരു വനിത സിനിമ സംവിധാനം ചെയ്യുന്നത്. അനശ്വര രാജനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷമുള്ള അനശ്വരയുടെ മികച്ച പ്രകടനമാകുന്നുണ്ട് വാങ്ക്. നന്ദന വർമ്മ, വിനീത്, ഗോപിക രമേശ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ ജോയ് മാത്യു, മേജർ രവി, ശ്രീകാന്ത് മുരളി,പ്രകാശ് ബാരെ, സിറാജുദ്ദീൻ, വിജയൻ വി നായർ, ശബ്നമുഹമ്മദ്, സരസ ബാലുശ്ശേരി, തെസ്നി ഖാൻ, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

'ഉണ്ണി ആർ കോട്ടയത്തെ പശ്ചാത്തലമാക്കിയാണ് വാങ്ക് എഴുതിയത്. അതിന്റെ പ്രധാനആശയത്തിൽ മാറ്റം വരുത്താതെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹം തന്നിരുന്നു. അതിനാൽ തിരക്കഥയിൽ സിനിമയ്ക്കായി കഥാപശ്ചാത്തലം മലബാറാക്കി മാറ്റി. പലമാറ്റങ്ങൾ വരുത്തി ഒമ്പതോളം ഡ്രാഫ്റ്റ് തയ്യാറാക്കി. പത്താമതും മാറ്റി എഴുതിയ ശേഷമാണ് അദ്ദേഹത്തെ കാണിച്ച് അനുവാദം വാങ്ങിയത്. '- തിരക്കഥാകൃത്തായ ശബ്ന മുഹമ്മദ് പറയുന്നു.

സെവൻ ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷൻസിന്റെയും ബാനറിൽ സിറാജുദ്ദീനും ഷെബീർ പത്താനും ചേർന്നാണ് നിർമാണം. മേജർ രവിയുടെ മകൻ അർജുൻ രവിയാണ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.

' നാലു പെൺകുട്ടികളുടെ നാല് ആഗ്രഹങ്ങളുടെ കഥയാണ് വാങ്ക് പറയുന്നത്. നാലുപെൺകുട്ടികളെയും അവതരിപ്പിച്ചിരിക്കുന്നത് താരപദവികളൊന്നുമില്ലാത്ത പെൺകുട്ടികളാണ്. ഞങ്ങളുടെയും ആദ്യ സ്വതന്ത്ര സംരംഭമാണ്. ഒരു സ്ത്രീ തന്നെ തിരക്കഥ എഴുതിയതിനാൽ കുറച്ച് കൂടി സ്ത്രീപക്ഷത്ത് നിന്ന് കഥ പറയാൻ ആയിട്ടുണ്ട്. സ്ത്രീയുടെ കഥ ഒരു പുരുഷൻ എഴുതുന്നതിനെക്കാൾ വിശദമായി ഒരു സ്ത്രീക്ക് എഴുതാനാകും- ' സംവിധായിക കാവ്യ പ്രകാശ് പറയുന്നു. വാങ്കിലെ മനോഹര ഗാനങ്ങൾ രചിച്ചിരിക്കുന്നത് പി എസ് റഫീഖാണ്. ഔസേപ്പച്ചനാണ് സംഗീതം .

Content Highlights : vaanku movie directed by kavya prakash starring anaswara rajan nandana varma