ല്‍പ്പറ്റയില്‍ മക്കള്‍ക്കൊപ്പം ബസ്സു കയറാന്‍ നിന്ന അച്ഛനെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സദാചാരപോലീസ് ചോദ്യം ചെയ്തതും വാര്‍ത്തയായതിനും എത്രയോ മുമ്പേ തന്നെയാണ് ഗിരീഷ് ദാമോദറും ജോയ് മാത്യുവും അങ്കിള്‍ എന്ന സിനിമയെ കുറിച്ചാലോചിച്ചത്. ഇത്തരം സംഭവങ്ങള്‍ നിത്യവാര്‍ത്തകളാവുകയും ചൂടുപിടിച്ച ചര്‍ച്ചകളും ചുംബനസമരങ്ങളുമടക്കം പ്രതിരോധനിരകള്‍ ഉയരുകയും ചെയ്തിട്ടും സ്ഥിതിഗതികളില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. പോലീസു പോലും പലപ്പോഴും സദാചാര പോലീസാവുകയാണിവിടെ. അവിടെയാണ് അങ്കിള്‍ എന്ന സിനിമയുടെ പ്രസക്തി. അതിലുപരി ക്യാമറയ്ക്ക് മുന്നില്‍ നേര്‍ക്കുനേരെ നിന്ന് ഇത്തരം 'സദാചാരവാദി'കളെ ചോദ്യം ചെയ്യാനും മാനം എന്നത് അങ്ങിനെ ഇടിഞ്ഞുവീഴാനുള്ളതല്ലെന്നും പ്രഖ്യാപിക്കുന്ന അമ്മമാരുടെയും സിനിമയാണ് അങ്കിള്‍. ഞങ്ങള്‍ വെറും നമ്പരുകളല്ലെന്ന് പ്രഖ്യാപിക്കുന്ന സ്ത്രീശാക്തീകരണത്തിലേക്ക് ഈ ചിത്രത്തിലെ നായികയുടെ അമ്മയായെത്തുന്ന മുത്തുമണിയേയും നമുക്ക് ചേര്‍ത്ത് നിര്‍ത്താം. അതുകൊണ്ട് തന്നെ അമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കുമാവും ഈ ചിത്രം കൂടുതല്‍ ഇഷ്ടപ്പെടുന്നത്.

കെ.കെ എന്ന കൃഷ്ണകുമാറായി മമ്മൂട്ടിയും വിജയന്‍ എന്ന കൂട്ടുകാരനായി ജോയ് മാത്യുവും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒരു ചെറിയ ത്രെഡില്‍ നിന്നാണ് തുടങ്ങുന്നത്. അവസാനിക്കുന്നതാവട്ടെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം അനാവരണം ചെയ്തുകൊണ്ടുമാണ്. ഊട്ടിയില്‍ പഠിക്കുന്ന നായിക ശ്രുതി തമിഴ്‌നാട്ടിലെ സമരത്തെ തുടര്‍ന്ന് നാട്ടിലേക്ക് ബസ്സ് കിട്ടാതെ വിഷമിക്കുമ്പോള്‍ അച്ഛന്റെ സുഹൃത്തായ കെ കെയുടെ കാറില്‍ കോഴിക്കോടിന് തിരിക്കുന്നു. കൂട്ടുകാര്‍ക്കിടയില്‍ നല്ല ഇമേജുള്ള ആളല്ല കെ കെ. അത് അച്ഛനുണ്ടാക്കുന്ന ടെന്‍ഷനും യാത്രയ്ക്കിടയില്‍ കെ കെ യ്ക്കും ശ്രുതിയ്ക്കും ഉണ്ടാവുന്ന അനുഭവങ്ങളുമാണ് ഒരു റോഡ്മൂവി കൂടിയായ ചിത്രം. കുറേക്കാലത്തിനു ശേഷം മമ്മൂട്ടി സൂപ്പര്‍ഹീറോ പരിവേഷമണിയാത്തൊരു കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ക്ലീൻ ഇമേജ് ചിത്രത്തിന് ഭാരമായി മാറുന്നുണ്ട്. മമ്മൂട്ടിയില്‍ നിന്ന് പ്രേക്ഷകര്‍ മറിച്ച് പ്രതീക്ഷിക്കാത്തത് അദ്ദേഹത്തിന്റെ കുഴപ്പമല്ലെങ്കിലും ചിത്രത്തിലെ ടെന്‍ഷന്‍ വളര്‍ത്തുന്നതില്‍ ഇത് ഒരു വിലങ്ങ് തടി തന്നെയാണ്. പിരിമുറുക്കം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ കാതലാവേണ്ടിയിരുന്നത്. ഷട്ടറിനു ശേഷം ജോയ്മാത്യു കഥയും തിരക്കഥയും ഒരുക്കിയ ചിത്രമാണിത്. സാമൂഹികമാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തുന്ന ഇടപെടലുകളുടെ എക്സ്റ്റന്‍ഷന്‍ ഈ ചിത്രത്തില്‍ നമുക്ക് വായിച്ചെടുക്കാം.

അഴകപ്പന്റെ അഴകാര്‍ന്ന ദൃശ്യങ്ങളൊരുക്കുന്ന മനോഹരമായ പ്രകൃതി, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടി, ജോയ്മാത്യു, മുത്തുമണി എന്നിവരുടെ അഭിനയം, മമ്മൂട്ടി പാടുന്ന കള്ളുപാട്ട്...അങ്ങിനെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടകങ്ങള്‍ പലതുമുണ്ട് ചിത്രത്തില്‍. മലയാളത്തിന് പ്രതീക്ഷയുള്ള ഒരു സംവിധായകനെ ഈ ചിത്രം അവതരിപ്പിക്കുന്നുണ്ടെന്നും തീര്‍ത്തു പറയാം. 

Content Highlights: Uncle Movie Review Mammootty Joy Mathew New Malayalam Movie Review Movie Review