തിരഞ്ഞെടുപ്പു കാലത്ത് ഛത്തീസ്ഗഢിലേക്ക് മാവോവാദികളെ നേരിടാനായി കേരളത്തില്‍ നിന്നും പോകുന്ന പോലീസ് സംഘത്തിന്റെ കഥയുമായി മമ്മൂട്ടി ചിത്രം ഉണ്ട തീയേറ്ററുകളിലെത്തി. മാസ്സ് പരിവേഷമില്ലാത്ത, സാധാരണക്കാരനായ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായിട്ടാണ് ഇത്തവണ മമ്മൂട്ടി ഉണ്ടയിലെത്തുന്നത്.
ടീസറിലും ട്രെയിലറിലുമെല്ലാം കണ്ട റിയലിസ്റ്റിക്ക് സ്വഭാവം ചിത്രത്തിലുടനീളം നിലനിര്‍ത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ബാധിതപ്രദേശമായ ഛത്തീസ്ഗഢിലെ ബസ്റ്ററിലുള്ള ആദിവാസിമേഖലയില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇടുക്കി കെ എ പി ബറ്റാലിയന്‍ ക്യാമ്പിലെ ഒരു സംഘം മലയാളി പോലീസുകാരുടെ ഭീതിയുടെയും ഇലക്ഷന്‍ നടത്തിപ്പിന്റെയും അതിജീവനത്തിന്റെയും കഥയാണ് സിനിമ പറയുന്നത്.
പട്ടിണിയും ദാരിദ്ര്യവും പോലീസ്-മാവോവാദി ഏറ്റുമുട്ടലുകളും തിങ്ങിനിറയുന്ന ബസ്തറില്‍ കേരളത്തില്‍ നിന്നുമുള്ള പോലീസ് സംഘമെത്തുന്നു. ബസ്തറില്‍ വെച്ച് മൂന്നായി പിരിയുന്ന പോലീസ് സംഘത്തിലൊന്നിന്റെ ലീഡറാണ് മമ്മൂട്ടിയുടെ മണികണ്ഠന്‍. പരിമിതികളും പേടിയുമൊക്കെയുള്ള വളരെ സാധാരണക്കാരനായ മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.
ആക്ഷനും മാസ്സും നിറഞ്ഞ സീനുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി ഒരുകൂട്ടം പോലീസുകാരുടെ ജീവിതത്തിലൂടെയും മാനസിക സംഘര്‍ഷങ്ങളിലൂടെയുമൊക്കെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരിക്കല്‍പോലും ഒരു കള്ളനെ പിടിക്കുകയോ കൊലപാതകിയെ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത ഒരു പോലീസ് സംഘം എങ്ങനെ മാവോവാദികളെ നേരിടും എന്ന ചോദ്യം തന്നെയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്നത്. ഇതിനൊപ്പം വര്‍ണവിവേചനവും മാവോയിസ്റ്റുകള്‍ സൃഷ്ടിക്കുന്ന സാമൂഹിക സാഹചര്യവുമെല്ലാം ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നു.
മാസ് പരിവേഷമില്ലാത്ത റിയലിസ്റ്റിക്ക് അഭിനയത്തിലൂന്നിയുള്ള മമ്മൂട്ടിയുടെ നായകവേഷം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇതുവരെ കൈകാര്യം ചെയ്യാത്ത പുതിയൊരു പോലീസ് വേഷംമാണ് മമ്മൂട്ടി ഉണ്ടയിലൂടെ നല്‍കിയിരിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളമെന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഡോ.റാണി, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഇവരോടൊപ്പം ബോളിവുഡ് താരങ്ങളായ മാണിക് പൂരി, ഭഗവാന്‍ തിവാരി, ആല്‍ഫ്രഡ്‌ലി എന്നിവരും ചിത്രത്തിലഭിനയിച്ചിരിക്കുന്നു. ആസിഫ് അലിയും വിനയ് ഫോര്‍ട്ടും അതിഥി താരങ്ങളായി ചിത്രത്തിലുണ്ട്.
ഹര്‍ഷാദിന്റെതാണ് തിരക്കഥ. മൂവി മില്‍ ഇന്‍ അസോസിയേഷന്‍ വിത്ത് ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രത്തിന്റെ നിര്‍മാണം. സജിത്ത് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. നിഷാദ് യൂസഫ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. വയനാട്, കാസര്‍കോട്, മൈസൂരു, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
Content Highlights : Unda Movie Review Mammootty Khalid Rahman Shine Tom Chacko Grigary